ആരോഗ്യ നിരീക്ഷണ സംവിധാനം ലംഘിച്ച മൂന്ന് വിമാനക്കമ്പനികൾക്ക് പിഴ
text_fieldsറിയാദ്: ആരോഗ്യ നിരീക്ഷണ സംവിധാനം ലംഘിച്ച മൂന്ന് വിമാനക്കമ്പനികൾക്ക് ആരോഗ്യമന്ത്രാലയം പിഴ ചുമത്തി. പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത മൂന്ന് രാജ്യങ്ങളിൽനിന്ന് യാത്രക്കാരെ ആരോഗ്യ നിയമലംഘനം നടത്തി മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് കയറ്റിക്കൊണ്ടുവന്നതിനെ തുടർന്നാണിത്. പകർച്ചവ്യാധി പ്രദേശങ്ങളിൽനിന്നുള്ള രോഗവാഹകരെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ മൂന്ന് കമ്പനികളും പാലിച്ചില്ലെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
നിർദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായി വിമാനങ്ങളിൽ അണുനാശിനി തളിച്ചില്ല, എയർപോർട്ടുകളിലെ ആരോഗ്യ നിരീക്ഷണ സംവിധാനത്തിന്റെ എക്സിക്യൂട്ടിവ് ചട്ടങ്ങൾക്കനുസൃതമായി ആവശ്യമായ പ്രതിരോധ നടപടികൾ പാലിച്ചില്ല എന്നീ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പൊതുജനാരോഗ്യത്തിന് അപകടകരമായേക്കാവുന്ന ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാനാണ് മൂന്ന് കമ്പനികൾക്കെതിരെ അച്ചടക്കനടപടികൾ സ്വീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
എയർപോർട്ടുകളിലെ ആരോഗ്യ കൺട്രോൾ സംവിധാനത്തിന്റെ ചട്ടങ്ങളിലെ പൊതുവായ നിയന്ത്രണങ്ങളും വ്യവസ്ഥകളും അടിസ്ഥാനമാക്കിയുള്ളതാണിത്. ആരോഗ്യപരമായ അപകടസാധ്യതകളെ അഭിമുഖീകരിക്കുന്നതിൽ നിക്ഷിപ്തമായ ഉത്തരവാദിത്തങ്ങളെ അടിസ്ഥാനമാക്കിയാണ് നടപടി. ആരോഗ്യ സുരക്ഷ വർധിപ്പിക്കുകയും പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യാനാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.
വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക്പോയന്റുകളിലും ആരോഗ്യനിയന്ത്രണം ശക്തിപ്പെടുത്തുന്നതിനും നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തുടർച്ചയായ നിരീക്ഷണങ്ങളുടെ ഭാഗമായാണ് ഈ നടപടികളുണ്ടാവുന്നത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.