സൗദിയിൽ വ്യാപക മഴയും വടക്കൻ മേഖലയിൽ മഞ്ഞുവീഴ്ചയും
text_fieldsറിയാദ്: സൗദി അറേബ്യയിൽ വ്യാപകമായി മഴ തുടരുന്നു. വടക്കൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ചയും. തലസ്ഥാനമായ റിയാദിലുൾപ്പടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മുതൽ റിയാദ് നഗരത്തിൽ പരക്കെ മഴ പെയ്തു. ഉച്ചക്ക് ശേഷമാണ് തോർന്നത്. വ്യാഴാഴ്ച രാത്രി ഹാഇൽ മേഖലയിൽ ശക്തമായ ആലിപ്പഴ വർഷമുണ്ടായി. ഹാഇൽ നഗരത്തിലെ തെക്കുഭാഗത്തെ ജനവാസ പ്രദേശങ്ങളിലുൾപ്പടെയാണ് മഴക്കൊപ്പം ആലിപ്പഴം വീണത്. നല്ല വലിപ്പമുള്ള ആലിപ്പഴങ്ങൾ വീണ് വാഹനങ്ങൾക്കൊക്കെ ചെറിയതോതിൽ കേടുപാടുകളുണ്ടായി.
മക്ക മേഖലയിലാകെയും മസ്ജിദുൽ ഹറാമിലും വ്യാഴാഴ്ച ശക്തമായ മഴ പെയ്തു. മക്കയിലും ഖസീം, ഹാഇൽ, തബൂക്ക്, വടക്കൻ അതിർത്തിയിലെ മറ്റ് മേഖലകൾ, മദീന, കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിലും ശീതകാറ്റും മഴയും ആലിപ്പഴ വർഷവും തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
എന്തായാലും മഴയും ആലിപ്പഴ വർഷവും മഞ്ഞുവീഴ്ചയും തദ്ദേശവാസികൾ ആഘോഷമാക്കുകയാണ്. മരുഭൂമി മഞ്ഞിൽ കുളിരുമ്പോൾ മഞ്ഞ് പൊതിഞ്ഞ പർവത മേഖലകളിൽ പോയി ആളുകൾ തീപൂട്ടിയും ചൂട് ചായയുണ്ടാക്കി ആസ്വദിച്ചും പാട്ടുപാടിയും നൃത്ത ചുവട് വെച്ചും ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. അതോടൊപ്പം ആലിപ്പഴ വർഷത്തിന്റെയും മഴ മൂലം മരുഭൂമിയിൽ രൂപപ്പെടുന്ന ജലാശയങ്ങളുടെയും ജീവൻ വെച്ച അരുവികളുടെയും പച്ചപ്പ് തെളിഞ്ഞ താഴ്വരകളുടെയും മനോഹരമായ കാഴ്ചകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
വടക്കൻ സൗദി മേഖലയിലെ തബൂക്കിനോട് ചേർന്നുള്ള അൽലൗസ് മലനിരകളിലാണ് മഞ്ഞുവീഴ്ച ശക്തമായിട്ടുള്ളത്. എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെയെല്ലാം മഞ്ഞിെൻറ വെൺമ പുതച്ച കാഴ്ചകളാണ്. ഇവിടുത്തെ അസുലഭമായ കാഴ്ചകൾ നേരിൽ കണ്ട് ആസ്വദിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകളുടെ ഒഴുക്കും ആരംഭിച്ചിട്ടുണ്ട്.
അതിനിടയിൽ കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് തെക്കൻ സൗദിയിലെ അബഹയിൽ നിന്ന് ത്വാഇഫിലേക്കുള്ള പാതയിലുള്ള അൽഹദ ചുരം കഴിഞ്ഞ ദിവസമായി താൽക്കാലികമായി അടച്ചിരുന്നു. തെക്കൻ സൗദിയിലെ അസീർ, അൽബാഹ പ്രവിശ്യകളിലും മഴ തുടരുന്നുണ്ട്. രാജ്യത്താകമാനം ശീതക്കാറ്റും വീശിതുടങ്ങിയിട്ടുണ്ട്. വരും ദിനങ്ങളിൽ രാജ്യം കൊടും തണുപ്പിലേക്ക് നീങ്ങുമെന്നതിെൻറ സൂചനയാണ് പ്രകടമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.