സൗദിക്കും ബഹ്റൈനുമിടയിൽ യാത്രക്ക് ഹെൽത്ത് ഇ-പാസ്പോർട്ട്
text_fieldsജുബൈൽ: സൗദി അറേബ്യക്കും ബഹ്റൈനും ഇടയിൽ യാത്ര സുഗമമാക്കുന്നതിന് ഹെൽത്ത് ഇ-പാസ്പോർട്ട് പുറത്തിറക്കി. ഇലക്ട്രോണിക് ഡോക്യുമെന്റ് സജീവമാക്കുന്നതിന് സൗദി അതോറിറ്റി ഫോർ ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബഹ്റൈനിലെ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയും തമ്മിലുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കോവിഡ് പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കും വിദേശികളായ താമസക്കാർക്കും കിങ് ഫഹദ് കോസ്വേയിലുടനീളമുള്ള യാത്രയിൽ ആരോഗ്യ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാൻ ഇത് സഹായിക്കും. കഴിഞ്ഞവർഷം ജനുവരിയിലാണ് സൗദിയിൽ ഹെൽത്ത് പാസ്പോർട്ട് സംവിധാനം കൊണ്ടുവന്നത്. തവക്കൽന ആപ്പിലാണ് ഈ സംവിധാനമുള്ളത്. അതിനുശേഷം പി.സി.ആർ ഫലവും യാത്ര ഇൻഷുറൻസ് പോളിസിയും ഉൾപ്പെടുത്തി സംവിധാനം വിപുലീകരിച്ചു. പിന്നീട് ഹെൽത്ത് പാസ്പോർട്ടിനെ അതിർത്തി സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയായിരുന്നു. ബോർഡിങ് പാസ് നൽകുമ്പോൾ യാത്രക്കാരുടെ ആരോഗ്യനില പരിശോധിക്കും. യാത്ര ആവശ്യകതകൾ പ്രദർശിപ്പിക്കുന്നതിന് ഗതാഗത സംവിധാനങ്ങളുമായി സംയോജിപ്പിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ഔദ്യോഗിക രേഖയായി അംഗീകരിക്കാൻ കഴിയുന്ന തരത്തിൽ ഹെൽത്ത് ഇ-പാസ്പോർട്ട് മെച്ചപ്പെടുത്തുകയാണ് അധികൃതരുടെ ലക്ഷ്യം.
സൗദി സെൻട്രൽ ബാങ്കും ഹെൽത്ത് ഇൻഷുറൻസ് കൗൺസിലും അംഗീകരിച്ച ഇൻഷുറൻസ് പോളിസി ഡേറ്റ അവലോകനം ചെയ്യുന്നതിനായി ഹെൽത്ത് ഇ-പാസ്പോർട്ടിൽ കഴിഞ്ഞ ജൂലൈയിൽ ഒരു ഫീച്ചർ ഉൾപ്പെടുത്തിയിരുന്നു. ഇത് സൗദിക്ക് പുറത്തുള്ള യാത്ര നടപടികൾ സുഗമമാക്കുന്നതിനായിരുന്നു.
നവംബറിൽ സൗദിയും ബഹ്റൈനും ഹെൽത്ത് പാസ്പോർട്ട് സജീവമാക്കുന്നതിനും തവക്കൽനക്കും ബഹ്റൈന്റെ 'ബി അവെയർ' ആപ്പിനുമിടയിൽ സാങ്കേതിക സംയോജനം സാധ്യമാക്കുന്നതിനുമുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. കിങ് ഫഹദ് കോസ്വേയിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുകയാണ് ഹെൽത്ത് ഇ-പാസ്പോർട്ടിന്റെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.