ഹൃദയാഘാതം; മലപ്പുറം സ്വദേശി യാംബുവിൽ മരിച്ചു
text_fieldsമുഹമ്മദ് നിയാസ്
യാംബു: വിരുന്നെത്തിയ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോൾ ഹൃദയാഘാതമുണ്ടായി മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി തെക്കേപ്പുറം ചെറുവളപ്പിൽ മുഹമ്മദ് നിയാസ് (37) ആണ് ശനിയാഴ്ച രാത്രി യാംബുവിൽ മരിച്ചത്. റിയാദിൽനിന്നും യാംബുവിലെത്തിയ സുഹൃത്തുക്കളെ വീട്ടിൽ സ്വീകരിച്ച് അവരോട് സംസാരിക്കുന്നതിനിടയിൽ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.
ഉടൻ സുഹൃത്തുക്കളും കെട്ടിട ഉടമസ്ഥനായ സ്വദേശിയും കൂടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ഫൈസൽ അൽ നഈമി ലിമിറ്റഡ് കമ്പനിയുടെ വെസ്റ്റേൺ റീജനൽ മാനേജരായിരുന്ന നിയാസ് 12 വർഷത്തോളമായി യാംബുവിലുണ്ട്. ഭാര്യ റൈഹാനത്ത് യാംബു അൽമനാർ ഇന്റർനാഷനൽ സ്കൂൾ ജീവനക്കാരിയാണ്.
ചെറുവളപ്പിൽ ആലി മുഹമ്മദ്, സൈനബ ദമ്പതികളുടെ മകനാണ് നിയാസ്. ഏക മകൻ റയ്യാൻ മുഹമ്മദ് അൽമനാർ ഇന്റർനാഷനൽ സ്കൂൾ യു.കെ.ജി വിദ്യാർഥി. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, നജീബ്, അബ്ദുന്നാസർ, സലിം, നവാസ്.
യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം യാംബുവിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹവുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കാൻ കമ്പനിയധികൃതരും അൽമനാർ സ്കൂൾ അധികൃതരും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്. നിയാസിന്റെ പെട്ടെന്നുള്ള വേർപാട് ബന്ധുക്കളെയും നാട്ടിലും ഗൾഫിലുമുള്ള സുഹൃത്തുക്കളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.