ജുബൈലിൽ കനത്ത ഇടിയും മഴയും; പാതിരാത്രിയിൽ തുടങ്ങിയ മഴ പകൽ മുഴുവൻ തുടർന്നു
text_fieldsജുബൈൽ: കനത്ത മഴയോടെയാണ് പുതുവർഷത്തെ ജുബൈൽ നഗരം വരവേറ്റത്. പാതിരാത്രിയിൽ തുടങ്ങിയ മഴ പകൽ മുഴുവൻ തുടർന്നു. ഇടക്ക് ഇടിമിന്നലും അനുഭവപ്പെട്ടു. ചരക്കു ഗതാഗതവും തുറസ്സായ സ്ഥലത്തെ ജോലികളും പെട്രോകെമിക്കൽ നിർമാണ പ്രവൃത്തികളും ഭാഗികമായി നിർത്തിവെച്ചു. അതിനിടെ വടക്കൻ തബൂക്ക് മേഖലയിൽ മഞ്ഞുവീഴ്ചയുണ്ടാകാനും രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചവരെ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഇടിമിന്നലുണ്ടാകുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) അറിയിച്ചിരുന്നു.
റിപ്പോർട്ട് അനുസരിച്ച്, റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ, അൽബാഹ, അസീർ, ജീസാൻ, അൽഖസീം, തബൂക്ക്, അൽജൗഫ്, ഹാഇൽ എന്നീ പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. തബൂക്ക് മേഖലയിലെ ഉയർന്ന പ്രദേശങ്ങൾ, അൽ-ഖുറയ്യാത്തിലും തുറൈഫിലും മറ്റു ചില വടക്കൻ പ്രദേശങ്ങളിലും തണുപ്പ് മൈനസ് ഡിഗ്രി സെൽഷ്യസിന് താഴെയെത്താൻ സാധ്യതയുണ്ട്. ഇത്തരം കാലാവസ്ഥയിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് വക്താവ് ലഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ ഹമ്മാദി ആവശ്യപ്പെട്ടു. പേമാരി മൂലമുള്ള വെള്ളക്കെട്ടുകളിൽനിന്നും താഴ്വരകളിലെ വെള്ളപ്പൊക്കത്തിൽനിന്നും പൊതുജനങ്ങൾ അകന്നുനിൽക്കണമെന്നും സിവിൽ ഡിഫൻസ് വിവിധ മാധ്യമങ്ങളിലൂടെ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.