യുവ സംരംഭകരെ കണ്ടെത്താൻ അരാംകോ റോഡ്ഷോ നടത്തുന്നു
text_fieldsജുബൈൽ: പുതുതലമുറയിലെ സംരംഭകരെ കണ്ടെത്തുന്നതിനും ധനസഹായം നൽകുന്നതിനുമായി നാഷനൽ പെട്രോളിയം കമ്പനിയായ സൗദി അരാംകോയുടെ സംരംഭകത്വ വിഭാഗമായ 'വെയ്ദ്'റോഡ്ഷോ നടത്താനൊരുങ്ങുന്നു.പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ആശയങ്ങളെ പിന്തുണക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന റോഡ്ഷോ സെപ്റ്റംബർ മുതൽ ഡിസംബർവരെ ആറ് സൗദി നഗരങ്ങളിൽ നിരവധി പരിപാടികൾ അവതരിപ്പിക്കും. രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയിൽ നിലവിലുള്ള വിടവുകൾ നികത്തുന്ന വാണിജ്യ സംരംഭങ്ങളിലേക്ക് വായ്പകളും വെഞ്ച്വർ കാപിറ്റൽ നിക്ഷേപങ്ങളും കൈമാറാൻ 'വെയ്ദി'ന് 100 ദശലക്ഷം റിയാൽ വക കണ്ടിട്ടുണ്ട്.
റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാംബു, മുൻശാഅത്ത്, സൗദി ജനറൽ അതോറിറ്റി ഫോർ സ്മോൾ മീഡിയം എൻറർപ്രൈസസ്, നമാ അൽമുനവറ, വാദി മക്ക എന്നീ സർക്കാർ ഏജൻസികളാണ് പങ്കാളികൾ. സൗദി സംരംഭക വ്യവസ്ഥക്ക് മൂല്യം വർധിപ്പിക്കുകയും രാജ്യത്ത് സാമ്പത്തിക വൈവിധ്യവത്കരണത്തിെൻറ വേഗത വർധിപ്പിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ സംരംഭകരെ കണ്ടെത്താനും ധനസഹായം നൽകാനുമുള്ള വിവിധ ഏജൻസികളുമായുള്ള അരാംകോയുടെ ഏകോപിത ശ്രമമാണ് ഇത്തരം ഷോകൾ എന്ന് വെയ്ദ് മാനേജിങ് ഡയറക്ടർ വാസിം ബസ്രാവി പറഞ്ഞു. സൗദി സമ്പദ്വ്യവസ്ഥയുടെ വികസനത്തിനും വൈവിധ്യവത്കരണത്തിനും ക്രിയാത്മകമായി സംഭാവന നൽകാൻ സാധ്യതയുള്ള ധീരമായ ആശയങ്ങൾ തേടുക എന്നതാണ് വെയ്ദിെൻറ ലക്ഷ്യം.
സാങ്കേതികവിദ്യ, ഇ-കോമേഴ്സ്, നിർണായക മേഖലകളിലെ അവസരങ്ങളുടെ വേഗത എന്നിവ നിലനിർത്തുന്നതിനുമായി 2023ഓടെ വാർഷിക വായ്പ, വെഞ്ച്വർ കാപിറ്റൽ ഡീൽ അളവ് ഇരട്ടിയാക്കാനും വെയ്ദ് ലക്ഷ്യമിട്ടിട്ടുണ്ട്. ക്രിയാത്മകമായ ആശയങ്ങളും സ്റ്റാർട്ടപ്പുകളും ഉള്ള സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയും മാർഗനിർദേശവും ഉപകരണങ്ങളും നൽകി സൗദി അറേബ്യയിലെ നൂറിലധികം സംരംഭകരെയാണ് നിലവിൽ 'വെയ്ദ്'പിന്തുണക്കുന്നത്. സൗദി സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കുന്നതിനും സംരംഭകരെ പരിപോഷിപ്പിക്കുന്നതിനുമായി 2011ലാണ് 'വെയ്ദ്'എന്നപേരിൽ സൗദി അരാംകോയുടെ സംരംഭകത്വ കേന്ദ്രം ആരംഭിച്ചത്. സൗദി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകളിൽ ഏറ്റവും വലിയ സംരംഭകത്വ മൂലധന നിക്ഷേപമാണ് 'വെയ്ദി'നുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.