ആരോഗ്യം: തണുപ്പിനെ വെല്ലുവിളിക്കരുത്: ആസ്ത്മ രോഗികൾ കരുതലെടുക്കണം
text_fieldsറിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ വരുംനാളുകളിൽ ശൈത്യം കടുത്തേക്കാവുന്ന സാഹചര്യത്തിൽ ശ്വാസകോശസംബന്ധമായ രോഗമുള്ളവർ കരുതലെടുക്കണമെന്ന് റിയാദിലെ പ്രമുഖ ആസ്ത്മ രോഗ വിദഗ്ധൻ ഡോ. എം. അസ്കർ പറഞ്ഞു. അമിത തണുപ്പ് നേരിട്ടേൽക്കുന്ന എല്ലാ സാഹചര്യങ്ങളിലും ആസ്ത്മ, അലർജി രോഗികൾ ജാഗ്രത പുലർത്തണം. കൊടുംതണുപ്പിലും ആവശ്യമായ മുൻകരുതലില്ലാതെ പുറത്തിറങ്ങുന്ന ചെറുപ്പക്കാർ ധാരാളമുണ്ട്. താൽകാലികമായ അവരുടെ ആരോഗ്യാവസ്ഥ പെടുന്നനെ പരിക്കേൽപിക്കില്ലെങ്കിലും സമീപഭാവിയിൽ അത് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. കാലാവസ്ഥ മാറ്റങ്ങളെ വെല്ലുവിളിക്കാതെ അതിനനുസരിച്ചു വസ്ത്രവും ഭക്ഷണവും ക്രമപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്.
ആസ്ത്മ ഉൾപ്പടെയുള്ള രോഗബാധയുള്ളവർ പരമാവധി യാത്രകൾ ഒഴിവാക്കണം. നിർബന്ധിത സാഹചര്യത്തിൽ യാത്രക്ക് തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രവും ഭക്ഷണവും ഉൾപ്പെടെ ആവശ്യമായ മുൻ കരുതലെടുക്കണം. മഴയുണ്ടാകുന്ന സാഹചര്യങ്ങളിൽ പലർക്കും ശ്വാസകോശം ചുരുങ്ങി ശ്വാസതടസ്സം നേരിടേണ്ടിവരാറുണ്ട്. അങ്ങനെ അനുഭവമുള്ളവർ ഡോക്ടറെ കണ്ട് മരുന്നും ഇൻഹേലർ വേണമെങ്കിൽ അതും കൈയിൽ കരുതണം. തണുപ്പ് സമയത്ത് ശ്വാസതടസ്സത്തിന്റെ സൂചന ലഭിച്ചാൽതൊട്ടടുത്തുള്ള ആശുപത്രിയിലോ ക്ലിനിക്കിലോ ചികിത്സ തേടണം.
രോഗശമനത്തിന് കാത്തിരിക്കരുതെന്നും പെട്ടന്ന് ഗുരുതരാവസ്ഥയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തണുപ്പ് തൊലിപ്പുറത്തും ശ്വാസകോശത്തിലുമാണ് വേഗത്തിൽ പരിക്കേൽപിക്കുന്നത്. അതിനാൽ തണുപ്പ് ഏൽക്കാതിരിക്കാനുള്ള മുൻകരുതലെടുക്കേണ്ടതാണ്. സന്ദർശകരായി സൗദിയിലെത്തുന്നവർ ആസ്ത്മയുമായി ബന്ധപ്പെട്ട മരുന്നുകൾ എടുക്കുന്നവരാണെങ്കിൽ സൗദിയിലെ തണുപ്പിനെ കുറിച്ച് ഡോക്ടറെ ബോധ്യപ്പെടുത്തി മരുന്നുകൾ കരുതണം. ചികിത്സരേഖകളും കൈയിൽ കരുതണം.
സൗദിയുടെ കടലോര നഗരങ്ങളിൽ നിന്ന് റിയാദ് പോലുള്ള സ്ഥലങ്ങളിലെത്തുമ്പോൾ അന്തരീക്ഷത്തിലെ ഈർപ്പക്കുറവ് ചിലരിൽ ശ്വാസതടസ്സമുണ്ടാക്കും. അത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കില്ലെങ്കിലും അസ്വസ്ഥത തോന്നുമ്പോൾ ചികിത്സ തേടണം. തണുപ്പിൽ രക്തയോട്ടത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മരവിപ്പും സന്ധിവേദനകളുമുണ്ടാക്കും. കൃത്യമായ വ്യായാമം ചെയ്യുകയാണ് അതിനുള്ള പ്രതിവിധി. ശ്വസനവ്യായാമവും നിർബന്ധമായി തുടരണമെന്നും ഡോ. അസ്കർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.