യുനെസ്കോ പരിസ്ഥിതി സംരക്ഷണ പട്ടികയിൽ 'ഹരാത് ഉവൈരിദ്'
text_fieldsറിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ പൗരാണിക വിനോദകേന്ദ്രമായ അൽഉലയിലെ അഞ്ച് പ്രകൃതിസംരക്ഷണ കേന്ദ്രങ്ങളിൽ വലുപ്പത്തിൽ മുന്നിലുള്ള 'ഹരാത് ഉവൈരിദ്' പർവതനിരകൾ യുനെസ്കോയുടെ പരിസ്ഥിതി സംരക്ഷണപട്ടികയിൽ ഉൾപ്പെടുത്തി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഈ പർവതങ്ങൾ യുനെസ്കോയുടെ 'മാൻ ആൻഡ് ബയോസ്ഫിയർ' (എം.എ.ബി) പ്രോഗ്രാമിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ പ്രദേശമാണിത്. വംശനാശഭീഷണി നേരിടുന്ന 19 ഇനം മൃഗങ്ങളും 43 തരം പക്ഷികളും 55 ഇനം അപൂർവ സസ്യങ്ങളും ഇവിടെയുണ്ട്. അറേബ്യൻ പുള്ളിപ്പുലികളുടെ ആവാസകേന്ദ്രമായാണ് ഹരാത് ഉവൈരിദ് അറിയപ്പെടുന്നത്. ആടുവളർത്തലിലൂടെയും കാർഷികവൃത്തിയിലൂടെയും ഉപജീവനം കണ്ടെത്തുന്ന 50,000 ഗ്രാമീണർ ഈ മലനിരകളുടെ താഴ്വരയിൽ അധിവസിക്കുന്നു. 2021ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ തെക്കുപടിഞ്ഞാറൻ അതിർത്തിമേഖലയായ ചെങ്കടലിലെ 'ഫർസാൻ ദ്വീപു'കൾക്ക് ശേഷം യുനെസ്കോ 'മാൻ ആൻഡ് ബയോസ്ഫിയർ' പ്രോഗ്രാമിൽ ഉൾപ്പെടുത്തുന്ന സൗദിയുടെ മറ്റൊരു ഭൂഭാഗമാണ് 'ഹരാത് ഉവൈരിദ്.'
സൗദി ഗവൺമെന്റ് ഇതിനെ സ്വാഗതംചെയ്തു. പർവതനിരകളിൽ അധിവസിക്കുന്നവരും അവരുടെ ചുറ്റുപാടുകളും തമ്മിലുള്ള ബന്ധം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് 'മാൻ ആൻഡ് ബയോസ്ഫിയർ.' എല്ലാ രജിസ്ട്രേഷൻ മാനദണ്ഡങ്ങളും പാലിച്ചതിനുശേഷം നടന്ന യുനെസ്കോയുടെ 34ാമത് യോഗത്തിലാണ് ഹരാത് ഉവൈരിദിനെ ഉൾപ്പെടുത്തിയത്. മനുഷ്യന്റെ ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുകയും പ്രകൃതിദത്തവും നിയന്ത്രിതവുമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയുമാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.