ജിദ്ദയിൽ കനത്ത മഴയും ഇടിയും; വ്യാഴാഴ്ച വൈകുന്നേരം വരെ തുടരും
text_fieldsജിദ്ദ: ജിദ്ദയിൽ കനത്ത ഇടിയും മഴയും. വ്യാഴാഴ്ച രാവിലെ മുതലാണ് ജിദ്ദയിൽ ശക്തമായ ഇടിയോട് കൂടി മഴ കോരിച്ചൊരിഞ്ഞത്. രാവിലെ മുതൽ ആകാശം മൂടിക്കെട്ടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തിരുന്നു. രണ്ട് മണിക്കൂറിലധികം നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി.
നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. വീടുകൾക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി. മുൻകരുതലായി റോഡിലെ അണ്ടർപാസ്വേകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ചില അണ്ടർപാസ്വേകൾ ട്രാഫിക്ക് വിഭാഗം അടച്ചു. ചില റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
മക്ക മേഖലയിൽ ജിദ്ദയടക്കമുള്ള പട്ടണങ്ങളിൽ വ്യാഴാഴ്ച മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പും സിവിൽ ഡിഫൻസും ബുധനാഴ്ച വൈകീട്ട് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേതുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുൻകരുതലുകൾ എടുത്തിരുന്നു. സിവിൽ ഡിഫൻസ്, പൊലീസ്, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകൾ ഏത് അടിയന്തിരഘട്ടവും നേരിടാനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ജിദ്ദ, റാബക്, ഖുലൈസ് എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്ക് മുൻകൂട്ടി അവധി പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് ജാഗ്രത പുലർത്താനും വേണ്ട മുൻകരുതലെടുക്കാനും ആവശ്യപ്പെട്ടു.
വിവിധ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് ഇന്ന് അവധി നൽകിയിരിക്കുകയാണ്. താഴ്വരകൾ മുറിച്ചു കടക്കരുതെന്നും സിവിൽ ഡിഫൻസ് നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വെള്ളം കയറാൻ സാധ്യതയുള്ള റോഡുകളിലും സിഗ്നലുകൾക്കടുത്തും സിവിൽ ഡിഫൻസ് സംഘത്തെ വ്യന്യസിച്ചു.
മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതോടെ മുനിസിപ്പാലിറ്റിയും ആളുകളോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥ വകുപ്പ്, സിവിൽ ഡിഫൻസ്, ദുരന്ത നിവാരണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുകൾ പാലിക്കണമെന്നും വൈദ്യുതി തൂണുകൾക്കടുത്ത് നിന്ന് വിട്ട് നിൽക്കണമെന്നും വെള്ളക്കെട്ടിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുതെന്നും വെള്ളക്കെട്ടുള്ള റോഡിന് പകരം ബദൽ റോഡുകൾ തെരഞ്ഞെടുക്കണമെന്നും ആളുകൾക്ക് നിർദേശം നൽകി. ജിദ്ദയിലെ കാലാവസ്ഥ വ്യതിയാനം വ്യാഴാഴ്ച വൈകുന്നേരം വരെ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.