ഹാർമോണിയസ് കേരള; അരങ്ങൊരുങ്ങി, ഒരുമയുടെ ആരവമുയരാൻ മണിക്കൂറുകൾ മാത്രം
text_fieldsദമ്മാം: പ്രവാസത്തിന്റെ നോവും നൊമ്പരങ്ങളും ആധിയും സ്വപ്നങ്ങളും കൂട്ടിപ്പിടിച്ച് മാറിമാറി വരുന്ന കൊടും ശൈത്യത്തിനും കഠിന താപത്തിനുമിടിയിലൂടെ ദുഃഖ തുരുത്തുകളിലേക്ക് ഒറ്റപ്പെടുന്ന പ്രവാസികൾക്ക് പ്രതീക്ഷകളുടെ ചിറകും അവകാശ ബോധത്തിന്റെ ആകാശവും ചേർത്തുപിടിക്കലിന്റെ സ്നേഹവുമായി മാറി 25 വർഷം പിന്നിടുന്ന ‘ഗൾഫ് മാധ്യമ’ത്തിന്റെ രജത ജൂബിലി ആഘോഷം ദമ്മാമിൽ അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഒരുമയുടെ മഹോത്സവമായ ‘ഹാർമോണിയസ് കേരള’ വെള്ളിയാഴ്ച ദമ്മാം ലൈഫ് പാർക്കിലെ ആംഫി തിയറ്ററിൽ ആഘോഷ രാവൊരുക്കും.
പ്രതിസന്ധികളിലും ആഘോഷങ്ങളിലും കരം കോർക്കുന്ന മലയാള മാനവികതക്ക് ആദരമർപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരുക്കം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. അഞ്ച് വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ടിക്കറ്റുകൾ നേടാൻ അവസാന സമയങ്ങളിലും ആളുകൾ തിരക്കുകൂട്ടുകയാണ്.
കഴിഞ്ഞ കാലങ്ങളിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച പരിപാടികളുടെ മികവറിയുന്നതിനാൽ ആളുകൾ കൂടുതൽ പ്രതീക്ഷകളോടെയാണ് ഹാർമോണിയസ് കേരളയിൽ എത്താനൊരുങ്ങുന്നതും.
അഭിനയ ചാതുരിയും നിലപാടുകളും കൊണ്ട് ഏറെ ശ്രദ്ധേയരായ ആസിഫ് അലി, നിഖില വിമൽ എന്നിവരുടെ നേതൃത്വത്തിൽ മുതിർന്ന ഗായകരായ മധു ബാലകൃഷ്ണൻ, സിതാര കൃഷ്ണകുമാർ എന്നിവരുൾപ്പെടെ മികച്ച കലാകാരന്മാരുടെ വൻ നിരയാണ് മഹോത്സവത്തിൽ ഒരുമിക്കുന്നത്. ഒപ്പം യുവമാനസങ്ങളടക്കം എല്ലാവിഭാഗം ആസ്വാദകരുടെയും പ്രിയം നേടിയ അഞ്ച് യുവ ഗായകരും.
അനുകരണകലയിൽ വിരസത സൃഷ്ടിക്കാതെ ചിരിമഴ പെയ്യിക്കാൻ കഴിവുള്ള മഹേഷ് കുഞ്ഞുമോന്റെ ഒറ്റയാൾ പ്രകടനം ഹാർമോണിയസ് കേരളയുടെ മറ്റൊരു പ്രത്യേകതയാണ്. പഴയ ഗ്രീസ് റോമൻ നാടകങ്ങൾ അരങ്ങേറിയിരുന്ന മൂന്ന് വശങ്ങളിൽനിന്നും സുഗമമായി കാണാൻ കഴിയുന്ന തരത്തിൽ സംവിധാനിച്ചിട്ടുള്ള ആംഫി തിയറ്റർ ഹാർമോണിയസ് കേരളയുടെ കാഴ്ചക്കാർക്ക് പുതിയ അനുഭവം സമ്മാനിക്കും.
തിയറ്ററുകളിലേതുപോലെ തട്ടുതട്ടായി ക്രമീകരിച്ചിരിക്കുന്ന സീറ്റുകൾ ഏറ്റവും അവസാനമെത്തുന്ന ആൾക്കും സ്റ്റേജിലെ പരിപാടികൾ കൃത്യമായി കാണുന്നതിന് സൗകര്യപ്രദമാകും. വ്യാഴാഴ്ചയോടെ താരങ്ങൾ ദമ്മാമിലെത്തും. അവസാന നിമിഷങ്ങളിൽ ടിക്കറ്റുകൾ കരസ്ഥമാക്കാനുള്ള ഓട്ടത്തിലാണ് പ്രവാസികൾ. പലയിടങ്ങളിലും ടിക്കറ്റുകൾ തീർന്നുപോയിയെന്ന പരിഭവവും ഉയരുന്നുണ്ട്. ഏതായാലും മണിക്കൂറുകൾക്കകം ദമ്മാമിൽ ഒരുമയുടെ സിംഫണി മുഴങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.