ഹറമൈൻ ട്രെയിൻ സർവീസ് ഒക്ടോബർ 11ലേക്ക് മാറ്റി
text_fieldsജിദ്ദ: വ്യാഴാഴാഴ്ച തുടങ്ങാനിരുന്ന ഹറമൈൻ അതിവേഗ ട്രെയിൻ സർവീസ് ഒക്ടോബർ 11 ലേക്ക് മാറ്റി. ഒക്ടോബർ നാലിന് വ്യാഴാഴ്ച മുതൽ സർവീസ് ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ട്രെയിൻ പ്രവർത്തിപ്പിക്കുന്ന സ്പാനിഷ് അലയൻസ് ‘ശഅ്ല’ കമ്പനി സമർപിച്ച പ്രവർത്തന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഒക്ട്രോബർ 11ലേക്ക് നീട്ടിവെച്ചത് എന്ന് പൊതുഗതാഗത വകുപ്പ് അറിയിച്ചു.
മക്കയിൽ നിന്ന് മദീനയിലേക്കും ആഴ്ചയിൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസുകളെന്ന് പൊതുഗതാഗത അതോറിറ്റി മേധാവി മേധാവി ഡോ.റുമൈഹ് അൽറുമൈഹ് പറഞ്ഞു. ക്രമേണ സർവീസുകളുടെ എണ്ണം വർധിപ്പിക്കും. നേരിട്ടുള്ള സർവീസിൽ മക്കയിൽ നിന്ന് മദീനയിലെത്താൻ രണ്ട് മണിക്കൂർ മതിയാകും. ജിദ്ദ, കിങ് അബ്ദുല്ല സ്റ്റേഷനുകളിൽ നിർത്തുന്ന സർവീസിൽ രണ്ട് മണിക്കൂറും 20 മിനുറ്റും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, ടിക്കറ്റ് ബുക്കിങിന് www.hhr.sa എന്ന ലിങ്ക് ഒരുക്കിയതായി അൽഹറമൈൻ എക്സ്പ്രസ് ട്രെയിൻ പദ്ധതി ജനറൽ മാനേജർ എൻജിനീയർ മുഹമ്മദ് ഫിദാ പറഞ്ഞു. കസ്റ്റമർ സർവീസിന് 920004433 എന്ന നമ്പറും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് സമയം, ടിക്കറ്റ് ചാർജ്ജ് എന്നിവ സംബന്ധിച്ച് ഇൗ നമ്പറിലൂടെ അന്വേഷിക്കാം. മക്ക,മദീന, ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലും ടിക്കറ്റ് ബുക്കിങിനും വാങ്ങുന്നതിനും സൗകര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ 25ന് ജിദ്ദയിൽ നിന്ന് മദീന വരെ യാത്ര ചെയ്ത് സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഹറമൈൻ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ രണ്ട് മാസം ടിക്കറ്റിന് പകുതി ഇളവ് നൽകിയിട്ടുണ്ട്. ടിക്കറ്റ് വിൽപനക്ക് പ്രധാന സൂഖുകളിൽ പ്രത്യേക മെഷീനുകൾ ഒരുക്കാനും പദ്ധതിയുണ്ട്. ഇതോടെ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കൽ കൂടുതൽ എളുപ്പമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.