ഹാർമോണിയസ് കേരള: ഒരുമയുടെ ഉത്സവം സൂപ്പറാക്കാൻ ആസിഫ് അലി
text_fieldsദമ്മാം: ‘ഗൾഫ് മാധ്യമം’ രജതജൂബിലി ഭാഗമായി നവംബർ 29ന് ദമ്മാം ആംഫി തിയറ്ററിൽ അരങ്ങേറുന്ന ഒരുമയുടെ ഉത്സവമായ ‘ഹാർമോണിയസ് കേരള’ സൂപ്പറാക്കാൻ മലയാളത്തിന്റെ യങ് സൂപ്പർ സ്റ്റാർ ആസിഫ് അലി എത്തും. സൗദിയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യവരവ് കൂടിയാണിത്.
അഭിനയത്തികവ് കൊണ്ടും നിലപാടുകളുടെ വ്യത്യസ്തത കൊണ്ടും എളിമയാർന്ന സ്വഭാവസവിശേഷതയാലും മലയാളികളുടെ ഇഷ്ട നടനായി മാറിയ ആസിഫ് അലിക്ക് പ്രവാസ ഭൂമികയിലും ആരാധകർ ഏറെയാണ്.
ദമ്മാമിലെ ആംഫി തിയറ്ററിൽ ഒരുങ്ങുന്ന ഹാർമോണിയസ് കേരളയിലേക്ക് കലാസ്വാദകരെ ഏറെ ആകർഷിക്കുന്നതിലെ പ്രധാന ഘടകം ആസിഫ് അലിയുടെ സാന്നിധ്യം കൂടിയാണ്. ഏത് വേഷത്തിലേക്കും കൃത്രിമത്വമില്ലാതെ പകർന്നാടാനുള്ള ആസിഫിന്റെ കഴിവാണ് അദ്ദേഹത്തിന് മലയാള സിനിമലോകത്ത് സ്വന്തമായ ഇരിപ്പിടം നേടിക്കൊടുത്തത്.
സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണനുമായുള്ള പ്രശ്നത്തിൽ ആസിഫ് അലി പുലർത്തിയ പക്വമായ നിലപാട് അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കി.
സത്യൻ അന്തിക്കാടിന്റെ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സമയത്ത് മോഹൻലാലിനെപ്പോലെ അനായാസം അഭിനയിക്കാൻ കഴിവുള്ള ഒരു നടൻ ദാ ഇവിടെയുണ്ട് എന്ന് സത്യൻ അന്തിക്കാട് മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയത് പിന്നീട് സത്യമാവുകയായിരുന്നു.
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ ജനിച്ച ആസിഫ് അലി ഇടുക്കി ജില്ലയിലെ തൊടുപുഴക്ക് സമീപമുള്ള കാരിക്കോടാണ് വളർന്നത്. തൊടുപുഴയിലെ മുൻ മുനിസിപ്പൽ ചെയർമാൻ എം.പി. ഷൗക്കത്ത് അലിയുടെയും മോളിയുടെയും മകനാണ്.
തൊടുപുഴ ഡീപോൾ പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ പുത്തൻകുരിശ് രാജർഷി മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുട്ടിക്കാനം മരിയൻ കോളജിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി. ബിരുദ പഠനകാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വിഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തിരുന്നു.
‘ഹിമമഴയിൽ’ എന്ന ആൽബത്തിൽ ആസിഫ് അലി അഭിനയിച്ച ‘ആദ്യമായി’ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലെ ‘സണ്ണി ഇമ്മട്ടി’ എന്ന കഥാപാത്രമായി ആസിഫ് അലിയെ തിരഞ്ഞെടുക്കാൻ ഇത് കാരണമായി.
രണ്ടാമത്തെ ചിത്രമായിരുന്നു സത്യൻ അന്തിക്കാടിന്റെ 50ാം ചിത്രം കൂടിയായ ‘കഥ തുടരുന്നു’. ജയറാം, മമ്ത മോഹൻദാസ് എന്നീ താരങ്ങളുടെ കൂടെ പ്രധാന വേഷമായിരുന്നു അതിൽ. സിബി മലയിൽ സംവിധാനം ചെയ്ത ‘അപൂർവരാഗ’മായിരുന്നു മൂന്നാമത്തെ ചിത്രം. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇത് നമ്മുടെ കഥ, വയലിൻ എന്നീ സിനിമകളിൽ നായകനായി.
ട്രാഫിക്, സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ കൂടുതൽ ശ്രദ്ധേയനായി. ഉന്നം, ഓർഡിനറി, ബാച്ച്ലർ പാർട്ടി, ഹണീ ബീ എന്നിവയും ശ്രദ്ധിക്കപ്പെട്ടു. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രം സാമൂഹിക പ്രസക്തമായ വിഷയം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഏഷ്യാനെറ്റ് ഫിലിം അവാർഡ്, വനിത ഫിലിം അവാർഡ്, കൈരളി ഫിലിം അവാർഡ്, കന്യക മിന്നലെ അവാർഡ്, ജയ്ഹിന്ദ് ടി.വി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ഈ യുവ നടനെ തേടിയെത്തിയിട്ടുണ്ട്. കണ്ണൂർ സ്വദേശിനി സമാ മസ്രീൻ അലിയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.