അയലത്തെ അദ്ദേഹം...
text_fields2015 ഏപ്രിൽ അഞ്ച് ഉച്ചക്ക് 12 മണി. ഫോണിെൻറ നിർത്താതെയുള്ള കരച്ചിൽ. ഇന്ത്യൻ സ്കൂളിൽ അധ്യാപികയായ ഞാൻ ക്ലാസ് എടുക്കുന്നതിനിടയിൽ തെല്ലൊരു ദേഷ്യത്തോടെ കാൾ അറ്റൻഡ് ചെയ്തു. പരിചയമില്ലാത്ത നമ്പർ, അങ്ങേ തലയ്ക്കൽ വേവലാതി നിറഞ്ഞ ഒരു ചോദ്യം: 'ടീച്ചറെ വീടിെൻറ വാതിൽ അടക്കാൻ മറന്നുപോയോ?' പിന്നെ തുടരെ തുടരെ കാളുകൾ. നെഞ്ചിലൊരു കൊള്ളിയാൻ മിന്നി. എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു.
ഉടൻ ഓഫിസിലുള്ള ഭർത്താവിനെ ഫോൺ ചെയ്ത് വിവരം അറിയിച്ചു. അദ്ദേഹം സ്കൂളിൽ വന്ന് എന്നെയും കൊണ്ട് വീട്ടിലെത്തി. ദയനീയമായ കാഴ്ച. വീട് മുഴുവൻ അരിച്ചുപെറുക്കിയ ലക്ഷണം. മകളുടെ വിവാഹത്തിനായി എടുത്തുവെച്ച സ്വർണാഭരണങ്ങളുടെ ബോക്സ് കാണാനില്ല.
അലമാരയിൽ ഡയറിക്ക് അകത്ത് െവച്ചിരുന്ന പണവും അപ്രത്യക്ഷമായിരിക്കുന്നു. ഭർത്താവ് പൊലീസിനെ ബന്ധപ്പെടുകയും സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു. മോഷണ വിവരം അറിഞ്ഞു ഒരുപാട് ആളുകൾ വീടിനുമുന്നിൽ കൂട്ടംകൂടി ഊഹാപോഹങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങി.
ആകെ തകർത്തിട്ടിരിക്കുന്ന വീട്. വീട്ടിലേക്ക് കയറാനോ ഇരിക്കാനോ ഭക്ഷണം എന്തെങ്കിലും ഉണ്ടാക്കാനോ ഒന്നിനും കഴിയുന്നില്ല. അപ്പോഴാണ് ദൈവദൂതനെപ്പോലെ എതിർ ഫ്ലാറ്റിൽ താമസിക്കുന്ന വിനോദ് വന്നത്. 'ടീച്ചറെ...' എന്ന് വിളിച്ചു കൊണ്ട്. അദ്ദേഹത്തോടൊപ്പം ഒന്ന് രണ്ട് ജോലിക്കാരുമുണ്ട്. തകർത്തിട്ടിരിക്കുന്ന വീടിെൻറ വാതിൽ ശരിയാക്കാനായിരുന്നു ആ വരവ്. വിനോദിനെ സ്ഥിരം കാണാറുണ്ടെങ്കിലും അടുക്കാൻ മടിക്കുന്ന ഒരു പ്രകൃതം.
ചുണ്ടിൽ പുഞ്ചിരിക്ക് വരെ പിശുക്ക് കാണിക്കുന്ന ഒരു മനുഷ്യൻ. ജോലിക്കാരെ വിളിക്കും മുമ്പ് അദ്ദേഹം ആദ്യം ചെയ്തത് ഞങ്ങൾക്ക് ഭക്ഷണം വരുത്തി തരലാണ്. എന്നെയും കുട്ടികളെയും ആശ്വസിപ്പിച്ചു. ശേഷം ജോലിക്കാർക്കൊപ്പം കൂടി വാതിൽ ശരിയാക്കി. ശക്തമായ സുഹൃദ്ബന്ധത്തിന് ദൈനംദിന സംഭാഷണമോ കൂട്ടായ്മയോ ആവശ്യമില്ല. അവിടെ നിന്ന് വീട് മാറിയിട്ടും ഇപ്പോഴും സൗഹൃദം തുടരുന്നു. കടലോളം കഥകൾ മടുക്കാതെ മിണ്ടിയും കേട്ടും ഇരിക്കാൻ കഴിയുന്നതാണ് സൗഹൃദത്തിെൻറ മറ്റൊരു മായാജാലം.
ഖദീജ ഹബീബ്, ദമ്മാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.