ഒരുമയുടെ മഹോത്സവം
text_fieldsജിദ്ദ: ആടിയും പാടിയും ചിരിച്ചുല്ലസിച്ചും സൗഹൃദം പങ്കുവെച്ചും മാനവികതയെ ആഘോഷിച്ച ഒരു രാവ് ജിദ്ദയിലെ ചെങ്കടൽ തീരത്ത് വരച്ചിട്ടത് പുതുചരിത്രം. സഹൃദയരുടെ ഉള്ളം നിറക്കുന്നതായിരുന്നു രാഗതാളമേളങ്ങളുടെയും പ്രകടനകലകളുടെയും മഹോത്സവമായി ‘ഗൾഫ് മാധ്യമ’വും ‘മീഫ്രൻഡ്’ ആപ്പും ഒരുക്കിയ ഹാർമോണിയസ് കേരള. പരിപാടി ജിദ്ദയിലെ പ്രവാസി മലയാളികൾക്ക് ആസ്വാദനത്തിന്റെ പുത്തൻ അനുഭവമാണ് പകർന്നുനൽകിയത്.
ചലച്ചിത്ര, സംഗീത, ഹാസ്യ കലാരംഗത്തെ സെലിബ്രിറ്റികളെ അണിനിരത്തി ജിദ്ദയിലെ ഇക്വസ്ട്രിയൻ പാർക്കിൽ വെള്ളിയാഴ്ച രാവിൽ അരങ്ങേറിയ ഉത്സവം മറക്കാനാവാത്ത അനുഭവമായിരുന്നെന്നാണ് ആസ്വാദകരായെത്തിയ ആയിരക്കണക്കിനാളുകൾ ഒരേ സ്വരത്തിൽ പ്രതികരിച്ചത്. കലാസ്വാദനത്തോടൊപ്പം മനസ്സുകളിൽ ഒരുമയുടെയും മാനവികതയുടെയും കുളിര് കോരിയിട്ടാണ് പരിപാടിക്ക് തിരശ്ശീല വീണത്. മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസിന്റെ സാന്നിധ്യം ഹാർമോണിയസ് കേരളക്ക് പത്തരമാറ്റ് തിളക്കമേകി. തിങ്ങിനിറഞ്ഞ സദസ്സ് ആർത്തുവിളിച്ചും കൈയടിച്ചുമാണ് പ്രിയതാരത്തെ വരവേറ്റത്. തന്റെ കലാജീവിതത്തിന്റെ പിന്നിട്ട നാളുകളും അനുഭവങ്ങളും താരത്തിൽ നിന്ന് നേരിട്ട് കേൾക്കാനായതിൽ സദസ്സിന് ഏറെ കൗതുകവും ആവേശവും സമ്മാനിച്ചു.
ജിദ്ദക്ക് പുറമെ മക്ക, മദീന, ത്വാഇഫ്, തബൂക്ക്, റിയാദ്, ഖമീസ് മുശൈത്ത് തുടങ്ങി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വലിയ പ്രേക്ഷക സമൂഹത്തെ സാക്ഷിയാക്കിയാണ് ആഘോഷപരിപാടികൾ ആരംഭിച്ചത്. സിത്താര, സന മെയ്തുട്ടി, സൂരജ് സന്തോഷ്, കണ്ണൂർ ശരീഫ്, ജാസിം ജമാൽ തുടങ്ങിയ പ്രശസ്ത ഗായകർ കേൾക്കാൻ കൊതിച്ചതും ഇമ്പമാർന്നതുമായ ഗാനങ്ങൾ പാടിത്തിമിർത്തപ്പോൾ ഇളംകുളിരിൽ സംഗീതം മഴയായി ആസ്വാദക ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങി. സൗദി അറേബ്യയെയും കേരളത്തെയും കുറിച്ചുള്ള വിഡിയോ അവതരണങ്ങൾ സദസ്സിന് വേറിട്ട അനുഭവമായി.
മിമിക്രി കലാകാരൻ മഹേഷിന്റെ ശബ്ദാനുകരണ പ്രകടനം സദസ്സിനെ ചിരിപ്പിച്ചും വിസ്മയിപ്പിച്ചും ആസ്വാദനത്തിന്റെ പുതുമ തീർത്തു. രൂപ രേവതി വയലിൻ തന്ത്രികളിൽ തീർത്ത മിന്നും പ്രകടനവും റംസാൻ മുഹമ്മദിന്റെ ചടുലമായ നൃത്തച്ചുവടുകളും കാണികൾക്ക് ഹരവും കൗതുകവുമായി. ജിദ്ദയിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം മെഗാ ഉത്സവത്തിന് വർണ പ്പകിട്ടേകി. കാണികൾക്ക് വേറിട്ട അനുഭൂതിയായി. അവതാരകനായ മിഥുൻ രമേഷ് തന്റെ വശ്യമായ ശൈലിയിലൂടെ സദസ്സിന് മുമ്പാകെ തിളങ്ങിയത് ആഘോഷ രാവിന് കൂടുതൽ പൊലിമയേകി.
അടുത്തിടെ ജിദ്ദ നഗരം കണ്ടതിൽവെച്ചേറ്റവും വലിയ ആസ്വാദന സദസ്സിനാണ് ഇക്വസ്ട്രിയൻ പാർക്ക് സാക്ഷിയായത്. കുട്ടികളും സ്ത്രീകളുമടക്കം വലിയൊരു സമൂഹം ഒരുമയുടെ ഉത്സവത്തിൽ ഭാഗമാകാൻ പാർക്കിലെത്തിയിരുന്നു. രാത്രി ഏറെ വൈകിയിട്ടും ആളുകളുടെ വരവ് തുടർന്നു. സദസ്സ് കാണികളാൽ നിറഞ്ഞുകവിഞ്ഞു. ആടിയും പാടിയും അവസാന നിമിഷം വരെ അവർ പിരിഞ്ഞുപോകാതെ ആനന്ദരാവിന് കൊഴുപ്പേകി. ടിക്കറ്റ് നിരക്കിലെ കുറവും വിവിധ ഭാഗങ്ങളിൽ നിന്ന് സൗജന്യ ബസ് സൗകര്യം ഏർപ്പെടുത്തിയതും സാധാരണക്കാരായ പ്രവാസി മലയാളികൾക്ക് പരിപാടിയിൽ പങ്കാളിയാവാനും മനംനിറച്ച് ആസ്വദിക്കാനും സഹായമായി. ഏറെ പുതുമകളോടെ ചിട്ടപ്പെടുത്തിയ പരിപാടികളും സംഘാടന മികവും സ്റ്റേജ് സംവിധാനങ്ങളും സജ്ജീകരണങ്ങളുമെല്ലാം ആളുകളിൽ മതിപ്പുളവാക്കി. പലരാലും പ്രശംസിക്കപ്പെട്ടു. വൈവിധ്യമാർന്ന കലാവിനോദ പരിപാടികൾക്ക് സാക്ഷിയാകാറുള്ള ജിദ്ദ നഗരത്തെ സംഗീത സാന്ദ്രമാക്കിയാണ് ഗൾഫ് മാധ്യമവും മീഫ്രൻഡ് ആപ്പും ഒരുക്കിയ ‘ഹാർമോണിയസ് കേരള’ മെഗാ ഉത്സവം സമാപിച്ചത്.
പ്രേക്ഷകരുടെ പിന്തുണയാണ് എന്നെ ഞാനാക്കിയത് -ടൊവിനോ തോമസ്
ജിദ്ദ: കഠിന പ്രയത്നവും പ്രേക്ഷകരുടെ പിന്തുണയുമാണ് എന്നെ ഞാനാക്കിയതെന്ന് പ്രശസ്ത ചലച്ചിത്ര താരം ടൊവിനോ തോമസ്. ഒരു സിനിമ പാരമ്പര്യവുമില്ലാതെ വളരെ സാധാരണമായ ഒരു കുടുംബത്തിൽനിന്നാണ് വന്നത്. കഠിനമായി പരിശ്രമിച്ചു. പ്രേക്ഷകർ ഉള്ളറിഞ്ഞ് പിന്തുണച്ചു. അതാണ് താൻ നേടിയ വിജയം. തന്റെ കുറവുകളും കഴിവുകളും ഞാൻ തിരിച്ചറിഞ്ഞ് ഇന്നും എന്റെ പ്രയത്നം തുടരുകയാണ്. ‘ഗൾഫ് മാധ്യമം’ സൗദിയിൽ തനിക്ക് നൽകിയ രണ്ടാമത്തെ അവസരമാണ് ജിദ്ദയിലെ ‘ഹാർമോണിയസ് കേരള’ പരിപാടി. ഈ പത്രത്തോട് തനിക്ക് പറഞ്ഞാൽ തീരാത്ത കടപ്പാടാണുള്ളത്. നന്ദിയോടെ ഞാൻ എന്നും സ്മരിക്കുമെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
സിനിമയിലേക്കുള്ള വരവൊക്കെ ഒരുപാട് സ്വപ്നം കണ്ട ആളാണ് ഞാൻ. ഒടുവിൽ അത് യാഥാർഥ്യമായി. നിങ്ങളെല്ലാം വലിയ സ്വപ്നങ്ങൾ കാണണം. അത് ആത്മാർഥമാണെങ്കിൽ തീർച്ചയായും സ്വപ്നങ്ങൾ യാഥാർഥ്യമായി പുലരും. സമൂഹത്തിൽ ഹാർമോണിയസ് ഉണ്ടാവാൻ കൂട്ടുകുടുംബാന്തരീക്ഷങ്ങൾക്ക് നല്ല പങ്കുവഹിക്കാനുണ്ട്. മനുഷ്യത്വം, സാഹോദര്യം, സൗഹാർദം ഇതിനെല്ലാം വേണ്ടിയാണ് നാം നിലകൊള്ളേണ്ടത്. കേരളത്തിലെ പ്രളയകാലത്ത് എല്ലാവരും അങ്ങനെ ഒത്തൊരുമിക്കുന്നത് നാം കണ്ടെന്നും അതിൽ പങ്കാളിയാവാൻ തനിക്കായെന്നും വ്യക്തമാക്കിയ അദ്ദേഹം തന്റെ പുതിയ സിനിമകളെ കുറിച്ചും വാചാലനായി. കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം എന്ന കഥ സിനിമയാകുന്നു. അതാണ് വരാനുള്ള ടൊവിനോയുടെ സിനിമകളിൽ ഒന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.