നിയമക്കുരുക്കിൽനിന്ന് മോചനം നേടി നാട്ടിലേക്കു മടങ്ങി
text_fieldsദമ്മാം: വിവിധ പ്രശ്നങ്ങളിൽപെട്ട് നാട്ടിൽ പോകാനാകാതെ, നിയമക്കുരുക്കിൽ കുടുങ്ങിക്കിടന്ന ലക്ഷ്മി (ആന്ധ്രപ്രദേശ്), പുഷ്പ (തമിഴ്നാട്) എന്നിവർ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ മോചനം നേടി നാട്ടിലേക്കു മടങ്ങി.
ആസ്ത്മയുടെ അസുഖം കാരണം ജോലി ചെയ്യാനാകാത്തതിനാൽ സ്പോൺസർ ഉപേക്ഷിച്ച തമിഴ്നാട് സ്വദേശിനി പുഷ്പ, ആറുമാസം മുമ്പാണ് ദമ്മാം വനിത അഭയകേന്ദ്രത്തിൽ എത്തുന്നത്. മൂന്നുമാസം കഴിഞ്ഞപ്പോൾ നവയുഗം ആക്ടിങ് പ്രസിഡൻറും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടെൻറ ഇടപെടലിൽ പുഷ്പക്ക് എക്സിറ്റ് അടിച്ചുകിട്ടി. നാട്ടിലേക്കു മടങ്ങാനായി ദമ്മാം വിമാനത്താവളത്തിൽ എത്തിയ പുഷ്പക്ക് പെട്ടെന്ന് അസുഖം കൂടിയതിനാൽ വിമാനയാത്ര മുടങ്ങി. മഞ്ജു നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിെൻറ സഹായത്തോടെ സഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും അസുഖം ഗുരുതരമായതിനെത്തുടർന്ന് സെൻട്രൽ ഹോസ്പിറ്റലിലേക്കു മാറ്റി. ഒരു മാസത്തോളം അവിടെ അവർക്ക് കഴിയേണ്ടിവന്നു.
അസുഖം കുറഞ്ഞ് പുഷ്പയെ ഡിസ്ചാർജ് ചെയ്തപ്പോൾ മഞ്ജു അവരെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ശുശ്രൂഷിച്ചു. സാമൂഹികപ്രവർത്തകനായ വെങ്കിടേഷ് പുഷ്പയുടെ വീട്ടുകാരെ കണ്ടെത്താൻ സഹായിച്ചു. ഇതിനിടെ കാലാവധി തീർന്നുപോയ പുഷ്പയുടെ ഫൈനൽ എക്സിറ്റും മഞ്ജു പുതുക്കിനൽകി. എന്നാൽ, വിമാനത്തിൽ കൂട്ടിന് ആരെങ്കിലും പോയാൽ മാത്രമേ, പുഷ്പയെ നാട്ടിലേക്ക് അയക്കാൻ പറ്റൂ എന്ന സ്ഥിതിയായി. ജോലിസ്ഥലത്തെ ദുരിതങ്ങളിൽനിന്നും രക്ഷപ്പെടാൻ, റിയാദിലെ ഇന്ത്യൻ എംബസിയിൽ അഭയംതേടിയ ആന്ധ്രപ്രദേശ് സ്വദേശിനി ലക്ഷ്മിയുടെ കേസ്, എംബസി മഞ്ജു മണിക്കുട്ടനെ ഏൽപിച്ചത് ഈ സമയത്താണ്. ദമ്മാമിൽ എത്തിയ ലക്ഷ്മിയെ മഞ്ജു കൂട്ടിക്കൊണ്ടുപോയി വീട്ടിൽ താമസിപ്പിച്ചു. ഏറെ പരിശ്രമങ്ങൾക്കൊടുവിൽ ലക്ഷ്മിക്ക് ഫൈനൽ എക്സിറ്റ് അടിച്ചുവാങ്ങാൻ മഞ്ജുവിന് കഴിഞ്ഞു. ലക്ഷ്മിക്കും പുഷ്പക്കും ഇന്ത്യൻ എംബസി വഴി ഔട്ട്പാസും മഞ്ജു വാങ്ങി നൽകി. പിന്നെ ലക്ഷ്മിയുടെ കൂടെ പുഷ്പയെ നാട്ടിൽ വിടാനുള്ള സജ്ജീകരണങ്ങൾ നവയുഗം ജീവകാരുണ്യവിഭാഗം നടത്തി. രണ്ടുപേർക്കും നാട്ടിൽ പോകാനുള്ള പി.സി.ആർ ടെസ്റ്റ് സഫ ഹോസ്പിറ്റൽ സൗജന്യമായി നടത്തി നൽകി. നിർധനയായ പുഷ്പക്ക്, സാമൂഹികപ്രവർത്തകരായ ഹമീദ് കാണിച്ചാട്ടിൽ, ഷാജഹാൻ എന്നിവർ വസ്ത്രങ്ങളും ബാഗും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങിക്കൊടുത്തു. എംബസി വളൻറിയർമാരായ മിർസ ബൈഗ്, ഇബ്രാഹിം എന്നിവരും ഈ കേസിെൻറ പലഘട്ടങ്ങളിലും മഞ്ജുവിനെ സഹായിക്കാനുണ്ടായിരുന്നു. നിയമനടപടികൾ പൂർത്തിയായി ലക്ഷ്മിയും പുഷ്പയും എല്ലാവർക്കും നന്ദി പറഞ്ഞു നാട്ടിലേക്കു മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.