പുണ്യസ്ഥലങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ ആരോഗ്യ മന്ത്രി പരിശോധിച്ചു
text_fieldsമക്ക: പുണ്യ സ്ഥലങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ ഒരുക്കം സൗദി ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിൽ പരിശോധിച്ചു. ഹജ്ജ് സീസണിൽ തീർഥാടകർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള കരുതലിന്റെ ഭാഗമായാണിത്. മക്ക ഹെൽത്ത് സെൻററും അറഫയിലെയും മിനയിലെയും ആരോഗ്യ പരിപാലന സ്ഥാപനങ്ങളും റെഡ് ക്രസൻറ് അതോറിറ്റിയുടെ ആസ്ഥാനവും മന്ത്രി സന്ദർശിച്ചു. ഈസ്റ്റ് അറഫ ആശുപത്രി സന്ദർശിച്ചാണ് മന്ത്രി തന്റെ പര്യടനം ആരംഭിച്ചത്.
അവിടത്തെ ആശുപത്രി ഡിപ്പാർട്മെൻറുകളിലെ പ്രവർത്തന പുരോഗതിയെക്കുറിച്ച് ബന്ധപ്പെട്ടവർ മന്ത്രിക്ക് വിശദീകരിച്ചുകൊടുത്തു. അറഫയിൽ നപ്കോ ആസ്ഥാനം, ഫ്ലക്സിബിൾ ഫ്ലോറിങ്, ചൂട് കുറക്കാനുള്ള പെയിൻറിങ് എന്നിവ മന്ത്രി കണ്ടു. മശാഇറിലെ ഹെൽത്ത് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറിനായുള്ള ദേശീയ കേന്ദ്രത്തിന്റെറ ഉദ്ഘാടനവും സന്ദർശനത്തിനിടെ നിർവഹിച്ചു. മിനയിലെ മിന അൽവാദി ആശുപത്രിയും മിന എമർജൻസി ആശുപത്രിയും സന്ദർശിച്ച് മിനയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ സന്നദ്ധത അവലോകനം ചെയ്തു.
ഹജ്ജ് സീസണിൽ തീർഥാടകർക്കായി പരമാവധി പരിശ്രമങ്ങളും ഉയർന്ന തലത്തിലുള്ള ആരോഗ്യ സംരക്ഷണവും നൽകേണ്ടതിന്റെ ആവശ്യകത ആരോഗ്യ മന്ത്രി ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ പദവിക്കും തീർഥാടകരോടുള്ള അസാധാരണ ആതിഥ്യത്തിനും യോജിച്ച രീതിയിൽ ഹജ്ജ് വേളയിൽ സേവനനിരതരാകാനുള്ള മെഡിക്കൽ ടീമുകളുടെ സന്നദ്ധത മന്ത്രി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.