മസ്ജിദുന്നബവിയിൽ ആതുരസേവനം; ‘സ്മാർട്ട് മെഡിക്കൽ’ ക്യാപ്സ്യൂൾ ക്ലിനിക്കുകൾ സജ്ജം
text_fieldsമദീന മസ്ജിദുന്നബവിയിൽ സജ്ജീകരിച്ച ‘സ്മാർട്ട് മെഡിക്കൽ’ ക്യാപ്സ്യൂൾ ക്ലിനിക്കുകൾ
മദീന: മസ്ജിദുന്നബവിയിലെത്തുന്നവർക്ക് ആതുരസേവനം നൽകുന്നതിനായി സ്മാർട്ട് മെഡിക്കൽ ക്യാപ്സ്യൂൾ ക്ലിനിക്കുകൾ. അൽ സ്വിഹ ഹോൾഡിങ് കമ്പനിയുടെ പിന്തുണയോടെ മദീന ഹെൽത്ത് ക്ലസ്റ്റർ മസ്ജിദുന്നബവിയുടെ മധ്യവടക്ക് ഭാഗത്തായാണ് ‘ത്വാബ, തിബാബ’ എന്നീ രണ്ട് ക്യാപ്സ്യൂൾ ക്ലിനിക്കുകൾ സജ്ജീകരിച്ചത്. ആരോഗ്യ, ഉപദേശക സേവനങ്ങളാണ് ഈ ക്ലിനിക്കുകളിൽനിന്ന് ലഭിക്കുകയെന്ന് മദീന ഹെൽത്ത് കൗൺസിൽ അറിയിച്ചു.
വിട്ടുമാറാത്ത രോഗങ്ങൾ കണ്ടെത്തുന്നതിനും ദ്രുതഗതിയിലുള്ള മെഡിക്കൽ പരിശോധനകൾ നടത്തുന്നതിനും സുപ്രധാന ലക്ഷണങ്ങൾ കൊണ്ട് രോഗനിർണയത്തിനും സഹായിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് ഈ ക്ലിനിക്കുകളിലുള്ളത്. ഇലക്ട്രോകാർഡിയോഗ്രാമുകൾ നടത്തുന്നതിനുള്ള സൗകര്യവുമുണ്ട്. സിഹ്വ വെർച്വൽ ആശുപത്രിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള പ്രത്യേക വെർച്വൽ മെഡിക്കൽ ക്ലിനിക്കിന്റെ പിന്തുണയോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളെയും കൃത്രിമ ബുദ്ധിയെയും പൂർണമായും ആശ്രയിക്കുന്ന ഒരു പ്രത്യേക സ്മാർട്ട് സ്വയം പരിശോധന ക്ലിനിക്കാണിത്.
അൽസലാം വഖഫ്, അൽഹറം ആശുപത്രികൾ, അൽസ്വാഫിയ, ബാബ് ജിബ്രീൽ ആരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ സേവന സംവിധാനങ്ങളുമായി ഈ ക്ലിനിക്കുകളെ ബന്ധിപ്പിച്ചിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൽ പ്രവർത്തിക്കുന്നവയാണിവ. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കാൻ യോഗ്യതയുള്ള ഒരു മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ടീമാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. പ്രതിദിനം 576 പേരെ ശുശ്രൂഷിക്കാനുള്ള ശേഷിയാണ് ഓരോ ക്യാപ്സ്യൂൾ ക്ലിനിക്കിനുമുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.