ഹാർമോണിയസ് കേരള; മഹോത്സവത്തിന് ഹരമേറ്റാൻ മിഥുനെത്തും
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യ കാത്തിരിക്കുന്ന ‘ഹാർമോണിയസ് കേരള’ എന്ന ഒരുമയുടെ മഹോത്സവത്തിന് അവതാരകനായെത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട റേഡിയോ, ടെലിവിഷൻ അവതാരകനും ചലച്ചിത്ര നടനുമായ മിഥുൻ രമേഷാണ്. ചലച്ചിത്ര താരങ്ങളായ ആസിഫ് അലിയും നിഖില വിമലും സിത്താര കൃഷ്ണകുമാറും മധു ബാലകൃഷ്ണനും യുവ കലാകാരൻമാരും അരങ്ങിന് പൊലിമ പകരുന്ന ദമ്മാം ലൈഫ് പാർക്കിലെ ആംഫി തിയറ്ററിലാണ് മുഴുനീള അവതാരകനായി മിഥുൻ ആരവം തീർക്കുക.
നവംബർ 29ന് വൈകീട്ട് ഏഴ് മുതൽ ആരംഭിക്കുന്ന പരിപാടിയുടെ കടിഞ്ഞാൺ മിഥുന്റെ വാക്കുകൾക്കും വപുസ്സിനുമാകും. ദമ്മാം കണ്ടതിൽവെച്ച് ഏറ്റവും സുന്ദര സായാഹ്നത്തിന് സാക്ഷിയാവാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മലയാള വിനോദ വ്യവസായത്തിൽ ഊഷ്മളതയും വൈവിധ്യവും അപാരമായ പ്രതിഭയും കൊണ്ട് പ്രതിധ്വനിക്കുന്ന പേരാണ് മിഥുൻ രമേഷ്. ഏവർക്കും വല്ലാതെ ഇഷ്ടം തോന്നുന്ന വ്യക്തിത്വത്തിനും സ്വാഭാവികതക്കും പേരുകേട്ട മിഥുൻ ഒരു നടനായും അവതാരകനായും മലയാളികൾക്കിടയിൽ തേൻറതായ ഇടം നേടി.
2000ൽ ഫാസിൽ സംവിധാനം ചെയ്ത ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. മോഹൻലാലിനൊപ്പം സ്ക്രീൻ പങ്കിട്ട മിഥുെൻറ പ്രകടനം ശ്രദ്ധിക്കപ്പെടുന്നതായി. ദിലീപിെൻറ ‘വെട്ടം’ സിനിമയിലും വേഷം ഗംഭീരമാക്കി. തുടക്കത്തിൽതന്നെ നിരവധി സിനിമകളിലൂടെ മിഥുൻ പരിചിതമുഖമായി മാറി. ലൈഫ് ഈസ് ബ്യൂട്ടിഫുൾ മുതൽ പാലും പഴവും വരെ 37-ഓളം സിനിമകളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തെൻറ വേഷങ്ങളിൽ ആധികാരികതയും നർമവും കൊണ്ടുവരാനുള്ള കഴിവ് അദ്ദേഹത്തെ വ്യത്യസ്തനാക്കി.
അതിനിടെ യു.എ.ഇയിലെത്തിയ മിഥുൻ അവിടെയും പുതിയ ചക്രവാളങ്ങൾ കണ്ടെത്തി. ദുബൈ ഹിറ്റ് എഫ്.എമ്മിൽ ചേർന്ന അദ്ദേഹം വളരെ വേഗം പ്രവാസികളുടെ പ്രിയപ്പെട്ട റേഡിയോ ജോക്കിയായി. ഒരു അവതാരകനെന്ന നിലയിൽ തമാശയും സ്വതസിദ്ധവും ആകർഷകവുമായ ശൈലിയും ഷോകളെ വളരെയധികം ജനപ്രിയമാക്കി. യു.എ.ഇ സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഒരു പരിപാടിയുടെ അവതാരകനാവാൻ കഴിഞ്ഞത് കരിയറിലെ ഏറ്റവും വലിയ നേട്ടമായി.
കേരളത്തിലേക്ക് മടങ്ങിയെത്തിയ മിഥുൻ രമേഷ് ചാനൽ റിയാലിറ്റി ഷോയായ ‘കോമഡി ഉത്സവത്തി’െൻറ അവതാരകനായി പുതിയ വേഷം സ്വീകരിച്ചു. ഈ ഷോ വൻ ഹിറ്റായി. ഇത് കരിയറിൽ തിളക്കമേറിയ അധ്യായങ്ങൾ സമ്മാനിച്ചു. മികച്ച അവതാരകനെന്ന നിലയിൽ സ്ഥാനം ഉറപ്പിക്കുക മാത്രമല്ല വ്യത്യസ്ത മാധ്യമങ്ങളിൽ വിനോദം പങ്കിടാനുള്ള കഴിവ് ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു.
മിഥുൻ രമേഷിെൻറ വിജയത്തിന് പിന്നിൽ പിന്തുണയുടെ ശക്തിസ്തംഭമായി നിലകൊള്ളുന്നതാണ് ഭാര്യ ലക്ഷ്മി. കലാകാരിയും അഭിനേത്രിയുമാണ് ലക്ഷ്മി. ഇരുവർക്കും തൻവി എന്നൊരു മകളുണ്ട്. ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന പരിപാടികളുടെ സ്ഥിരം അവതാരകനാണ് മിഥുൻ. സൗദി അറേബ്യയിൽ അരങ്ങേറ്റം കുറിച്ചത് പതിനായിരങ്ങളെ സാക്ഷിയാക്കി റിയാദിൽ ഗൾഫ് മാധ്യമം ഒരുക്കിയ ‘അഹ്ലൻ കേരള’ സാംസ്കാരികോത്സവത്തിലൂടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.