വിദ്യാർഥികളുടെ പഠനയാത്രാ സംഘങ്ങൾക്ക് ഹറമിൽ വരവേൽപ്
text_fieldsമക്ക: വിദ്യാർഥികൾക്ക് പുതുവിജ്ഞാനം പകർന്നുനൽകാനും ഹറം പള്ളികളിൽ പാലിക്കേണ്ട മര്യാദകൾ സംബന്ധിച്ച് അവബോധമുണ്ടാക്കാനും പഠനയാത്രാസംഘങ്ങളെ സ്വാഗതം ചെയ്ത് ഇരുഹറം കാര്യാലയം. ആദ്യ സംഘത്തിന് ഹറമിൽ വരവേൽപ് നൽകി. മക്കയിലെ ഫിഖ്ർ, മവാഹിബ്, അബ്ന തുടങ്ങിയ സ്കൂളുകളിൽനിന്ന് തെരഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിച്ചു നടന്ന പഠനയാത്രാ സംഘത്തെ മസ്ജിദുൽ ഹറാമിൽ അധികൃതർ സ്വീകരിച്ചു. കുട്ടികൾ പള്ളികളിലെ മര്യാദകൾ പഠിക്കാനും കഅ്ബ പ്രദക്ഷിണം ചെയ്യുമ്പോഴും ഹറമിലെ മറ്റ് ആരാധനാനുഷ്ഠാനങ്ങൾ നിർവഹിക്കുമ്പോഴും ചെയ്യേണ്ടുന്ന കർമങ്ങൾ ശീലമാക്കാനും ഹറമിലെ വിദ്യാഭ്യാസ ടൂർ ഏറെ ഫലം ചെയ്തതായി ബന്ധപ്പെട്ടവർ വിലയിരുത്തി. സമൂഹവുമായുള്ള ഇടപെടലുകൾ, സേവന സന്നദ്ധത, സാഹോദര്യബോധം എന്നിവ വർധിപ്പിക്കാനും കുട്ടികളുടെ ഹറം സന്ദർശനം ഉപകരിച്ചു. അറിവ് പകർന്നുനൽകാനും യാത്രാനുഭവ സ്വാധീനം ചെലുത്തുന്നതുമായ രീതിയിലായിരുന്നു വിദ്യാർഥികളുടെ യാത്ര രൂപകൽപന ചെയ്തിരുന്നതെന്ന് പ്രസിഡൻസിയുടെ മീഡിയ അഫയേഴ്സ് ഏജൻസിയിൽനിന്നുള്ള നൂഫ് ഹൗസാവി പറഞ്ഞു.
മസ്ജിദിൽ പ്രവേശിക്കുന്നതിനുള്ള മര്യാദകൾ, പ്രവാചകന്മാരെക്കുറിച്ചുള്ള കഥകൾ, കുട്ടികളുടെ അറിവ് സമ്പന്നമാക്കുന്നതിനും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സംവേദനാത്മക പ്രവർത്തനങ്ങൾ എന്നിവ ടൂർ പാക്കേജിൽ ഉൾപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാമിക സംസ്കാരത്തെ കുറിച്ചും പ്രവാചക അധ്യാപനങ്ങളെകുറിച്ചും വിദ്യാർഥികൾ മനസ്സിലാക്കാനും അതുവഴി അവരുടെ വ്യക്തിത്വ വികസനത്തിനും ഉപകരിക്കുന്ന മികച്ച പദ്ധതിയാണ് ഹറമിലേക്ക് വിദ്യാർഥികൾക്ക് ഒരുക്കുന്ന വിദ്യാഭ്യാസ ടൂറുകളെന്ന് മക്ക വിദ്യാഭ്യാസ വകുപ്പിലെ സ്റ്റുഡൻറ്സ് ആക്ടിവിറ്റീസ് പ്രഫ. ഇബ്രാഹീം ഉബൈദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.