അടുത്ത വർഷം മുതൽ ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് സഹായി നിർബന്ധം
text_fieldsജിദ്ദ: സുപ്രധാന തീരുമാനങ്ങളുമായി 2025 ലെ ഹജ്ജ് നയം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം പുറത്തിറക്കി. അടുത്ത വർഷം മുതൽ ഇന്ത്യയിൽ നിന്നു ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് 18 മുതൽ 60 വയസ് വരെ പ്രായമുള്ള ഒരു സഹായിയെ കൂടി ഒപ്പം കൊണ്ടുവരൽ നിർബന്ധമാണ്. നേരത്തെ ഈ നിബന്ധന 70 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു. 65 വയസിന് മുകളിലുള്ളവർക്ക് അപേക്ഷിച്ചാൽ ഉടനെ അവസരം ലഭിക്കും. പുതിയ ഹജ്ജ് നയത്തെക്കുറിച്ചു ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമാണ് വിശദീകരണം നൽകിയത്.
സേവനം മതിയാക്കി മടങ്ങുന്ന കോൺസുൽ ജനറലിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം നൽകിയ യാത്രയയപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹ്‌റമില്ലാതെ ഹജ്ജിനെത്തുന്ന 65 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് നിർബന്ധമായും മറ്റൊരു സഹായി കൂടെ ഉണ്ടായിരിക്കണം. ഇങ്ങിനെ കൂടെ വരുന്നവർ 45 നും 60 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ആയിരിക്കണം. ഇന്ത്യയിൽ നിന്നുള്ള 150 ഹാജിമാർക്ക് ഒരു വളണ്ടിയർ എന്ന തോതിൽ അടുത്ത വർഷം മുതൽ അനുവദിക്കും. 2023 ഹജ്ജിൽ 300 ഹാജിമാർക്ക് ഒരാളെന്ന തോതിലും കഴിഞ്ഞ വർഷത്തെ ഹജ്ജിൽ 200 പേർക്ക് ഒരാളെന്ന തോതിലുമായിരുന്നു വളണ്ടിയർമാരെ അനുവദിച്ചിരുന്നത്.
ഇന്ത്യയിൽ നിന്നുള്ള ആകെ ഹജ്ജ് ക്വാട്ടയിൽ അടുത്ത വർഷം മുതൽ 70 ശതമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിലുമായിരിക്കും അനുവദിക്കുക. നേരത്തെ ഇത് യഥാക്രമം 80, 20 ശതമാനം എന്ന തോതിലായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കികൊണ്ട് സർക്കാർ കഴിഞ്ഞ വർഷം പുറത്തിറക്കിയ 'ഹജ്ജ് സുവിത' ആപ്പ് അടുത്ത വർഷവും കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ഹാജിമാർക്കായി ഉപയോഗപ്പെടുത്തും. 210 ഇന്ത്യൻ ഹാജിമാരാണ് ഈ വർഷം ഹജ്ജിനെത്തിയവരിൽ മരണമടഞ്ഞത്. ഇത് സാധാരാണ എല്ലാ വർഷവും ഉണ്ടാവുന്ന കണക്ക് മാത്രമാണെന്നും ഈ വർഷം കൂടുതൽ ഇന്ത്യക്കാർ മരിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.