യാംബു മേഖലയിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും
text_fieldsയാംബുവിൽ ആലിപ്പഴ വർഷത്തോടൊപ്പം മഴ പെയ്തപ്പോൾ
യാംബു: ചൊവ്വാഴ്ച യാംബുവിലും ഉംലജിലും ശക്തമായ മഴയും ആലിപ്പഴ വർഷവുമുണ്ടായി. രാവിലെ പൊതുവെ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെട്ടുവെങ്കിലും 11 മണിയോടെ അന്തരീക്ഷം മേഘാവൃതമായി മാറുകയായിരുന്നു. തുടർന്ന് ഇടി മിന്നലോട് കൂടിയ ശക്തമായ മഴ പെയ്തു. ആലിപ്പഴ വർഷവുമുണ്ടായി. യാംബു അൽ-നഖ്‌ലിലാണ് മഴയോടൊപ്പം ശക്തമായ തോതിൽ ആലിപ്പഴവർഷം കൂടുതലുണ്ടായത്. യാംബു ടൗണിലും മറ്റിടങ്ങളിലും ആലിപ്പഴ വർഷമുണ്ടായി. യാംബു അൽ-നഖ്‌ൽ, യാംബു റോയൽ കമീഷൻ, യാംബു ടൗൺ എന്നിവിടങ്ങളിലും ഉംലജ്, ബദർ, അൽ-റൈസ് ഭാഗങ്ങളിലും സാമാന്യം നല്ല മഴ പെയ്തു.
യാംബു അൽ-നഖ്ലിലെ താഴ്വരകളിൽ മഴവെള്ള ഒഴുക്ക് അനുഭവപ്പെട്ടതിനാൽ സിവിൽ ഡിഫൻസ് അവിടുത്തെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. താഴ്ന്ന പ്രദേശത്തുള്ളവരോട് കനത്ത മഴയുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് മാറിനിൽക്കാനും അറിയിപ്പ് നൽകി. പേമാരി മൂലം നാശ നഷ്ടമോ മറ്റോ റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ കണക്കിലെടുത്ത് സിവിൽ ഡിഫൻസ് സുരക്ഷാ പട്രോളിങ് കൂടുതൽ ഊർജിതമാക്കിയിരിന്നു.
യാംബുവിന്റെ വടക്കു ഭാഗത്തുള്ള താഴ്വര പ്രദേശങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നബാ, അബൂ ശകീർ, നബ്ത്ത് തുടങ്ങിയ പർവത നിരകളിലും നല്ല മഴ പെയ്തു. ശക്തമായ കാറ്റും ആലിപ്പഴ വർഷവും കൂട്ടത്തിലുണ്ടായി. അടുത്ത ദിവസവും മഴപെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾക്ക് ജാഗ്രതാനിർദേശം സിവിൽ ഡിഫൻസ് നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.