സൗദിയിൽ ശനിയാഴ്ച വരെ മഴക്കും കാറ്റിനും സാധ്യത
text_fieldsയാംബു: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ശനിയാഴ്ച വരെ മിതമായതോ കനത്ത തോതിലോ മഴക്കും കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന ശക്തമായ പൊടിക്കാറ്റും ചിലയിടങ്ങളിൽ ഇടിമിന്നലോടു കൂടിയുള്ള നല്ല മഴയും പ്രതീക്ഷിക്കുന്നു. കാലാവസ്ഥ മാറ്റം ഉണ്ടാകുന്ന പ്രദേശങ്ങളിലെ താമസക്കാരോട് കൂടുതൽ ജാഗ്രത കൈക്കൊള്ളാൻ സിവിൽ ഡിഫൻസ് അധികൃതർ നിർദേശം നൽകി. മക്കയിൽ വ്യാഴാഴ്ച വരെ നല്ല കാറ്റും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ട്.
ഖസീം പ്രവിശ്യയിൽ ശനിയാഴ്ച വരെയും തബൂക്ക് മേഖല ബുധൻ, വ്യാഴം ദിവസങ്ങളിലും മിതമായ മഴക്ക് സാക്ഷ്യം വഹിച്ചേക്കും. അൽ ജൗഫ് മേഖലയിൽ ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയും രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയും മിതമായതോ ചിലയിടങ്ങളിൽ ശക്തിയായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. മദീനയുടെ വിവിധ ഭാഗങ്ങളിലും ഖൈബർ, അൽഉല, വാദി അൽ ഫറഅ, യാംബു, അൽഅയ്സ്, ബദ്ർ എന്നിവിടങ്ങളിലും വ്യാഴാഴ്‌ച വരെ മഴക്ക് സാധ്യതയുണ്ട്. റിയാദ് നഗരത്തിന്റെ ചില ഭാഗങ്ങളിൽ ശനിയാഴ്ച വരെ സാമാന്യം ശക്തമായ മഴയുണ്ടാവും.
അസീർ മേഖലയിൽ ബുധനാഴ്ച വരെയും അൽബാഹ മേഖലയിൽ വ്യാഴാഴ്‌ച വരെയും മിതമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രം കാലാവസ്ഥ റിപ്പോർട്ടിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.