ഹരീഖ് ഓറഞ്ച് ഉത്സവത്തിന് കൊടിയിറങ്ങാൻ ഇനി ഏഴുനാൾ; നഗരിയിലേക്ക് സന്ദർശക പ്രവാഹം
text_fieldsറിയാദ്: ഓറഞ്ച് വിളവെടുപ്പുത്സവം അവസാനിക്കാൻ ഇനി ഏഴുനാൾ ബാക്കിയിരിക്കെ ഹരീഖിലേക്ക് സന്ദർശകരുടെ പ്രവാഹം. റിയാദിൽനിന്ന് 210 കിലോമീറ്റർ അകലെയുള്ള ചെറുപട്ടണമായ ഹരീഖ് ഇപ്പോൾ സന്ദർശകരാൽ നിബിഡമാണ്. വർഷത്തിൽ 10 നാൾ നാടിളക്കി ആഘോഷിക്കുന്ന ഓറഞ്ച് ഉത്സവം തിമിർക്കുന്ന തിരക്കിലാണ് ഹരീഖ് നിവാസികൾ. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ധാരാളം ആളുകളാണ് ഇങ്ങോട്ട് എത്തുന്നത്.
കോവിഡ് തീർത്ത വലിയ പ്രതിസന്ധിയുടെ ഇരുൾകാലങ്ങൾ അവസാനിക്കുന്നു എന്ന പ്രതീതിയുണർത്തുംവിധം പുതിയ പ്രതീക്ഷയുടെ ഒാറഞ്ച് നിറ ശോഭ പരന്നിരിക്കുകയാണ് ഹരീഖ് പട്ടണത്തിലെങ്ങും. അഞ്ചു വർഷമായായി ഹരീഖ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ആഘോഷത്തിന് ഇത്തവണ തിളക്കം കൂടുതലാണ്. എല്ലാ വർഷവും ഡിസംബർ-ജനുവരി മാസങ്ങളിലായി 10 ദിവസം നീളുന്ന ആഘോഷമാണ് നടക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഉത്സവത്തിന് കൊടിയിറങ്ങി അധികനാൾ കഴിയും മുമ്പാണ് കോവിഡിെൻറ ഇരുൾകാലമെത്തിയത്. എന്നാൽ, തോട്ടങ്ങളിൽ പതിവുപോലെ ഒാറഞ്ച് വിളഞ്ഞു, മൂത്ത് പാകമായി, പഴമായി. അപ്പോഴേക്കും കോവിഡ് പ്രതിസന്ധിക്കും അയവുവന്നു.
എങ്കിൽ പിന്നെ വിളവെടുപ്പ് ഉത്സവമാക്കാൻ മടിച്ചുനിൽക്കേണ്ടെന്ന തീരുമാനത്തിൽ മുനിസിപ്പാലിറ്റി ആഘോഷത്തിന് കൊടിയേറ്റി. പട്ടണത്തിലെ വിശാല മൈതാനത്ത് മുനിസിപ്പാലിറ്റി സജ്ജീകരിച്ച പ്രത്യേക നഗരിയിലാണ് ഓറഞ്ച് ഉത്സവം അരങ്ങേറുന്നത്.
എന്നാലും കോവിഡ് പ്രോേട്ടാകോൾ പാലിച്ചാണ് ആഘോഷം. ഉത്സവ നഗരിയുടെ പ്രവേശന കവാടത്തിൽ തന്നെ ആരോഗ്യ മന്ത്രാലയത്തിെൻറ ശരീരോഷ്മാവ് പരിശോധന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതടക്കം കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയേ ആളുകളെ ഉള്ളിലേക്ക് കടത്തിവിടൂ.
പ്രവേശന കവാടത്തിനിരുവശവും ഓറഞ്ചുകൊണ്ട് അലങ്കരിച്ച സ്വാഗത കവാടങ്ങൾ സന്ദർശകരുടെ മനം കവരുന്നു. സന്ദർശകരെ അറേബ്യൻ ആതിഥ്യത്തിെൻറ പാരമ്പര്യം തെറ്റിക്കാതെ ഖഹ്വയും ഈത്തപ്പഴവും നൽകിയാണ് വരവേൽക്കുന്നത്.
വിവിധയിനം ഒാറഞ്ച്, വാഴ, നാരങ്ങ, മാതളം, മുസംബി എന്നിവയുടെ തൈകൾ പ്രദർശന നഗരിയിൽനിന്ന് വാങ്ങാനാവും. ഇത്തരം നിരവധി കൗണ്ടറുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വിവിധ രുചിഭേദങ്ങളിലുള്ള ഓറഞ്ച് പഴങ്ങൾ രുചിച്ചുനോക്കാനും വാങ്ങാനും സ്റ്റാളുകൾ ഇഷ്ടംപോലെ. മുന്തിയയിനം സുഗന്ധദ്രവ്യങ്ങളുടെയും ഊദിെൻറയും സുഗന്ധം പരത്തുന്ന സ്റ്റാളുകൾ വേറെയും. തണുപ്പ് കാലമായതുകൊണ്ടുതന്നെ കോഫി, ചായ, ഖഹ്വ തുടങ്ങിയ ചൂട് പാനീയങ്ങളുടെയും ചൂടൻ പലഹാരങ്ങളുടെയും കൗണ്ടറുകൾക്ക് മുന്നിൽ നല്ല തിരക്കാണ്. ഒാറഞ്ചിനങ്ങളുടെ പ്രത്യേകതകളും കൃഷിരീതികളും പരിചയപ്പെടുത്തുന്ന സ്വദേശി കർഷകരുടെ സ്റ്റാളുകൾക്കു മുന്നിൽ കൃഷിവിജ്ഞാനത്തിൽ താൽപര്യമുള്ള ആരും ഏറെനേരം നിന്നുപോകും.
സുലഭമായ ജലസ്രോതസ്സും മണ്ണിെൻറ ഫലപുഷ്ടിയും ഹരീഖിെൻറ മണ്ണിനെ കൃഷിപ്രധാനമാക്കിയിരിക്കുന്നു. എല്ലാത്തരം കൃഷിക്കും അനുയോജ്യമാണെങ്കിലും കൂടുതലായി കൃഷി ചെയ്യുന്നത് ഓറഞ്ച് ആണ്. വർഷത്തിലൊരിക്കൽ വിളവെടുപ്പ് നടത്തുകയും അത് രാജ്യത്തിനകത്തും പുറത്തും വിറ്റഴിക്കുകയുമാണ് രീതി. ഹരീഖിലെ ഓറഞ്ചിന് വിപണിയിൽ നല്ല വില ലഭിക്കുമെന്നതും കർഷകർക്ക് കൂടുതൽ ആവേശം നൽകുന്നു. റിയാദിൽ നിന്ന് അൽഖൈർ റോഡ് വഴിയും അൽഖർജ് റോഡ് വഴിയും ഹരീഖിലേക്ക് പോകാം.ഹുത്ത ബനീ തമീം പട്ടണത്തിൽനിന്ന് 40 കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് ഹരീഖ് പട്ടണത്തിെൻറ ഒറ്റപ്പെട്ട കിടപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.