'ഹെൽപ് ലൈൻ പ്രവാസി വെൽഫെയർ സ്കീം' മൂന്നാം ഘട്ടത്തിലേക്ക്
text_fieldsജിദ്ദ: പ്രവാസി സംരംഭകരുടെ കൂട്ടായ്മയിൽ ഐഡിയൽ അറേബ്യൻ ബിസിനസ് സർവിസസ് കമ്പനിക്ക് കീഴിൽ ജിദ്ദ ശറഫിയ്യയിലെ ഹെൽപ് ലൈൻ സർവിസസ് ഒരുക്കിയ 'പ്രവാസി വെൽഫെയർ സ്കീം' പദ്ധതിയുടെ രണ്ടാംഘട്ടം വിജയകരമായി പൂർത്തിയായതായി മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംരംഭകർ ദിനേന 103 റി യാൽ വീതം നിക്ഷേപിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരുന്നത്. ദിനേന 100 റിയാൽ വീതം സ്വന്തത്തിനും മൂന്ന് റിയാൽ വീതം സർവിസ് ഫീയായുമാണ് പദ്ധതിയിൽ നിക്ഷേപിച്ചിരുന്നത്. സർവിസ് ഫീസിൽ നിന്ന് ഒരു വിഹിതം തൊഴിൽ പ്രശ്നങ്ങളിലും മറ്റും കുടുങ്ങിപ്പോയ പ്രവാസികൾക്ക് ആശ്വാസം പകരുന്ന പദ്ധതികൾക്ക് വേണ്ടി നീക്കി വെച്ചിരുന്നു.
ഇപ്രകാരം ദിനേന 100 റിയാൽ വീതം അടച്ച 100 പേരിൽ നിന്നും ആഴ്‌ചയിൽ നറുക്കെടുപ്പിലൂടെ ഒരാൾക്ക് വീതം 30,000 റിയാൽ നൽകുന്ന രീതിയിൽ 300 ദിവസം നീണ്ടുനിന്നതായിരുന്നു രണ്ടാംഘട്ട പദ്ധതി. ദിനേന ഏഴ് റിയാൽ കൂടി അധികമായി അടച്ച പദ്ധതിയിലെ അംഗങ്ങളായവർക്ക് ഈജിപ്ത്, ജോർഡൻ തുടങ്ങിയ ചരിത്രഭൂമികളിലൂടെ പെരുന്നാൾ അവധി ദിനങ്ങളിൽ പഠനയാത്രയും സാധ്യമാക്കിയിരുന്നു. രണ്ടാംഘട്ട പദ്ധതിയുടെ കാലയളവിൽ തൊഴിൽ തർക്കങ്ങളിൽപെട്ട നിരവധി പേർക്ക് നിയമ സഹായവും തൊഴിൽ കോടതികളിൽ പരിഭാഷാ സൗകര്യവും ഓൺലൈൻ കേസുകളിൽ ആവശ്യമായ സാങ്കേതിക സഹായവും ലഭ്യമാക്കി.
സെപ്റ്റംബർ ഒന്നിന് വ്യാഴാഴ്ച്ച രാത്രി ഒമ്പതിന് ശറഫിയ്യയിലെ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ രണ്ടാംഘട്ട പദ്ധതി പ്രകാരം ക്ഷേമ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ നജീബ് വെഞ്ഞാറമൂട്, പെരുങ്ങോടൻ അബൂബക്കർ എടരിക്കോട്, മുരളീധരൻ വാണിയമ്പലം, ജുനൈദ് തിരൂർ തുടങ്ങിയവരെ ആദരിക്കും. രണ്ടാംഘട്ടത്തിലെ ബംബർ വിജയിക്കുള്ള മാരുതി ബ്രസ്സ കാറിന്റെയും രണ്ടാം സമ്മാനത്തിന് അർഹത നേടുന്ന ഒമ്പത് ഭാഗ്യശാലികൾക്കുള്ള ഹോണ്ട ആക്ടിവ ബൈക്കുകളുടെ നറുക്കെടുപ്പും താക്കോൽ കൈമാറ്റവും ചടങ്ങിൽ നടക്കും. ലൈവ് സംഗീത നിശയും ഉണ്ടായിരിക്കും.'പ്രവാസി വെൽഫെയർ സ്കീം' പദ്ധതിയുടെ മൂന്നാംഘട്ട ഉദ്ഘാടനവും ചടങ്ങിൽ നടക്കും. മൂന്നാംഘട്ട പദ്ധതിയിൽ അംഗങ്ങളാവുന്നവർക്ക് ബംബർ സമ്മാനമായി ഓരോ 50 പേരിൽ നിന്നും ഒരാൾക്ക് വീതം മാരുതി വാഗണർ കാർ സമ്മാനിക്കും. കൂടാതെ അംഗങ്ങളായ മുഴുവൻ പേർക്കും പദ്ധതി അവസാനിക്കുന്ന മുറക്ക് നാട്ടിലെ തങ്ങളുടെ വീടുകളിൽ വീട്ടുപകരണങ്ങൾ സമ്മാനമായി ലഭ്യമാക്കുമെന്നും സൗദിയിലെ ഹെൽപ് ലൈൻ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ ഐഡിയൽ അറേബ്യൻ ബിസിനസ് സർവിസസ് കമ്പനി മാനേജിങ് ഡയറക്ടർ ശറഫുദ്ദീൻ അബൂബക്കർ അറിയിച്ചു. ചീഫ് കോഓഡിനേറ്റർ മുജീബ് കാളമ്പാടി, ഹെൽപ് ലൈൻ ജിദ്ദ ഓഫിസ് മാനേജർ ഫവാസ് പാണ്ടിക്കാട് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.