ഹാർമോണിയസ് കേരള: ഒഴുകിയെത്തി, ഹൃദയം നിറച്ച് ആസ്വാദകർ
text_fieldsജിദ്ദ: കലയുടെ കേളികൊട്ടുണരും മുേമ്പ ആയിരങ്ങളാണ് ഒഴുകിയെത്താൻ തുടങ്ങിയത്. ‘ഗൾഫ് മാധ്യമ’വും ‘മീ ഫ്രണ്ട്’ ആപ്പും സംയുക്തമായി ഒരുക്കിയ ‘ഹാർമോണിയസ് കേരള’ മെഗാ ഷോ അരങ്ങേറിയ ജിദ്ദ ഇക്വസ്ട്രിയൻ ഗ്രൗണ്ടിലേക്ക് പരിപാടി ആരംഭിക്കുന്നതിനും മണിക്കൂറുകൾക്ക് മുമ്പേ നഗരത്തിന്റെ നാനാഭാഗത്തുനിന്ന് ആളുകൾ പ്രവഹിച്ചു. വൈകീട്ട് നാലോടെ തന്നെ ഉത്സവ നഗരിയിലേക്ക് കുടുംബങ്ങളും വ്യക്തികളും വന്നുനിറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പേ ടിക്കറ്റ് ഉറപ്പാക്കി കലാസായാഹ്നത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നവർക്ക് പുറമെ അവസാന നിമിഷം എത്തിയവരും ആയിരങ്ങളുമായിരുന്നു. അവർക്ക് വേണ്ടി ഉത്സവ നഗരിയിലും ടിക്കറ്റ് കൗണ്ടറൊരുക്കിയിരുന്നു.
വമ്പിച്ച ആവേശത്തോടെയാണ് കലാ പ്രേമികൾ നഗരിയിലെത്തി ഇരിപ്പിടം ഉറപ്പിച്ചത്. സന്ദർശകർക്ക് ആവശ്യമായ വിവിധ സൗകര്യങ്ങളും വിവിധ ഫുഡ് കോർട്ടുകളും ആരോഗ്യ പരിശോധന സൗകര്യങ്ങളും വിവിധ സ്ഥാപനങ്ങളുടെ പവിലിയനുകളും ശുചിത്വ കേന്ദ്രങ്ങളും പ്രാർഥനാ ഇടങ്ങളും നഗരിയിൽ തന്നെ ഒരുക്കിയിരുന്നു.
വൈകീട്ട് 7.15ഓടെ ആരംഭിച്ച സ്റ്റേജ് ഷോ വമ്പിച്ച കരഘോഷത്തോടെയാണ് കലാസ്നേഹികൾ വരവേറ്റത്. അവതാരകൻ മിഥുൻ രമേഷിന്റെ വശ്യമായ അവതരണ മികവിൽ കാണികളുടെ നിറഞ്ഞ പുഞ്ചിരിയോടെ ‘മുറാദീ...’ എന്ന് തുടങ്ങുന്ന ഭക്തിഗാനം ആലപിച്ച് കണ്ണൂർ ശരീഫിന്റെ അരങ്ങേറ്റത്തോടെയാണ് കലോത്സവ മാമാങ്കത്തിന് തിരശ്ശീല ഉയർന്നത്. രൂപ രേവതി വയലിൻകൊണ്ട് അകമ്പടി തീർത്തു.
തുടർന്ന് പ്രവാസിയുടെ പെറ്റമ്മയായ ഇന്ത്യയുടെയും പോറ്റമ്മയായ സൗദി അറേബ്യയുടെയും ദേശീയ ഗാനങ്ങൾ വേദിയിൽ മുഴങ്ങി. ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകൾ കൂറ്റൻ എൽ.ഇ.ഡി ബാക്ക് ഡ്രോപ്പുകളിൽ തെളിഞ്ഞു. ശേഷം സൗദി അറേബ്യക്കും മലയാളിയുടെ പ്രിയ നാട് കേരളത്തിനുമുള്ള സമർപ്പണമായി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
തുടർന്ന് ‘ഗൾഫ് മാധ്യമ’ത്തിന്റെയും മീഫ്രണ്ട് ആപ്പിന്റെയും മാനേജ്മെന്റ് പ്രതിനിധികളും പ്രമുഖ വ്യക്തികളും അണിനിരന്ന ഉദ്ഘാടന ചടങ്ങ് നടന്നു. ശേഷം മൂന്നു മണിക്കൂറിലേറെ സംഗീത, നൃത്ത, ഹാസ്യകലാപരിപാടികൾ അരങ്ങേറി. മലയാളികളുടെ സൗഹൃദ കലാമേളയായ ‘ഹാർമോണിയസ് കേരള’യിൽ കലാപ്രകടനങ്ങൾ ആസ്വദിക്കാൻ സ്വദേശികളുടെയും ഇതര സംസ്ഥാന കലാസ്വാദകരുടെയും സാന്നിധ്യവും നഗരിയിൽ പ്രകടമായി.
അതിരുകളില്ലാത്ത കലാ സംഗീത പരിപാടികൾ ആസ്വദിക്കാനും ഒരുമയുടെ സൗഹൃദ സംഗമത്തിൽ ഒന്നിക്കാനും കലാപ്രേമികളുടെ വമ്പിച്ച ആവേശമാണ് നഗരിയിൽ ദൃശ്യമായത്. യാംബു, മദീന, മക്ക, ത്വാഇഫ്, തബൂക്ക് തുടങ്ങിയ പ്രദേശങ്ങളിൽനിന്നും പ്രത്യേക വാഹനങ്ങളിലായും കലാസ്വാദകർ പരിപാടി ആസ്വദിക്കാൻ എത്തിയിരുന്നു.
വളന്റിയർ വിഭാഗത്തിന്റെയും സെക്യൂരിറ്റി വിഭാഗത്തിന്റെയും കുറ്റമറ്റ നഗരി സുരക്ഷയും സംഘാടക സമിതിയുടെ ആസൂത്രണ മികവും മേളയെ ധന്യമാക്കിത്തീർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.