പുത്തൻ താരോദയങ്ങളുടെയും ആഘോഷരാവ്
text_fieldsജുബൈൽ: കാലാതീതമായ ഈണങ്ങളെ സംഗീതലോകത്തെ പുതിയ പ്രവണതകളുമായി സമന്വയിപ്പിച്ചാണ് പ്രവാസി മലയാളികൾക്കായി ഹാർമോണിയസ് കേരള ഒരുക്കിയിരിക്കുന്നത്. ന്യൂ ജെൻ ഗായകരായ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ ഒമ്പതിൽനിന്നുള്ള ഫൈനലിസ്റ്റുകൾ കൂടി ചേർന്ന് ആസ്വാദകർക്ക് സംഗീത മധുരം പകരും.
ശബ്ദ സൗകുമാര്യം വഴിഞ്ഞൊഴുകുന്ന പാലക്കാട്ടുകാരൻ അരവിന്ദും സ്ഫടിക തുല്യ ശബ്ദത്തിനുടമയായ ദുബൈയിൽനിന്നുള്ള ദിഷയും ഓഡിഷൻ റൗണ്ടിലെ ‘കളിപ്പാട്ടമായ് കണ്മണി’ എന്ന ഗാനം മുതൽ ടെലിവിഷൻ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ജനപ്രിയൻ തൃശൂർക്കാരൻ ശ്രീരാഗും അപാരമായ വോക്കൽ റേഞ്ചുള്ള എറണാകുളത്തുകാരി നന്ദയും എനർജറ്റിക് പെർഫോമറും ‘ഹരി മുരളീ രവം...’ പോലുള്ള സങ്കീർണമായ ഗാനങ്ങൾ പോലും അനായാസമായി ആലപിക്കുന്ന പാലക്കാട്ടുകാരനായ ബൽറാമും ഒത്തുചേരുമ്പോൾ കാണികൾ കടലലകൾ പോലെ ഇളകി മറിയും.
സ്റ്റാർ സിംഗർ സീസൺ ഒമ്പതിലെ വിജയിയും അതുല്യമായ ആലാപന ശൈലി കൊണ്ട് മലയാളിയുടെ ഹൃദയം കവർന്ന മത്സരങ്ങളിലുടനീളം ആരാധകരുടെ പ്രതീക്ഷകൾക്കൊത്തുയർന്ന അരവിന്ദായിരിക്കും പരിപാടിയുടെ ശ്രദ്ധാകേന്ദ്രം. സ്റ്റാർ സിംഗർ ഒമ്പതാം സീസൺ ഫൈനലിൽ അതിശയകരായ പ്രകടനമാണ് അരവിന്ദ് പുറത്തെടുത്തത്. രണ്ട് റൗണ്ടുകളായി നടന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയാണ് അരവിന്ദ് വിജയിയായത്.
ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നതിനാൽ അവസാനം വരെ ആകാംക്ഷാഭരിതമായ നിമിഷങ്ങൾ മത്സരങ്ങൾ സമ്മാനിച്ചു. ഹരിഹരൻ, കെ.എസ്.ചിത്ര, സുജാത, സിതാര കൃഷ്ണകുമാര്‍, വിധു പ്രതാപ് എന്നിവരായിരുന്നു ഫൈനലിലെ ജഡ്ജുമാർ. ബോളിവുഡ് നടി വിദ്യാ ബാലൻ, സംഗീതജ്ഞൻ സ്റ്റീഫന്‍ ദേവസ്യ തുടങ്ങിയ സിനിമാ രംഗത്തെ നിരവധി പ്രമുഖരും അങ്കമാലിയിൽ നടന്ന പരിപാടിക്ക് സാക്ഷ്യം വഹിച്ചിരുന്നു.
ഒന്നര വർഷത്തോളം നീണ്ട സംഗീത യാത്രക്കിടയിൽ പൂത്തുലഞ്ഞ നൈർമല്യമുള്ളസൗഹൃദങ്ങളുടെ കഥയും പറയാനുണ്ട് ഈ യുവഗായകർക്ക്. മത്സരാർഥികളും ജഡ്ജുമാരും പ്രോഗ്രാം ടീമുമായുള്ള ആത്മബന്ധം പരിപാടിക്ക് ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. ശ്രീരാഗിനും ദിശക്കും കഴിഞ്ഞ ഡിസംബറിൽ ചെന്നൈയിൽ നടന്ന ഇളയരാജ സംഗീത കച്ചേരിയിൽ പാടാൻ അവസരം ലഭിച്ചു. നിരവധി അവസരങ്ങളാണ് കേരളത്തിലും ഗൾഫ് നാടുകളിലുമൊക്കെ ഇവർക്കായി കാത്തിരിക്കുന്നത്.
യുവതക്കിടയിൽ സ്നേഹമുത്തുകളായി മാറിയ ഈ ഗായകരുടെ സ്റ്റാർ സിംഗറിൽ ആലപിച്ച ഗാനങ്ങളിൽ പലതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വൈവിധ്യമാർന്ന ആലാപന ശൈലികൾ കൊണ്ട് സ്റ്റാർ സിംഗർ ഫൈനലിസ്റ്റുകളുടെ മാസ്മരിക പ്രകടനം വിധികർത്താക്കളെ പോലും അക്ഷരാർഥത്തിൽ അമ്പരപ്പെടുത്തി. ജനപ്രിയ ഗാനങ്ങൾ പുത്തൻ തലമുറയിലൂടെ നവസ്വരങ്ങളായി മാറുന്ന അപൂർവ നിമിഷങ്ങളാണ് വരാനിരിക്കുന്നത്.
ഏറെ നാളത്തെ തയാറെടുപ്പോടെയാണ് ഹാർമോണിയസ് കേരള അരങ്ങേറുന്നത്. അത്യാധുനിക സ്റ്റേജ് ക്രമീകരണങ്ങളോടെ ഏത് ശ്രേണിയിലുള്ള ടിക്കറ്റ് നേടിയവർക്കും പരിപാടി നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയുന്നതരത്തിൽ ആവിഷ്കരിച്ചിട്ടുള്ള കലാസന്ധ്യ കിഴക്കൻ പ്രവിശ്യക്കൊരു വിസ്മയ സമ്മാനമായിരിക്കും.
എല്ലാ പ്രായത്തിലുമുള്ളവർക്കും അനുഭവിച്ചറിയാൻ ഹൃദ്യമായ കലാവിരുന്നാണ് ഒരുക്കിയിട്ടുള്ളത്. ജാതി-മത-വർഗ ഭേദങ്ങൾക്കപ്പുറം സ്നേഹസമ്പന്നമായ മലയാളി സംസ്കാരത്തെ ഈന്തപ്പനയുടെ നാടിന് ഹൃദയസ്പൃക്കായ പരിചയപ്പെടുത്തൽ കൂടിയാകും ഈ മേള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.