വിൻറർ വൈബ്; യാംബുവിൽ ‘ഹവാന 2024’ ഫെസ്റ്റിവൽ
text_fieldsയാംബു: തണുപ്പുകാലമായതോടെ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശീതകാല ഉത്സവങ്ങൾ അരങ്ങേറുകയാണ്. യാംബു റോയൽ കമീഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ യാംബു വാട്ടർ ഫ്രണ്ട് പാർക്കിൽ നവംബർ 16ന് ആരംഭിച്ച ‘ഹവാന 2024’ ശൈത്യകാല ആഘോഷമാണ്. സമൂഹത്തിലെ വിവിധ തുറകളിൽനിന്നുള്ള ആളുകളെ ആകർഷിക്കുന്ന പരിപാടികളുമായി ഉത്സവം തുടരുകയാണ്. ജനുവരി 16 വരെ നീളും.
ഉത്സവനഗരിയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമെല്ലാം ഉല്ലസിക്കാൻ ആവശ്യമായ വിവിധതരം പരിപാടികളും വിനോദ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗെയിംസ് സിറ്റി, ലേസർ ലൈറ്റ് ഷോകൾ, വെർച്വൽ റിയാലിറ്റി ഗെയിമുകൾ, ഷൂട്ടിങ് ഗെയിമുകൾ, പക്ഷിപാർക്ക്, കുട്ടികളുടെ തിയറ്റർ, കുതിരകളുടെയും ഒട്ടകങ്ങളുടെയും ശിൽപങ്ങൾ എന്നിവയെല്ലാം നഗരിയിലുണ്ട്. വിപുലമായ ഷോപ്പിങ്ങിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാവിധ സാധനങ്ങളും ലഭിക്കുന്ന ഷോപ്പിങ് പവിലിയനുകളും രുചിവൈവിധ്യം വിളമ്പുന്ന ഭക്ഷണശാലകളുമുണ്ട്. കഫേകളും ഫുഡ് കോർട്ടുകളും സന്ദർശകരുടെ തിരഞ്ഞെടുപ്പിനുതകും വിധം വിപുലമായി തന്നെയുണ്ട്.
വിനോദം, സാംസ്കാരിക പ്രവർത്തനങ്ങൾ, വിപണന അനുഭവങ്ങൾ എന്നിവ സന്ദർശകർക്ക് പകർന്നു നൽകുന്ന വൈവിധ്യമാർന്ന പരിപാടികളാണ് മേളയിൽ നടന്നുവരുന്നത്. യാംബു ഹവാന ഫെസ്റ്റിവൽ റോയൽ കമീഷൻ സി.ഇ.ഒ എൻജി. അബ്ദുൽ ഹാദി ബിൻ അബ്ദുൽ റഹ്മാൻ അൽ ജുഹാനിയാണ് ഉദ്ഘാടനം ചെയ്തത്. യാംബുവിലെ സ്വദേശികളുടെയും വിദേശികളുടെയും അഭിരുചികൾക്കനുസരിച്ചുള്ള മികച്ച സാംസ്കാരിക പരിപാടികളും വിവിധ സ്റ്റാളുകളുടെ സേവനങ്ങൾ ലഭിക്കാനുള്ള അവസരവും മേളയിൽ ഒരുക്കിയിട്ടുണ്ട്. പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുക, ചെറുതും വലുതുമായ പ്രാദേശിക കമ്പനികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക, സൗദി യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുക, പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക, ടൂറിസം മേഖലയെ സമ്പന്നമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘ഹവാന 2024’ ഫെസ്റ്റിവൽ ഒരുക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.