‘ഹാർമോണിയസ് കേരള’; ജുബൈൽ പ്രവാസികൾ ടിക്കറ്റ് സ്വന്തമാക്കുന്ന തിരക്കിൽ
text_fieldsജുബൈൽ: ആദ്യ ഇന്ത്യൻ അന്താരാഷ്ട്ര ദിനപത്രമായ ‘ഗൾഫ് മാധ്യമം’ പ്രവാസി മലയാളികൾക്കായി ദമ്മാമിൽ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ ഒരുമയുടെ മഹോത്സവത്തിൽ പങ്കെടുക്കാൻ രാജ്യത്തെ പ്രധാന എണ്ണ നഗരമായ ജുബൈലിലെ പ്രവാസി സമൂഹവും ഒരുങ്ങുന്നു. കിഴക്കൻ പ്രവിശ്യയിലെ മലയാളി സമൂഹം ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ആഘോഷമായിരിക്കുമെന്ന വിളംബരത്തോടെ ദമ്മാം ലൈഫ് പാർക്കിനടുത്തുള്ള ആംഫി തിയറ്ററിൽ നവംബർ 29ന് അരങ്ങേറുന്ന ഈ ഉത്സവത്തിൽ പങ്കെടുക്കാനുള്ള ടിക്കറ്റ് സ്വന്തമാക്കാനുള്ള തിരക്കിലാണ് ജുബൈൽ മലയാളികളും.
മുൻനിര മലയാള ചലച്ചിത്ര താരങ്ങളായ ആസിഫ് അലിയും നിഖില വിമലും നയിക്കുന്ന പരിപാടിയിൽ പ്രിയ ഗായകരായ മധു ബാലകൃഷ്ണനും സിത്താരയും പാട്ടിന്റെ നിലാവഴികൾ തെളിയിക്കാനെത്തും. യുവ ഗായകരായ സ്റ്റാർ സിംഗർ ശ്രീരാഗ്, നന്ദ, അരവിന്ദ്, ബൽറാം, ദിഷ എന്നിവരും അണിനിരക്കും. മിഥുൻ രമേശ് അവതാരകനായെത്തുന്ന പരിപാടിയിൽ മലയാളക്കരക്കപ്പുറം തരംഗമായി മാറിയ ഹാസ്യ-മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ കാണികൾക്ക് ചിരി വിരുന്നൊരുക്കും.
ദമ്മാം കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ ഉൾപ്പെടെയുള്ള എല്ലാ നഗരങ്ങളിൽ നിന്നും നിരവധി ആളുകൾ തങ്ങളുടെ പ്രിയ താരങ്ങൾക്കൊപ്പം ആഘോഷിക്കാൻ ആ രാവിൽ ലൈഫ് പാർക്കിലേക്ക് ഒഴുകും. ജുബൈലിൽനിന്ന് നൂറ് കിലോമീറ്റർ അകലെയാണ് ‘ഹാർമോണിയസ് കേരള’ വേദി തയാറാക്കിയിരിക്കുന്നത്. മഹത്തായ കലോത്സവത്തിന് സംഘാടകർ അത്ഭുതപൂർവമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ജുബൈൽ നിവാസികൾക്ക് ടിക്കറ്റ് ലഭ്യത ഉറപ്പുവരുത്താൻ മലയാളി ഹോട്ടലുകളിലും നഗരത്തിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും കൗണ്ടറുകൾ തുറന്നു. ഹൈപ്പർ മാർക്കറ്റുകളിലും സാംസ്കാരിക പരിപാടികളിലും പ്രമോഷൻ കാമ്പയിനും സംഘടിപ്പിച്ചിരുന്നു. കുടുംബസമേതം താമസിക്കുന്നവരും ബാച്ചിലർമാർ ഗ്രൂപ്പുകളായും ടിക്കറ്റുകൾ കരസ്ഥമാക്കുന്നുണ്ട്.
ഗ്രൂപ്പുകളായി വാങ്ങുമ്പോൾ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയും. വി.ഐ.പി, പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നീ കാറ്റഗറികളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റുകൾക്കായി ജുബൈലിൽ 0556637394 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.