മാനസികാസ്വാസ്ഥ്യം നേരിട്ട യുവാവിന് സുമനസ്സുകളുടെ തുണ
text_fieldsറിയാദ്: മാനസികാസ്വാസ്ഥ്യം നേരിട്ട യുവാവിന് സുമനസ്സുകളുടെ തുണ. കൊല്ലം കുണ്ടറ സ്വദേശി ഇല്യാസ് (42) ആണ് റിയാദ് ഹെൽപ് ഡെസ്ക് പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞത്. റിയാദിലെ ഉമ്മുൽ ഹമാമിൽ ഒരു റസ്റ്റാറന്റിലെ ജീവനക്കാരനായിരുന്നു ഇല്യാസ്. ഒരു മാസം മുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇല്യാസ് ജോലിസ്ഥലത്തുനിന്ന് ഇറങ്ങിപ്പോവുകയും ഉമ്മുൽ ഹമാമിലെ ഒരു കടത്തിണ്ണയിൽ ദിവസങ്ങളോളം കഴിയുകയുമായിരുന്നു. ശക്തമായ ചൂടും ഭക്ഷണമില്ലായ്മയും കാരണം ഇല്യാസ് ഏറെ ക്ഷീണിച്ചിരുന്നു. ഈ വിവരം ചില ബംഗ്ലാദേശ് സ്വദേശികൾ സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ശിഹാബ് കൊട്ടുകാട് വിഷയത്തിൽ ഇടപെടുകയും റിയാദ് ഹെൽപ് ഡെസ്ക് പ്രവർത്തകനായ നൗഷാദ് ആലുവയും കൂടി ചേർന്ന് ഇല്യാസിനെ ഏറ്റെടുക്കുകയുമായിരുന്നു. ആദ്യ ഒരാഴ്ച അനസും ശേഷം മൂന്നാഴ്ച മുജീബ് കായംകുളവും ഇല്യാസിന് താമസസൗകര്യം ഒരുക്കി. റിയാദ് ഹെൽപ് ഡെസ്കിന്റെ പ്രവർത്തകർകൂടി ചേർന്നതോടെ ഇല്യാസ് മെല്ലെ മെല്ലെ ജീവിതത്തിലേക്ക് കടന്നുവരുകയായിരുന്നു. ആവശ്യമായ ചികിത്സയും ഭക്ഷണവും താമസസൗകര്യങ്ങളും റിയാദ് ഹെൽപ് ഡെസ്ക് ചെയ്തുകൊടുത്തു.
ഇല്യാസിന്റെ ഇഖാമ കാലാവധി അവസാനിച്ചിരുന്നു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് ഫൈനൽ എക്സിറ്റ് നേടിയെടുത്തത്. എല്ലാ രേഖകളും ശരിയാക്കി റിയാദിൽനിന്ന് ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ഇല്യാസ് നാട്ടിലേക്ക് തിരിച്ചു. നടപടികൾ പൂർത്തീകരിക്കാൻ ഹെൽപ് ഡെസ്ക് പ്രവർത്തകരായ ഷൈജു നിലമ്പൂർ, ഷൈജു പച്ച, സലാം പെരുമ്പാവൂർ, ഡോമിനിക് സാവിയോ, ഷാൻ ബത്ഹ, നവാസ് കണ്ണൂർ, ഹാരിസ് ചോല, കബീർ പട്ടാമ്പി, ജവാദ് എന്നിവർ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.