ഹാർമോണിയസ് കേരള: ഒരുമയുടെ മഹോത്സവം ഹൃദയത്തിലേറ്റി ആയിരങ്ങൾ
text_fieldsദമ്മാം:ഹൃദയരാഗങ്ങളുടെ ശ്രുതി ചേർന്നൊഴുകിയ ഒരുമയുടെ മഹോത്സവത്തിന് ദമ്മാമിന്റെ കരൾ ഭൂമിക സാക്ഷിയായി. ലൈഫ് പാർക്കിലെ ആംഫി തിയറ്ററിൽ തണുപ്പ് മറികടന്നെത്തിയ സഹസ്രങ്ങൾ ഒന്നിച്ചുണർത്തിയ സ്നേഹ സിംഫണിയുടെ അലയൊലികൾ വർത്തമാനത്തിന്‍റെ ഇരുട്ടുകൾ ഭേദിച്ച് മുഴങ്ങിക്കൊണ്ടേയിരുന്നു.
ഭേദങ്ങളുടെ അതിരുകൾ മായിച്ച്, മനസ്സുകൾക്കിടയിൽ ഉയർത്താൻ ശ്രമിക്കുന്ന ഇരുൾ മതിലുകൾ പൊളിച്ചുകളഞ്ഞ് പ്രതിസന്ധികളിലും ആഘോഷങ്ങളിലും കരം കോർക്കുന്ന മലയാള മാനവികതക്ക് ആദരമായി ഒരുമയുടെ മഹോത്സവം ‘ഹാർമോണിയസ് കേരള’ ആയിരങ്ങൾ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി.
ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ദിനപത്രം ഗൾഫ് മാധ്യമം പ്രവാസ മലയാളികളുടെ ജീവിതഭാഗമായതിെൻ 25ാം വാർഷിക വേളയുടെ ഭാഗമായി സംഘടിപ്പിച്ച ഹാർമോണിയസ് കേരള ദമ്മാമിന് വ്യത്യസ്തമായ അനുഭവമാണ് പകർന്നേകിയത്. ഏഴുമണിയോടെ ചടങ്ങുകൾക്ക് തുടക്കമായി.
കാലത്തിന്റെ അതിരുകൾ ഭേദിച്ച് കടൽപരപ്പ് കടന്ന് ഒരു മലയാള പത്രം, അതിജീവനം തേടിപ്പോയ മലയാളികളുടെ പ്രതീക്ഷയും സ്വരവുമായി വളർന്നതിെൻറ കാൽനൂറ്റാണ്ടിെന്റ ചരിത്രം പറയുന്ന വിഡിയോ പ്രദർശനമായിരുന്നു ആദ്യം.
തുടർന്ന് മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻ ഡയറക്ടർ സലീം അമ്പലൻ, മുഖ്യാതിഥി സൗദി നടനും സംവിധായകനുമായ മുഹമ്മദ് സമീർ അൽ നാസർ, മൂലൻസ് ഗ്രൂപ് പ്രതിനിധി റോയിസ്, ഗൾഫ് മാധ്യമം ജനറൽ മാനേജർ ഹാഷിം അൽ അത്താസ്, ലുലു റീജനൽ മാനേജർ സലാം സുലൈമാൻ, ഹോട്ട്പാക് വൈസ് പ്രസിഡന്റ് സുഹൈൽ അബ്ദുല്ല, റെദ ഹസാർഡ് കൺട്രോൾ ഡയറക്ടർ എ.ആർ. മാഹീൻ.
ഗൾഫ് മാധ്യമം ചീഫ് പേട്രൻ നജ്മുദ്ദീൻ, ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ കെ.എം. ബഷീർ, ഗൾഫ് മാധ്യമം കിഴക്കൻപ്രവിശ്യ പേട്രൻ അൻവർ ഷാഫി, ഹാർമോണിയസ് കേരള പ്രോഗ്രാം കൺവീനർ റഷീദ് ഉമർ, ഹാമോണിയസ് കേരള കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എ.കെ. അസീസ് എന്നിവർ വേദിയിലെത്തി. തുടർന്ന് സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു. ഹാർമോണിയസ്
കേരളയോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’പുറത്തിറക്കിയ ‘കിഴക്കൊരുമ’ സപ്ലിമെന്റ് സൗദി നടനും സംവിധായകനുമായ മുഹമ്മദ് സമീർ അൽ നാസർ സി.ഇ.ഒ പി.എം. സാലിഹിന് നൽകി പ്രകാശനം ചെയ്തു. സൗദിയുടെ സമ്പന്നതയുടെ നീരൊഴുക്കിന് തുടക്കമിട്ട കിഴക്കൻ പ്രവിശ്യയിലെ എണ്ണക്കിണർ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് പ്രവാസത്തിന്റെ പ്രതീക്ഷകളാണ് പകർന്നുനൽകിയതെന്ന് തുടർന്ന് സംസാരിച്ച സി.ഇ.ഒ പി.എം. സാലിഹ് പറഞ്ഞു.
ഗൾഫ് പകർന്നേകിയ സ്നേഹവും സൗഹൃദവും കൂട്ടിപ്പിടിക്കലും മലയാള ജീവിതത്തിെൻറ മാതൃകകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനോഹരമായ കേരളം പോലെ സുന്ദരമാണ് മലയാളികളെന്നും കലയും സംസ്കാരവും വളർത്തുന്നതിൽ അവരുടെ പങ്കുകൾ പ്രശംസനീയമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യാതിഥി സമീർ അൽ നാസർ പറഞ്ഞു.
തുടർന്ന് ലുലു, മൂലൻസ് ഗ്രൂപ്, ഹോട്പാക്, റെദ എന്നിവർക്കുള്ള മെമന്‍റോകൾ സമ്മാനിച്ചു. സ്വന്തം പരിശ്രമത്തിലൂടെ സൗദിയിൽ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയവർക്ക് ഗൾഫ് മാധ്യമം നൽകുന്ന അറേബ്യൻ ലഗസി അച്ചീവ് മെൻറ് അവാർഡ് ഡോ. ശ്രീരാജ് ചെറുകാട്ടിന് സമീർ അൽ നാസർ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.