മക്ക-മദീന പ്രതിദിന സർവിസ് 100 ആയി ഉയർത്തി ഹറമൈൻ റെയിൽവേ
text_fieldsറിയാദ്: റമദാൻ സീസണിൽ ഉംറ തീർഥാടകരുടെയും സന്ദർശകരുടെയും ഒഴുക്ക് മുൻനിർത്തി മക്ക, മദീന റൂട്ടിലെ പ്രതിദിന സർവിസ് 100 ആയി ഉയർത്തി ഹറമൈൻ റെയിൽവേ. രണ്ടു പുണ്യ നഗരങ്ങൾക്കിടയിൽ യാത്രചെയ്യുന്ന തീർഥാടകരുടെയും ജിദ്ദ നഗരത്തിലും കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലും എത്തുന്ന സന്ദർശകരുടെയും തിരക്ക് പരിഗണിച്ചാണ് പ്രതിദിന സർവിസുകളുടെ എണ്ണം വർധിപ്പിച്ചത്. റമദാൻ സീസണിൽ പ്രതിദിന സർവിസ് 100 ആയി ഉയർത്തുമെന്ന് ഹറമൈൻ റെയിൽവേ അധികൃതർ മുൻകൂട്ടി പ്രഖ്യാപിച്ച വിവരം ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
റമദാൻ മാസത്തിൽ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്തർദേശീയ വിമാനത്താവളത്തിനും മദീനയിലെ അമീർ മുഹമ്മദ് അന്തർദേശീയ വിമാനത്താവളത്തിനുമിടയിൽ യാത്രചെയ്യുന്നവർക്ക് വേണ്ടിയും ആഭ്യന്തര ഉംറ തീർഥാടകർക്കു വേണ്ടിയും വിപുലമായ ക്രമീകരണങ്ങളാണ് റെയിൽവേ ഏർപ്പെടുത്തിയിട്ടുള്ളത്.
ഉംറ തീർഥാടകരെ കൂടാതെ മക്കയിലും മദീനയിലുമെത്തുന്ന സന്ദർശകരും ജിദ്ദയിലും കിങ് അബ്ദുല്ല സാമ്പത്തിക നഗരത്തിലും വന്നുപോകുന്നവരും വലിയ തോതിൽ ഹറമൈൻ അതിവേഗ ട്രെയിനിനെ ആശ്രയിക്കുന്നതിനാൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജിദ്ദ, മക്ക, റാബിഗ്, മദീന എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ 95 ശതമാനം കൃത്യത പാലിച്ചുകൊണ്ട് സർവിസ് നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 2018 സെപ്റ്റംബറിൽ ആരംഭിച്ച ഹറമൈൻ ഇതുവരെ 25,000ത്തിൽ പരം ട്രിപ്പുകളാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.