ഏഴ് വർഷമായി നാട്ടിൽ പോയിട്ടില്ല; ഒടുവിൽ മടങ്ങുന്നത് ചേതനയറ്റ ശരീരമായി
text_fieldsറിയാദ്: തൊഴിൽ വിസയിൽ റിയാദിലെത്തിയ ശേഷം നാട്ടിൽ പോയിട്ടില്ല, ഒടുവിൽ മടങ്ങുന്നത് ചേതനയറ്റ ശരീരമായി. 13 ദിവസം മുമ്പ് റിയാദിലെ താമസസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി തെക്കത്ത് വീട്ടിൽ ഹരിദാസിന്റെ (63) മൃതദേഹമാണ് നാട്ടിൽ കൊണ്ടു പോകുന്നത്.
ഏഴു വർഷത്തിന് ശേഷമാണ് ഈ മടക്കം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ട് എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. പരേതരായ കുട്ടികൃഷ്ണൻ, സരോജനി അമ്മ എന്നിവരാണ് മാതാപിതാക്കൾ. മൃദുലയാണ് ഭാര്യ, ഏക മകൻ: പ്രണവ്.
ഏഴ് വർഷം മുമ്പ് റിയാദിലെത്തിയ ഹരിദാസിന് എക്സിറ്റ് 23ലെ ഖുറൈസ് മാളിലായിരുന്നു ജോലി. പലവിധ കാരണങ്ങളാൽ നാട്ടിലേക്കുള്ള യാത്രനീണ്ടു. അതിനിടെ 13 ദിവസം മുമ്പ് റിയാദ് ശുമൈസിയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.
ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദിലുള്ള മാതൃസഹോദരി പുത്രൻ പ്രസാദ് കെ.എം.സി.സി പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. ഔദ്യോഗിക നടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ഷറഫുദ്ദീൻ ചേളാരി, നസീർ കണ്ണേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.