യു.ഡി.എഫിൽനിന്ന് പോയതല്ല, പിടിച്ച് പുറത്ത് കളഞ്ഞതാണ് -കെ.ബി. ഗണേഷ്കുമാർ എം.എൽ.എ
text_fieldsറിയാദ്: യു.ഡി.എഫ് സംവിധാനത്തിൽനിന്ന് തങ്ങൾ സ്വയം പുറത്ത് പോയതല്ല, പിടിച്ചു പുറത്ത് കളഞ്ഞതാണെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ റിയാദിൽ പറഞ്ഞു. ചില കുഴപ്പങ്ങൾ ചൂണ്ടിക്കാണിച്ചതിന് എന്നെയും എന്റെ പിതാവിനെയും പുറത്ത് ചാടിച്ചു. എവിടെയായാലും പറയാനുള്ളത് പറയും. അതിന്റെ പേരിലുള്ള നഷ്ടങ്ങൾ നോക്കാറില്ല. എം.എൽ.എയോ മന്ത്രിയോ ആയി മരിക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര അസോസിയേഷൻ സംഘടിപ്പിച്ച ‘ക്യാപിറ്റൽ വിത്ത് കെ.ബി.ജി’ എന്ന സംവാദ സദസ്സിലാണ് അദ്ദേഹം ചോദ്യത്തിന് മറുപടിയായി ഇക്കാര്യങ്ങൾ പറഞ്ഞത്.
ദൈവം തമ്പുരാൻ നേരിട്ട് ഇറങ്ങിവന്നാലും കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാനാകില്ലെന്ന് മുൻ ഗതാഗത മന്ത്രി കൂടിയായ കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. ഇത് തങ്ങളുടെ കൂടി ജീവിതമാർഗമാണ്, ഈ സംവിധാനം നിലനിൽക്കേണ്ടത് തങ്ങളുടെ കൂടി ആവശ്യമാണ് എന്ന ചിന്ത തൊഴിലാളികൾക്ക് വരുന്ന കാലംവരെ ഈ ദുരവസ്ഥ തുടരും. കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് അതിലെ ജീവനക്കാരാണ്. നാട്ടുകാർക്ക് വേറെയും യാത്രാസംവിധാനങ്ങൾ ഉണ്ട്. ഇക്കാര്യം ജീവനക്കാർ തിരിച്ചറിയണം. ബോധ്യമുള്ള കാര്യങ്ങൾ തുറന്ന് പറയുന്നതുകൊണ്ട് പ്രതിച്ഛായക്ക് കോട്ടംതട്ടുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിൽനിന്ന് നേരിട്ട് തിരുവനന്തപുരത്തേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള പ്രതിസന്ധികൾ ജീവകാരുണ്യ പ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോൾ അക്കാര്യം കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റെയും നോർക്ക ചെയർമാന്റെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് അദ്ദേഹം സദസ്സിന് ഉറപ്പ് നൽകി. ഒഡെപെക് പോലെയുള്ള സർക്കാർ സംവിധാനങ്ങൾ വഴിയാണ് വിദേശ ജോലി തിരഞ്ഞെടുക്കാൻ ആശ്രയിക്കേണ്ടത്.
വിദേശത്തേക്കുള്ള വ്യാജ റിക്രൂട്ട്മെന്റുകൾ തടയാൻ പൊതുസമൂഹത്തെ മാധ്യമങ്ങൾ സഹായിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സിനിമയും രാഷ്ട്രീയവും ഒരുപോലെ ഇഷ്ടമാണ്. പക്ഷേ സിനിമാനടനെക്കാൾ ഇപ്പോൾ തനിക്ക് ഇഷ്ടം തന്നിലെ പൊതുപ്രവർത്തകനെയാണ്. രക്തബന്ധമല്ലാത്ത സ്നേഹം മാത്രം തരുന്ന സാധാരണക്കാരുടെ സ്നേഹം ഏറ്റുവാങ്ങാൻ പൊതുപ്രവർത്തകർക്കേ കഴിയൂ എന്നും നല്ലൊരു സാമൂഹിക- സാംസ്കാരിക അന്തരീക്ഷം പ്രവാസത്തിലും നാട്ടിലും നിലനിൽക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ജീവകാരുണ്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കെ.എം.സി.സിയെ കെ.ബി. ഗണേഷ്കുമാർ എം.എൽ.എ അഭിനന്ദിച്ചു. കൊട്ടാരക്കര അസോസിയേഷൻ പ്രസിഡന്റ് പ്രെഡിൻ അലക്സ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജോയന്റ് സെക്രട്ടറി ഷിബു ഉസ്മാൻ മോഡറേറ്ററായിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും സജു മത്തായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.