സ്നേഹസൗഹൃദങ്ങളുടെ മഴയിൽ നനയാം; ‘ഹാർമോണിയസ് കേരള’ ദമ്മാമിലും
text_fieldsദമ്മാം: ആദ്യ ഇന്ത്യൻ അന്താരാഷ്ട്ര ദിനപത്രം ‘ഗൾഫ് മാധ്യമം’ ഗൾഫ് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായതിന്റെ 25-ാം വാർഷിക വേളയിൽ ഒരുമയുടെ മഹോത്സവമായി ‘ഹാമോണിയസ് കേരള’ ദമ്മാമിലും എത്തുന്നു.
പ്രതിസന്ധികളിലും ആഘോഷങ്ങളിലും എല്ലാം മറന്ന് കൈകോർക്കുന്ന മലയാളി മാനവികതക്കുള്ള ആദരമായി ഒരുമയുടെ മഹോത്സവം ‘ഹാർമോണിയസ് കേരള’ നവംബർ 29-ന് ദമ്മാമിലെ ‘ലൈഫ് പാർക്ക് ആംഫി തിയറ്ററി’ലാണ് അരങ്ങേറുന്നത്.
ഇതിന്റെ തീം അനാച്ഛാദന ചടങ്ങ് ദമ്മാമിലെ ഓഷ്യാന റസ്റ്റാറന്റിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖരടങ്ങിയ പൗരാവലിയുടെ സാന്നിധ്യത്തിൽ നടന്നു. ഗൾഫ് മാധ്യമം ആൻഡ് മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
നിലപാടുകളിൽ ഉറച്ചുനിൽക്കുകയും സത്യത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതുകയും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുകയും ചെയ്താണ് ‘ഗൾഫ് മാധ്യമം’ ജനകീയവും ജനപ്രിയവുമായതെന്ന് അദ്ദേഹം പറഞ്ഞു.
ജീവിത ആദർശങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ പോരാടിയ മുൻകാല നായകരുടെ ആദർശങ്ങളാണ് തങ്ങളുടെ ധൈര്യവും വഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പോലും മനുഷ്യരുടെ മാനവിക മൂല്യങ്ങളെയും വികാരങ്ങളെയും മറികടക്കാൻ സാധിക്കുകയില്ലെന്ന തിരിച്ചറിവിൽ ആധുനികതയിൽ ആ മൂല്യങ്ങളെ ചേർത്തുവെക്കുന്നതിലൂടെ മാത്രമേ കാലത്തിനു മുന്നോട്ട് സഞ്ചരിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് മുഹമ്മദ് റഫീഖ് ‘ഹാർമോണിയസ് കേരള’യെക്കുറിച്ച് വിശദീകരിച്ചു. മാനവികതയുടെ മഹദ് സന്ദേശങ്ങളെ ഈ കാലത്തിന്റെ ഇരുട്ടിലും കൊളുത്തിവെക്കുകയും പ്രകാശം പരത്തുകയും ചെയ്യേണ്ടതുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് സൗഹൃദങ്ങളുടെ ആഘോഷപ്പെരുമയെ സൃഷ്ടിക്കാൻ ഗൾഫ് മാധ്യമം മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങളായ ആസിഫലി, നിഖില വിമൽ, പിന്നണി ഗായകരായ സിതാര, മധുബാലകൃഷ്ണൻ, ഐഡിയാ സ്റ്റാർ സിംഗറിലെ ഗായകർ, അനുകരണ കലയിലെ ഏറ്റവും മികച്ച കലാകാരൻ എന്നിവരാണ് ഹാർമോണിയസ് കേരളയെ മധുരതരവും വർണാഭവും ആഘോഷവുമാക്കാനെത്തുന്നത്.
ഗൾഫ് മാധ്യമം ഡയറകട്ർ സലീം അമ്പലൻ ആശംസകൾ അർപ്പിച്ചു. പ്രവാസികളോടുള്ള ഗൾഫ് മാധ്യമത്തിന്റെ നന്ദിയും കടമയുമാണ് ഇത്തരം പരിപാടികളെന്നും അത് ഏറ്റെടുത്തവരോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് മാധ്യമം-മീഡിയ വൺ കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എം.ബഷീർ സ്വാഗതവും കൺവീനർ എ.കെ. അസീസ് നന്ദിയും പറഞ്ഞു. റയാൻ മൂസ അവതാരകനായിരുന്നു. ഗൾഫ് മാധ്യമം സൗദി റസിഡന്റ് മാനേജർ സലീം മാഹി, മാർക്കറ്റിങ് കൺഡ്രി ഹെഡ് ഹിലാൽ ഹുസൈൻ, അൻവർ ഷാഫി, ദമ്മാം ബ്യൂറോ ചീഫ് സാജിദ് ആറാട്ടുപുഴ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ആദ്യ ടിക്കറ്റ് വിൽപന
ദമ്മാം: ‘ഹാർമോണിയസ് കേരള’ യുടെ ആദ്യ ടിക്കറ്റ് ജീവകാരുണ്യ സംസ്കാരിക കൂട്ടായ്മയായ ‘മേഴ്സി കോർപ്പി’ന്റെ ചെയർമാനും സഹപ്രവർത്തകരും ഗൾഫ് മാധ്യമം-മാധ്യമം സി.ഇ.ഒ പി.എം. സാലിഹിൽനിന്ന് ഏറ്റുവാങ്ങി. ഗൾഫ് മാധ്യമത്തിന്റെ മുൻ പരിപാടികളിലും മേഴ്സി കോർപ്പ് സഹകരിച്ചിട്ടുണ്ട്. മേഴ്സി കോർപ് ചെയർമാൻ എ.ആർ. മാഹീന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് പ്രസിഡന്റ് അനീസ് തമ്പി, ജി.സി.സി പ്രസിഡന്റ് ഷജബു മുരളി, എക്സിക്യുട്ടീവ് മെമ്പർ സലാം എന്നിവർ ചേർന്ന് ടിക്കറ്റ് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.