സൗദിയിൽ മഴ ശക്തം, വെള്ളപ്പാച്ചിൽ, ഡാമുകൾ തുറന്നുവിട്ടു
text_fieldsറിയാദ്: ചെറിയ ഇടവേളക്കുശേഷം സൗദി അറേബ്യയിൽ വ്യാപക മഴ. ശക്തമായ മഞ്ഞുവീഴ്ചയും ശീതക്കാറ്റും. ദക്ഷിണ മേഖലയിൽ മഴവെള്ളപ്പാച്ചിൽ. നിരവധി ഡാമുകൾ തുറന്നുവിട്ടു. ഒഴുക്കിൽപെട്ട വാഹനങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്തി. ശനിയാഴ്ച തുടങ്ങിയ മഴക്കും വെള്ളപ്പാച്ചിലിനും തിങ്കളാഴ്ചയും ശമനം വന്നിട്ടില്ല. രാജ്യ തലസ്ഥാനമായ റിയാദിലും പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലും തെക്കൻ പ്രവിശ്യയായ അസീറിലും ശക്തമായ മഴയാണ്. തെക്കൻ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു. ഈ മേഖലയിലെ അൽബാഹ പ്രവിശ്യയിലാണ് ഏറ്റവും വലിയ കെടുതികളുണ്ടായത്. ഇവിടെ ബൽജുറഷിയിൽ ഒഴുക്കിൽപെട്ട ഒരു വാഹനത്തിൽനിന്ന് അഞ്ചുപേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.
വെള്ളപ്പാച്ചിലിലാണ് അഞ്ചുപേർ സഞ്ചരിച്ച വാഹനം മുങ്ങി ഒഴുകിയത്. ബൽജുറഷിയിലെ റെസ്ക്യു ടീം ഉടനെത്തി വാഹനത്തിനുള്ളിലെ അഞ്ചു പേരെയും സാഹസികമായി രക്ഷപ്പെടുത്തിയെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു. മേഖലയിൽ കനത്ത വെള്ളപ്പൊക്കത്തിൽ ഒരു വാഹനം ഒഴുകിപ്പോയതായും വൈദ്യുതിതൂണുകൾ നിലംപതിച്ചതായും റിപ്പോർട്ടുണ്ട്. കുത്തൊഴുക്കിൽ കാർ ഒഴുകിപ്പോകുന്ന വിഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ‘കാർ പോയി, അതിന്റെ ഉടമക്ക് ദൈവം നഷ്ടപരിഹാരം നൽകട്ടെ’ എന്ന് വിഡിയോ പകർത്തിയയാൾ പറയുന്നത് കേൾക്കാം. മുൻകരുതലെന്നോണം മഴയെത്തുടർന്ന് അൽ ബാഹ, ഹസ്ന, ഖൽവ, അൽ അബ്നാഅ് പ്രദേശങ്ങളിലെ റോഡിലെ ചുരങ്ങൾ അടച്ചിട്ടിരിക്കുകയാണ്. നിറഞ്ഞുകവിഞ്ഞതോടെ അൽ ബാഹ പ്രവിശ്യയിലെ 15 ഡാമുകൾ തുറന്നുവിട്ടു.
ജിസാൻ മേഖലയുടെ ചിലഭാഗങ്ങളിൽ കനത്ത മഴയാണ് ഉണ്ടായത്. തെക്കൻ പ്രവിശ്യയിലെ തന്നെ ടൂറിസം കേന്ദ്രമായ വാദി ലജബിൽ വെള്ളത്തിൽ മുങ്ങിയ ഒരു കുടുംബത്തെ രണ്ട് യുവാക്കൾ രക്ഷപ്പെടുത്തി. പിതാവും കുഞ്ഞും ഉൾപ്പെടെ 10 പേരടങ്ങുന്ന കുടുംബമാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്. പ്രദേശവാസികളായ ഹസൻ ജാബിർ അൽസലമി, അബ്ദുല്ല യഹ്യ അൽസലമി എന്നീ യുവാക്കളാണ് രക്ഷകരായത്. പ്രദേശവാസികളുടെ സഹായത്തോടെ യുവാക്കൾ കുടുംബത്തെ സുരക്ഷിതമായ സ്ഥലത്തെത്തിച്ചു. പിന്നീട് സിവിൽ ഡിഫൻസ് ടീം എത്തി ആളപായം കൂടാതെ കുടുംബത്തെ രക്ഷപ്പെടുത്തുകയും ഇവരുടെ വാഹനം കണ്ടെടുക്കുകയും ചെയ്തു.
സൗദിയിലെ മിക്ക പ്രദേശങ്ങളിലും മഴക്കുള്ള സാഹചര്യം തുടരുന്നുവെന്നും താഴ്വരകളിൽനിന്നും വൊള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽനിന്നും മാറിനിൽക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്നും സിവിൽ ഡിഫൻസ് ജനങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം തെക്കൻ മേഖലയായ അസീർ പ്രവിശ്യയിൽ ശനി, ഞായർ ദിവസങ്ങളിൽ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയുമുണ്ടായി. ചരിത്രത്തിലെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണ് ഞായറാഴ്ച ഉണ്ടായത്. തിങ്കളാഴ്ചയും അത് തുടരുകയാണ്. അൽ നമാസിലും അൽ ബാഹയിലുമാണ് മഞ്ഞുവീഴ്ചയുണ്ടായത്. രണ്ടരയടി ഉയരത്തിൽ റോഡുകളിൽ മഞ്ഞ് വീണ് കിടക്കുകയായിരുന്നു. പലയിടങ്ങളിലും മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മഴയോടൊപ്പം ഇടിമിന്നലും കേരളത്തിലെ മഴക്കാലത്തെ ഓർമിപ്പിക്കുന്നതായിരുന്നു.
കടുത്ത മൂടൽമഞ്ഞ് ദീർഘദൂര കാഴ്ച മറച്ചത് വാഹനയുടമകളെ ബുദ്ധിമുട്ടിലാക്കി. ഖമീസ് മുശൈത്ത്, അബഹ, ബല്ലസ് മാർ, തനൂമ, അൽ നമാസ്, സബ്ത്തൂൽ ആലായ് എന്നിവിടങ്ങളിലാണ് ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഉണ്ടായത്. മഴയും മഞ്ഞുവീഴ്ചയും ആസ്വദിക്കാനായി സ്വദേശികളും വിദേശികളും തെരുവുകളിലേക്ക് ഇറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.