ഹാർമോണിയസ് കേരള: ടിക്കറ്റ് വിതരണം പുരോഗമിക്കുന്നു
text_fieldsഅൽ ഖോബാർ: ‘ഗൾഫ് മാധ്യമം’ ദമ്മാമിൽ ഒരുക്കുന്ന ഒരുമയുടെ ഉത്സവമായ ‘ഹാർമോണിയസ് കേരള’യുടെ ടിക്കറ്റ് വിതരണം പുരോഗമിക്കുന്നു. ഈ മാസം 29ന് ദമ്മാമിലെ വിശാലമായ ലൈഫ് പാർക്കിന് സമീപത്തെ ആംഫി തിയറ്ററിൽ അരങ്ങേറുന്ന ആഘോഷത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാൻ പ്രവാസികൾ ഏറെ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഗൾഫ് മാധ്യമം ഖോബാറിൽ ഒരുക്കിയ ‘റെയ്നി നൈറ്റ്’ എന്ന സംഗീതസന്ധ്യ നല്ല അനുഭവമായതിന്റെ വിശ്വാസത്തിലാണ് അടുത്ത പരിപാടിയിലും പങ്കെടുക്കാൻ വർധിത താൽപര്യത്തോടെ ആളുകൾ മുന്നോട്ടു വരുന്നത്.
കഴിഞ്ഞ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ജുബൈൽ, റാഖ, അൽ ഖോബാർ എന്നിവിടങ്ങളിലെ ലുലു മാളുകളിൽ പ്രചാരണ പരിപാടിയും ടിക്കറ്റ് വിൽപനയും നടന്നു. അൽ അഹ്സ, ജുബൈൽ, ദമ്മാം, ഖോബാർ എന്നിവിടങ്ങളിലും ഉൾപ്രദേശങ്ങളിലും റസ്റ്റാറന്റുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിപാടിയുടെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുമുണ്ട്.
ചലച്ചിത്ര യുവതാരങ്ങളായ ആസിഫലിയും നിഖില വിമലും നയിക്കുന്ന മെഗാ ഷോ ചരിത്ര സംഭവമാക്കി മാറ്റാൻ സംഘാടകർ വലിയ ഒരുക്കമാണ് നടത്തുന്നത്. കുടുംബങ്ങളും ബാച്ചിലേഴ്സും ഉൾപ്പെടെ എല്ലാവർക്കും പൂർണ സമയവും പരിപാടി ആസ്വദിക്കാൻ ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിലാണ് ഷോ ഒരുക്കുന്നത്.
അർധ വൃത്താകൃതിയിലുള്ള തിയറ്റർ സംവിധാനം ഏത് കോണിലും ഇരിപ്പിടങ്ങളിലുംനിന്ന് ഒരുപോലെ ഷോ ആസ്വദിക്കാനുള്ള സൗകര്യം നൽകുന്നതാണ്. ഇത് പരിപാടി അവതരിപ്പിക്കുന്നവരും പ്രേക്ഷകരും തമ്മിലുള്ള അടുപ്പം വർധിപ്പിക്കും.
ആംഫി തിയറ്ററിന്റെ ഏത് ഭാഗത്തിരുന്നാലും ഒരു തടസ്സവുമില്ലാതെ പരിപാടി ആസ്വദിക്കാൻ കഴിയും. രൂപകൽപനയുടെ പ്രത്യേകത മൂലം ശബ്ദതരംഗങ്ങൾ എല്ലാ ഭാഗത്തേക്കും തുല്യമായി സഞ്ചരിക്കുന്നതു വഴി പിൻനിരയിലെ പ്രേക്ഷകനു പോലും വ്യക്തമായി സംഗീതം ആസ്വദിക്കാൻ കഴിയും. വിശാല പാർക്കിങ്, ഭക്ഷണശാല, ശൗചാലയങ്ങൾ, മെഡിക്കൽ സംവിധാനങ്ങൾ, സന്നദ്ധ പ്രവർത്തകരുടെ സേവനം തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കും.
ആലാപന മാധുരികൊണ്ട് മലയാളികളുടെ ഹൃദയം കവർന്ന സിത്താരയും മധു ബാലകൃഷ്ണനും നയിക്കുന്ന സംഗീത സന്ധ്യയാണ് ഷോയുടെ മുഖ്യ ആകർഷണം. ഹാസ്യതാരം മഹേഷും ഐഡിയ സ്റ്റാർ സിംഗർ ജേതാക്കളായ നന്ദ, അരവിന്ദ്, ശ്രീരാഗ്, ബൽറാം, ദിഷ എന്നിവരും കൂടി അണിനിരക്കുന്നതോടെ ദമ്മാമിൽ ഒരുമയുടെ മഹോത്സവം അരങ്ങേറും. അവതാരകനായി മിഥുൻ രമേശ് കൂടി എത്തുന്നതോടെ ദമ്മാം കണ്ടതിൽ വെച്ചേറ്റവും സുന്ദരമായ സായാഹ്നത്തിലേക്കാണ് നവംബർ 29 മിഴി തുറക്കുക.
ടിക്കറ്റ് നിരക്കുകൾ
സിൽവർ, ഗോൾഡ്, പ്ലാറ്റിനം, വി.ഐ.പി ശ്രേണികളിൽ ടിക്കറ്റുകൾ ലഭ്യമാണ്. സിൽവർ വിഭാഗത്തിൽ ഒരാൾക്ക് 30 റിയാലും നാലു പേർക്ക് 100 റിയാലുമാണ് നിരക്ക്. ഗോൾഡ് വിഭാഗത്തിൽ ഒരാൾക്ക് 50 റിയാലും നാല് പേർക്ക് 150 റിയലുമാണ് നിരക്ക്. പ്ലാറ്റിനം ടിക്കറ്റിന് ഒരാൾക്ക് 100 റിയാലും നാലു പേർക്ക് 350 റിയാലുമാണ്. വി.ഐ.പി ടിക്കറ്റിന് ഒരാൾക്ക് 500 റിയാലും നാലുപേർക്ക് 1,500 റിയാലുമാണ് നിരക്ക്.
വി.ഐ.പി ടിക്കറ്റ് കരസ്ഥമാക്കുന്നവർക്ക് ഇരിപ്പിടം ഏറ്റവും മുന്നിൽ നൽകുകയും പാർക്കിങ്ങിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും +966 559280320, +966 504507422 എന്നീ നമ്പറുകളിലും mmksa@gulfmadhyamam.net എന്ന മെയിലിലും ബന്ധപ്പെടാം. വിവിധ ഏരിയകൾ തിരിച്ചും ടിക്കറ്റുകൾ ലഭിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അൽ ഖോബാറിൽ 0535175574, അൽ അഹ്സയിൽ 0538214413, ജുബൈലിൽ 0556637394 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.