‘ഹാർമോണിയസ് കേരള’ ആവേശച്ചൂടിൽ ജിദ്ദ നഗരം, ഒരുക്കം പുരോഗമിക്കുന്നു
text_fieldsജിദ്ദ: ഗൾഫ് രാജ്യങ്ങളിലെ മുൻനിര പത്രം ‘ഗൾഫ് മാധ്യമ’വും ‘മീഫ്രണ്ട്’ ആപ്പും ചേർന്നൊരുക്കുന്ന ഒരുമയുടെ ഉത്സവമായ ‘ഹാർമോണിയസ് കേരള’യുടെ ആവേശച്ചൂടിൽ ജിദ്ദ നഗരം. പരിപാടിയുടെ പ്രഖ്യാപനം വന്നതോടെ പുതിയൊരു കലാസംഗീത സായാഹ്നത്തിനായി കാത്തിരിക്കുകയാണ് ജിദ്ദയിലെ മലയാളി സമൂഹം. വിവിധ കലാകായിക വിനോദപരിപാടികൾക്ക് വേദിയായിട്ടുള്ള ചെങ്കടൽതീരം തീർത്തും വേറിട്ടൊരു ഉത്സവത്തിന്റെ നിറവിലാറാടാൻ ഒരുങ്ങവേ സാഘോഷം വരവേൽക്കാനുള്ള തയാറെടുപ്പിലാണവർ.
ഫെബ്രുവരി 24ന് വിശാലമായ ഇക്വസ്ട്രിയൻ മൈതാനത്താണ് മാനവികതയും ഒരുമയും വിളംബരം ചെയ്യുന്ന ആ മഹാമേളയുടെ അരങ്ങേറ്റം. ‘ഗൾഫ് മാധ്യമ’ത്തിനു കീഴിൽ വേറിട്ട അനുഭവവും ആസ്വാദനവും സമ്മാനിച്ച പല മെഗാപരിപാടികൾക്കും ഗൾഫ് രാജ്യങ്ങൾ സാക്ഷിയായിട്ടുണ്ട്.
ഓരോ പരിപാടിയും വലിയ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. അതിന്റെ തുടർച്ചയാണ് ജിദ്ദയിൽ ചലച്ചിത്ര, സംഗീത, ഹാസ്യകലാ രംഗത്തെ സെലിബ്രിറ്റികളെ അണിനിരത്തി ‘ഹാർമോണിയസ് കേരള’ എന്ന ഒരുമയുടെ മഹാ ഉത്സവത്തിന് വേദിയൊരുക്കുന്നത്.
ചലച്ചിത്ര യുവതാരം ടൊവിനോ മുഖ്യാതിഥിയായ ഹാർമോണിയസ് കേരളയിൽ ഗായകരായ സിത്താര, സനാ മെയ്തുട്ടി, സൂരജ് സന്തോഷ്, കണ്ണൂർ ശരീഫ്, ജാസിം ജമാൽ, നർത്തകൻ റംസാൻ, മിമിക്രി കലാകാരൻ മഹേഷ്, വയലിനിസ്റ്റ് രൂപ രേവതി, അവതാരകൻ മിഥുൻ രമേശ് തുടങ്ങി ചലച്ചിത്ര, സംഗീത, മിമിക്സ് രംഗത്തെ 30ഒാളം കലാകാരന്മാർ അണിനിരക്കും. മാനവികതയുടെ ഒരുമക്കായി സംഘടിപ്പിക്കുന്ന മെഗാ ഉത്സവം ജിദ്ദയിലെ മലയാളി സമൂഹത്തിന് വേറിട്ട നവ്യാനുഭവമാക്കാനുള്ള ഒരുക്കമാണ് പുരോഗമിക്കുന്നത്.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വിവിധ പരിപാടികളിലൂടെ കാണികളുടെ ഹൃദയംകവർന്ന കലാകാരന്മാരാണ് ഹാർമോണിയസ് കേരള വേദിയിൽ പ്രവാസി മലയാളികൾക്ക് വിനോദത്തിന്റെ പുത്തൻ അനുഭവം പകരാനെത്തുന്നത്.
കലാകാരന്മാരിൽ അധികവും ജിദ്ദക്ക് പുതുമുഖങ്ങളാണെന്നതാണ് ശ്രദ്ധേയം. കോവിഡ് പ്രതിസന്ധികൾക്കിടയിൽ പ്രവാസികൾക്ക് നഷ്ടപ്പെട്ടുപോയ ആഘോഷരാവുകളെ വീണ്ടും സംഗീതസാന്ദ്രമാക്കുന്ന വേദിയായിരിക്കും ഹാർമോണിയസ് കേരള. സംഗീതത്തിന്റെ പല വഴികളിലൂടെയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെയും ശബ്ദാനുകരണത്തിന്റെ അതിശയ പ്രകടനത്തിലൂടെയും സൗദിയുടെ പടിഞ്ഞാറൻ മേഖലയിലെ മലയാളികൾക്ക് ആസ്വാദനത്തിന്റെ കുളിരുകോരിയിടുന്ന ഒരു ആഘോഷരാവ് ഒരുക്കുകയാണ് ഹാർമോണിയസ് കേരളയിലൂടെ ഗൾഫ് മാധ്യമവും മീഫ്രണ്ടും. 40 റിയാൽ മുതൽ 300 റിയാൽ വരെ നാലു കാറ്റഗറികളിലാണ് ടിക്കറ്റ് ഏർപ്പെടുത്തിയിരിക്കുന്നത്.
ടിക്കറ്റിന് കുറഞ്ഞ നിരക്ക് നിശ്ചയിച്ചതിലൂടെ മുഴുവൻ പ്രവാസി മലയാളികൾക്കും ഹാർമോണിയസ് കേരളയുടെ ഭാഗമാകാൻ അവസരമൊരുക്കുകയാണ്. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫെബ്രുവരി 24ന് വൈകീട്ട് ഇക്വസ്ട്രിയൻ മൈതാനത്തേക്ക് സൗജന്യ ബസ് സർവിസും ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.