ഹാർമോണിയസ് കേരള; മധുവൂറും ഭാവഗാനങ്ങളുമായി മധു ബാലകൃഷ്ണൻ
text_fieldsജുബൈൽ: പ്രവാസി മലയാളികൾക്കായി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ മഹോത്സവത്തിനായി കിഴക്കൻ പ്രവിശ്യ ഒരുങ്ങിക്കഴിഞ്ഞു. മേഖലയിലെ മലയാളി സമൂഹത്തിന്റെ മെഗാ ഒത്തുചേരലാണ് സംഭവിക്കാൻ പോകുന്നത്. നവംബർ 29ന് ദമ്മാം ലൈഫ് പാർക്കിന് സമീപമുള്ള ആംഫി തിയറ്ററിൽ അരങ്ങേറുന്ന പരിപാടിയിൽ മധുവൂറും ഭാവഗാനങ്ങളുമായി മലയാളികളുടെ പ്രിയ ഭാവഗായകൻ മധു ബാലകൃഷ്ണനെത്തും.
പ്രവാസലോകത്ത് ഏറെ ആരാധകരുള്ള മധുവിന്റെ ഹൃദയഹാരിയായ ശബ്ദം ആ രാവിൽ സംഗീതാസ്വാദകരുടെ ശ്രവണപുടങ്ങളിൽ കുളിർമഴ പെയ്യിക്കും. പിന്നണി ഗാനരംഗത്തേക്കുള്ള മധുവിന്റെ കടന്നുവരവ് അപ്രതീക്ഷിതമായിരുന്നു.1995ൽ ചെന്നൈ അക്കാദമി ഓഫ് ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്സിൽ പഠിക്കുന്ന കാലത്ത് ‘ഉളവുതുറൈ’ എന്ന സിനിമയിലേക്ക് ഒരു പുതുമുഖ ഗായകനെ അന്വേഷിക്കുകയായിരുന്ന തമിഴ് സംഗീതസംവിധായകൻ ഷാന് അന്നത്തെ അക്കാദമി ഡയറക്ടറായിരുന്ന പത്മഭൂഷൺ ടി.വി. ഗോപാലകൃഷ്ണൻ മധുവിനെ ശിപാർശ ചെയ്യുകയായിരുന്നു. കെ.എസ്. ചിത്രയോടൊപ്പം ‘ഉള്ളതായ് തിരഞ്ഞു’ എന്ന ഗാനം ആലപിക്കാനായിരുന്നു അത്.
ഇളയരാജയുൾപ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക പ്രഗത്ഭരായ സംഗീതസംവിധായകരുടെ കൂടെയും പ്രവർത്തിച്ചിട്ടുള്ള മധു നിരവധി ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്. പല ചാനലുകളിലും വിധികർത്താവായും പ്രത്യക്ഷപ്പെടാറുണ്ട്. ദക്ഷിണേന്ത്യയൊട്ടാകെ ആരാധകരുള്ള അദ്ദേഹം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, തുളു ഭാഷകളിലായി ആയിരത്തിന് മുകളിൽ ചലച്ചിത്ര ഗാനങ്ങൾ പാടിക്കഴിഞ്ഞു.
പിന്നണി ഗായകനായി 25 വർഷം പിന്നിട്ട മധു ബാലകൃഷ്ണൻ മലയാളത്തിൽ ‘ശിശിരം’ സിനിമയിലെ ‘പാതിരാ പൂവേ’ എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. 2000 ൽ അദ്ദേഹം തമിഴകത്ത് വീണ്ടും സജീവമായി. 2002ൽ പുറത്തിറങ്ങിയ ‘വാൽകണ്ണാടി’ എന്ന ചിത്രത്തിലെ എം. ജയചന്ദ്രൻ ചിട്ടപ്പെടുത്തിയ ‘അമ്മേ അമ്മേ’ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം മലയാളികളുടെ മനസ്സിലേക്ക് നടന്നുകയറിയത്.
മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ആ ഗാനത്തിലൂടെ അദ്ദേഹം സ്വന്തമാക്കി. 2003ൽ പുറത്തിറങ്ങിയ ‘പാർഥിപൻ കനവ്’ എന്ന ചിത്രത്തിലെ വിദ്യാസാഗർ ഒരുക്കിയ ഹിറ്റ് മെലഡി ‘കനാ കണ്ടേനടീ തോഴി’യാണ് മധുവിന് തമിഴകത്ത് വലിയ ബ്രേക്ക് നൽകിയത്. കാനഡ, സിംഗപ്പൂർ, മലേഷ്യ, ആസ്ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ, സീഷെൽസ്, ബോട്സ്വാന, സ്വിറ്റ്സർലൻഡ്, ജർമനി, ഫ്രാൻസ്, ഓസ്ട്രിയ, ശ്രീലങ്ക, യു.കെ എന്നിവിടങ്ങളിലൊക്കെ മധു ബാലകൃഷ്ണൻ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിലും നിരവധി പരിപാടികളിൽ പങ്കെടുത്ത് പരിചയമുള്ള അദ്ദേഹത്തെ യു.എ.ഇ പ്രഗത്ഭ കലാകാരൻ എന്ന നിലയിൽ ഗോൾഡൻ വിസ നൽകി ആദരിച്ചു. എറണാകുളം ജില്ലയിൽ പറവൂരാണ് ജനിച്ചതെങ്കിലും തൃശൂർ കൊരട്ടിയിലായിരുന്നു മധുവിന്റെ സ്കൂൾ വിദ്യാഭ്യാസവും ചെറുപ്പകാലവും. ബാലകൃഷ്ണനും ലീലാവതിയുമാണ് മാതാപിതാക്കൾ. തണലായിരുന്ന അച്ഛനെ 12 വയസ്സിലേ നഷ്ടപ്പെട്ടു. സംഗീതത്തെ സ്നേഹിക്കുകയും പഠിക്കുകയും ചെയ്തിരുന്ന മാതാപിതാക്കളിലൂടെയാണ് സംഗീതമാണ് തന്റെ വഴിയെന്ന് മധു തിരിച്ചറിഞ്ഞത്. ചെറുപ്പത്തിലേ ലളിതഗാന മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. ശ്രീദേവിയും ചന്ദ്രമന നാരായണൻ നമ്പൂതിരിയുമായിരുന്നു പ്രഥമ ഗുരുനാഥർ. ശാസ്ത്രീയസംഗീതത്തിലുള്ള അഗാധ ജ്ഞാനമാണ് മധു ബാലകൃഷ്ണനെ വ്യത്യസ്തനാക്കുന്നത്.
മാർ അഗസ്റ്റിൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക പഠനം. പ്രീ ഡിഗ്രിക്ക് ശേഷം ശാസ്ത്രീയസംഗീത പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. നാല് വർഷത്തെ ഫോർഡ് ഫൗണ്ടേഷൻ സ്കോളർഷിപ്പോടെ ചെന്നൈ അക്കാദമി ഓഫ് ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്സിൽ ചേർന്ന് പഠനം പൂർത്തിയാക്കി. അക്കാദമിയിൽ വെച്ച് സ്ഥാപകനും ഡയറക്ടറുമായ ഗോപാലകൃഷ്ണൻ, മണികൃഷ്ണ, വേദവല്ലി തുടങ്ങിയ പ്രഗത്ഭരുടെ ശിക്ഷണം ലഭിച്ചിട്ടുണ്ട്.
2002ൽ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡ്, 2006ൽ മികച്ച പിന്നണി ഗായകനുള്ള തമിഴ്നാട് സംസ്ഥാന അവാർഡ്, 2007ൽ തമിഴ്നാട് സർക്കാറിന്റെ കലൈ മാമണി പുരസ്കാരം, 2008ലും 2011ലും ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡുകൾ, 2024ൽ ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങിയവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ മധു ബാലകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. 2017ൽ അമേരിക്ക ആസ്ഥാനമായ ഇന്റർനാഷനൽ തമിഴ് യൂനിവേഴ്സിറ്റി ഹോണററി ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചു.
പ്രശസ്ത ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ സഹോദരി വിദിത (ദിവ്യ)യാണ് സഹധർമിണി. മാധവും മഹാദേവുമാണ് മക്കൾ. ഇരുവർക്കും വെസ്റ്റേൺ മ്യൂസിക്കിൽ താൽപര്യമുണ്ട്. എറണാകുളം തൃപ്പൂണിത്തുറയിലാണ് ഇപ്പോൾ താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.