‘ഹാര്‍മോണിയസ് കേരള’; അതിഥികളെ വരവേല്‍ക്കാനൊരുങ്ങി ഇക്വസ്ട്രിയന്‍ പാര്‍ക്ക്
text_fieldsജിദ്ദ: ‘ഹാര്‍മോണിയസ് കേരള’യിലേക്കുള്ള അതിഥികളെ വരവേല്‍ക്കാനൊരുങ്ങി ഇക്വസ്ട്രിയന്‍ പാര്‍ക്ക്. ജിദ്ദയിലെ മലയാളി സംഗമ കേന്ദ്രമായ ശറഫിയ്യയില്നിന്ന് 50 കിലോമീറ്ററോളം വടക്കുഭാഗത്തായി ഉസ്ഫാനിൽ സ്ഥിതിചെയ്യുന്ന വിശാലമായ ഇക്വസ്ട്രിയന്‍ പാര്‍ക്കിലാണ് മലയാളത്തിലെ പ്രമുഖ കലാകാരന്മാര് പങ്കെടുക്കുന്ന പരിപാടി അരങ്ങേറുന്നത്. ഓപൺ സ്റ്റേജിന്റെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍ വിഭാഗങ്ങളിലായാണ് ഇക്വസ്ട്രിയന്‍ സ്റ്റേഡിയത്തിലെത്തുന്ന ആസ്വാദകർക്ക് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
കേരളത്തിന്റെ ജനപ്രിയ കാലാകാരന്മാരായ ടൊവിനോ തോമസ്, സിതാര കൃഷ്ണകുമാർ, കണ്ണൂര്‍ ശരീഫ്, മഹേഷ് കുഞ്ഞുമോൻ, സൂരജ് സന്തോഷ് തുടങ്ങി 30ഓളം കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ഇരിപ്പിടക്കാര്ക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയും വിധമാണ് സ്റ്റേജ് സംവിധാനം ഒരുക്കിയിട്ടുള്ളത്. സ്റ്റേജിൽനിന്ന് ഏകദേശം 20 മീറ്റര്‍ അകലത്തിലാണ് പ്ലാറ്റിനം ടിക്കറ്റുകാർക്ക് ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. ഡയമണ്ട് ടിക്കറ്റുകാർക്ക് 30 മീറ്ററും ഗോൾഡ് ടിക്കറ്റുകാർക്ക് 40 മീറ്ററും സിൽവർ ടിക്കറ്റുകാർക്ക് 55 മീറ്ററും അകലം മുതലാണ് സീറ്റുകൾ ക്രമീകരിച്ചിട്ടുള്ളത്. ജിദ്ദയിലെ മികച്ച ഓപൺ എയര്‍ സ്റ്റേഡിയങ്ങളില്‍ ഒന്നാണ് നഗരത്തില്‍നിന്ന് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ഗതാഗത സൗകര്യമുള്ള ഇക്വസ്ട്രിയന്‍ പാര്‍ക്ക്. വിശാലമായ പാര്‍ക്കിങ്, വിവിധതരം സ്റ്റാളുകള്‍, ബാത്റൂം സൗകര്യങ്ങൾ എന്നിവ നഗരിയിൽ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. കൺകുളിർക്കുന്ന കലാപരിപാടികള്‍ ആസ്വദിക്കുന്നതോടൊപ്പം മരുഭൂമിയുടെ കാലാവസ്ഥ ആസ്വദിക്കാനും ഏതാനും മണിക്കൂറുകള്‍ നഗരത്തിന്റെ തിരക്കുകളില്‍നിന്ന് ഒഴിഞ്ഞുമാറി പ്രകൃതിരമണീയമായ മനോഹര കാഴ്ചകളിൽ രമിക്കാനുമുള്ള അവസരം ലഭിക്കുന്നു എന്നതും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ വിജയകരമായി അരങ്ങേറിയ ‘ഹാര്‍മോണിയസ് കേരള’ മെഗാ ഷോയുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.