ഹരീഖ് ഓറഞ്ച് ഉത്സവത്തിന് കൊടിയിറങ്ങി
text_fieldsറിയാദ്: ജനുവരി മൂന്നിന് ആരംഭിച്ച ഹരീഖ് ഓറഞ്ച് ഉത്സവം ശനിയാഴ്ച അവസാനിച്ചു. ഈ ദിവസങ്ങളിൽ ഹരീഖിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മലയാളികളടക്കം സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരെത്തി. വർഷത്തിൽ 10 ദിവസം നാടിളക്കി ആഘോഷിക്കുന്ന ഓറഞ്ച് മേളയുടെ തിരക്കിലായിരുന്നു ഹരീഖുകാർ. ഓറഞ്ച് കൊണ്ടുള്ള സ്വാഗത കവാടങ്ങൾ സന്ദർശകരുടെ മനം കവരുന്നതായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന സന്ദർശകരെ അറബികളുടെ ആതിഥ്യ മര്യാദയുടെ ഭാഗമായ ഖഹ്വയും ഈന്തപ്പഴവും നൽകി ആദരിക്കുന്ന ഹരീഖുകാരുടെ സ്നേഹം ഏവരെയും ഈ ഉത്സവനഗരിയിലേക്ക് കൂടുതൽ അടുപ്പിച്ചു.
വിവിധയിനം ഓറഞ്ചുകൾ, വാഴ, നാരങ്ങ, മാതളം, മുസംബി തുടങ്ങിയവയുടെ ചെറുതൈകൾ വിൽക്കുന്ന വിവിധ കൗണ്ടറുകളും മേളയോടനുബന്ധിച്ച് ഉണ്ടായിരുന്നു. ചെറുതും വലുതുമായ വിവിധ രുചിഭേദങ്ങളിലുള്ള ഓറഞ്ചുകൾ രുചിച്ചുനോക്കാനും വാങ്ങുവാനും കഴിയുന്ന സ്റ്റാളുകളും ഒരുക്കിയിരുന്നു. ഇന്ത്യൻ ഊദ് അടക്കം മുന്തിയയിനം സുഗന്ധ ദ്രവ്യങ്ങളുടെയും സ്റ്റാളുകൾ നിരവധിയായിരുന്നു. തണുപ്പ് കാലമായതുകൊണ്ടു തന്നെ കോഫി, ചായ, ഖഹ്വ തുടങ്ങിയ പാനീയങ്ങളുടെയും ചൂടൻ പലഹാരങ്ങളുടെയും കൗണ്ടറുകൾക്കുമുന്നിൽ നീണ്ട നിരകളാണ് കാണപ്പെട്ടിരുന്നത്.
ഓരോ ഓറഞ്ചുകളുടെയും പ്രത്യേകതയും കൃഷി രീതികളും പരിചയപ്പെടുത്തുന്ന അനുഭവ സമ്പന്നരായ സ്വദേശി കർഷകരുടെ വിവരണങ്ങളും ആളുകളെ മേളയിലേക്ക് എത്തിച്ചു. അവസാന ദിവസങ്ങളായ വെള്ളിയും ശനിയും വൻ തിരക്കാണനുഭവപ്പെട്ടിരുന്നത്. റിയാദിൽ നിന്ന് 250 കിലോമീറ്ററകലെയുള്ള ഹരീഖ്, മധ്യപ്രവിശ്യയിലെ ഏറ്റവും താഴ്ന്ന ഭാഗത്താണ്. ഏറക്കുറെ എല്ലാത്തരം കൃഷിക്കും അനുയോജ്യമായ മണ്ണാണ് ഇവിടുത്തെ പ്രത്യേകത. ജലസ്രോതസ്സും മണ്ണിന്റെ ഫലഭൂയിഷ്ടതയും കൂടിയുള്ള ഇവിടെ കൂടുതലായി ഓറഞ്ചാണ് കൃഷിചെയ്യുന്നത്. വർഷത്തിൽ ഡിസംബർ ജനുവരി മാസങ്ങളിലാണ് ഈ മേഖലയിൽ വിളവെടുപ്പ്. അതിനോടനുബന്ധിച്ചാണ് ഓറഞ്ച് ഉത്സവവും നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.