സൗദിയിൽ ഉഷ്ണതരംഗം; കിഴക്കൻ മേഖലയിൽ 50 ഡിഗ്രി സെൽഷ്യസ് താപനില
text_fieldsയാംബു: സൗദിയിൽ വേനൽ കൂടുതൽ കടുക്കുന്നു. ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ടെന്ന് ദേശീയ കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച കിഴക്കൻ മേഖലയിലെ ഹഫർ അൽ ബാത്വിന്‍ സമീപം ഖൈസുമയിൽ താപനില 50 ഡിഗ്രി സെൽഷ്യസായി ഉയർന്നു. അൽ ഖർജിലും റഫയിലും താപനില 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഉഷ്ണതരംഗം തുടരാനാണ് സാധ്യതയെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
ദമ്മാം, അൽ അഹ്സ, ഹഫ്ർ അൽ ബാത്വിൻ എന്നിവിടങ്ങളിൽ വ്യാഴാഴ്ച താപനില 48 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഗൾഫ് രാജ്യങ്ങളിൽ മിക്കയിടങ്ങളിലും ഇപ്പോൾ ഉയർന്ന താപനില അനുഭവപ്പെടുന്നുണ്ട്. സൗദിയിൽ കിഴക്കൻ മേഖലയിലും റിയാദ് മേഖലയിലും വരും ദിവസങ്ങളിലും ചൂട് കഠിനമായി തുടരാനാണ് സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാകേന്ദ്രം അറിയിച്ചു. അൽ ഖർജിലും റഫയിലും 48 ഡിഗ്രി സെൽഷ്യസും റിയാദ്, ബുറൈദ, അൽ മജ്മ എന്നിവിടങ്ങളിൽ 47 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
കിഴക്കൻ പ്രവിശ്യയിലും റിയാദ്, അൽ ഖസീം പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കേന്ദ്രം അറിയിച്ചു. മക്ക മേഖലയിലെ ചില പ്രദേശങ്ങളിലും ജിസാൻ, അസീർ, അൽ ബാഹ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം പൊടിക്കാറ്റ് വീശി. നജ്റാൻ, ജിസാൻ, അസീർ, അൽ ബാഹ എന്നിവിടങ്ങളിൽ കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.