അരനൂറ്റാണ്ടിലെ സൗദി നോമ്പുകാലമോർത്ത് ഹസൻ കോയ
text_fieldsദമ്മാം: 'അന്നത്തെ നോമ്പുകാലത്തിന് ഇത്ര ആർഭാടമൊന്നുമുണ്ടായിരുന്നില്ല. വലിയ പള്ളികളോ ബഖാലകളോ ഹോട്ടലുകളോ എന്തിന് അധികം മലയാളികൾപോലും ഇല്ലാത്ത സൗദിയിലെ റമദാൻകാലത്തിന് അധികം കൃത്രിമ പകിട്ടുമുണ്ടായിരുന്നില്ല. തണുത്ത വെള്ളംപോലും അപൂർവമായിരുന്നു. മുറിയിലുണ്ടാക്കുന്ന കഞ്ഞിയും പയറും തന്നെയായിരുന്നു ആർഭാട വിഭവം. ഖഫ്സപോലും അധികം കിട്ടുന്നത് വലിയ വിശേഷമായിരുന്നു...'സൗദിയിൽ അരനൂറ്റാണ്ട് പ്രവാസം പിന്നിട്ട കോഴിക്കോട് സ്വദേശി കല്യാണ വീട്ടിൽ ഹസൻ കോയ പ്രവാസം തുടങ്ങിയകാലത്തെ സൗദിയിലെ നോമ്പുകാലം ഓർത്തെടുക്കുകയാണ്.
യൂസുഫ് മുഹമ്മദ് അൽ ദോസരി എന്ന സ്പോൺസറുടെ കീഴിൽ അവരുടെ കുടുംബാംഗം പോലെ അമ്പതാണ്ട് പിന്നിടുന്ന ഹസൻ കോയ ആൾക്കൂട്ടങ്ങളിൽനിന്ന് മാറിയാണ് നടന്നത്. തന്നോടൊപ്പം പ്രവാസം തുടങ്ങിയവരൊക്കെ സൗദി വിട്ട് പോയിട്ടും ഈ മണ്ണിൽനിന്ന് മടങ്ങാനാവാതെ ഹൃദയത്തോട് ചേർത്തു നിർത്തുകയാണ് ഈ മനുഷ്യൻ. സൗദിയിലെ മലയാളി പ്രവാസത്തിന്റെ തുടക്കക്കാരിലൊരാളായിരുന്നു ഹസൻ കോയ.
1972ൽ ഒരു പെരുന്നാൾ രാവിലാണ് സൗദിയിൽ എത്തുന്നത്. പിറ്റേന്ന് പെരുന്നാളാണെന്ന് അറിഞ്ഞത് രാത്രി ഏറെ വൈകിയാണ്. ബഹ്റൈനിൽ ജോലി തേടിയെത്തിയിട്ട് അത് പറ്റാത്തതിനാൽ സുഹൃത്തിന്റെ സഹായത്തോടെ സൗദിയിൽ എത്തി. അന്ന് അപൂർവംപേരെ സൗദിയിലുള്ളൂ. ഉള്ളവരെല്ലാം എൻജിനീയർമാരും ഡോക്ടർമാരും. മൺകട്ടകളും ഈന്തപ്പന കഷണങ്ങളുംകൊണ്ട് നിർമിച്ച കെട്ടിടത്തിലായിരുന്നു താമസം. ഇടുങ്ങിയ മുറികളിൽ എയർ കണ്ടീഷനർ എല്ലായ്പോഴും പ്രവർത്തിപ്പിക്കാനാവില്ല. കാരണം ഇടക്കിടെ വൈദ്യുതി പോകും. ഫ്രിഡ്ജ് അപൂർവ വസ്തുവാണ്. അധികം ലേബർ ക്യാമ്പുകളിലും എ.സി ഉണ്ടായിരുന്നില്ല.
അന്ന് ദമ്മാമിൽ ആകെ ഇത്തിരിവട്ടത്ത് മാത്രമാണ് ജനവാസം. ഇന്നുള്ള സ്റ്റേഡിയം കഴിഞ്ഞാൽ ദമ്മാം അവസാനിച്ചു. പിന്നീട് കുന്നുകളും മലകളുമാണ്. ഇന്ന് ശ്രദ്ധേയമായ അബ്ദുല്ല ഫുആദ് പ്രദേശമൊക്കെ കുന്നുകളും താഴ്വരകളും നിറഞ്ഞ സ്ഥലമായിരുന്നു. അതിനുശേഷം അനന്തമായ മരുഭൂമി. ദമ്മാമിൽ ചൂട് കൂടി എ.സി നിന്നുപോകുമ്പോൾ രാത്രിയിൽ തങ്ങൾ ആ പാറപ്പുറത്ത് പോയിക്കിടക്കും.
അന്ന് പള്ളികളിൽപോലും ഭക്ഷണമില്ല. സ്വദേശികൾക്കിടയിൽപോലും ദാരിദ്ര്യമുണ്ടായിരുന്നു. റിഫൈനറികളിൽ ജോലിചെയ്യാൻ കൊണ്ടുപോകുന്ന ജീവനക്കാർക്ക് 10 റിയാലാണ് ദിവസ ശമ്പളം. ആഴ്ചയിൽ 60 റിയാൽ. ഭക്ഷണം പോലുമില്ല. മാത്രമല്ല, ജോലി സ്ഥിരവുമല്ല. ആ സൗദിയിൽ ഇന്ന് വിഭവസമൃദ്ധമായ ഇഫ്താറുകൾ കാണുമ്പോൾ മനസ്സ് നിറയുന്നു. അന്നത്തെ പലകാലങ്ങൾ ഓർമവരും. പലപ്പോഴും കൺസ്ട്രക്ഷൻ സൈറ്റിൽ കടുത്തചൂടിൽ വെള്ളംമാത്രം കുടിച്ച് നോമ്പു തുറക്കേണ്ടി വന്നിട്ടുണ്ട്. സംഘടനകൾ സജീവമായതോടെയാണ് പ്രവാസം മാറിയത്. ദമ്മാമിലുള്ള നാട്ടുകാരിൽ ചിലർ ചേർന്ന് സംഘടിപ്പിച്ച ആദ്യ സമൂഹ ഇഫ്താറിന് കൂടിയതുതന്നെ 20 വർഷത്തിന് മുമ്പാണെന്നാണ് ഓർമ. ഇപ്പോൾ എല്ലാ ദിവസവും ഇഫ്താറുകളായി. ഇന്നത്തെ എല്ലാ സമൃദ്ധിക്കും അപ്പുറത്ത് സൗദിയിൽ ആദ്യം ആസ്വദിച്ച നോമ്പിന് മറക്കാനാവാത്ത മധുരമാണെന്ന് ഹസൻ കോയ അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.