കനത്ത കാറ്റും ഇടിമിന്നിലും; പേമാരിയിൽ കുളിച്ച് ജിദ്ദ, മക്ക നഗരങ്ങൾ
text_fieldsജിദ്ദ: തിങ്കളാഴ്ച രാത്രി ജിദ്ദയിലും മക്കയിലും പെയ്ത അതിശക്തമായ മഴയിൽ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപംകൊണ്ടു. ജിദ്ദയിൽ സമീപകാലത്തൊന്നും അനുഭവപ്പെടാത്ത രീതിയിലുള്ള ശക്തമായ കാറ്റും ഇടിയുമായാണ് മഴയെത്തിയത്. നഗരത്തിന്റെ ഏതാണ്ടെല്ലാ പ്രദേശങ്ങളിലും മഴ ലഭിച്ചു.
മണിക്കൂറുകളോളം നീണ്ട മഴയിൽ വിവിധ റോഡുകളിൽ വെള്ളംകെട്ടി ഗതാഗതം സ്തംഭിച്ചു. ഫലസ്തീന് റോഡും പ്രിന്‍സ് മാജിദ് റോഡും തമ്മിൽ സന്ധിക്കുന്ന പ്രദേശത്തെ അടിപ്പാതയിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് അടച്ചിട്ടു.
മറ്റ് പല റോഡുകളിലും വെള്ളം കയറിയതിനെത്തുടർന്ന് വാഹനങ്ങൾ തിരിച്ചുവിട്ടു. രാത്രി എട്ടോടെ അപ്രതീക്ഷിതമായെത്തിയ മഴയിൽ നിരവധി പേർ റോഡുകളിൽ കുടുങ്ങി മണിക്കൂറുകൾ കഴിഞ്ഞാണ് താമസസ്ഥലങ്ങളിലെത്തിയത്. മഴ ആസ്വദിക്കാൻ നിരവധി സ്വദേശി കുടുംബങ്ങൾ റോഡുകളിലിറങ്ങിനിന്നു.
മക്കയിലും ശക്തമായ മഴയാണ് തിങ്കളാഴ്ച പെയ്തത്. മഴ വകവെക്കാതെ ഹറമില്‍ വിശ്വാസികൾ ഉംറ നിർവഹിക്കുന്നതും നമസ്കരിക്കുന്നതുമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മക്കയിലെ ചില പ്രദേശങ്ങളിൽ ഇടിയും ആലിപ്പഴവർഷവും ഉണ്ടായി. ചിലയിടങ്ങളിൽ മലവെള്ളപ്പാച്ചിലുമുണ്ടായി. ഖുന്‍ഫുദക്കടുത്തുള്ള ചില പ്രദേശങ്ങളില്‍ മഴ കാരണം വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു.
ജിദ്ദ, മക്ക, ബഹ്റ, അല്‍ കാമില്‍, ജുമൂം, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. റോഡുകളിലെ വെള്ളക്കെട്ടുകൾ കാരണം വിവിധ കമ്പനികളിൽ എത്തേണ്ട ജോലിക്കാർ താമസിച്ചാണ് ജോലിക്ക് ഹാജരായത്. സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.