പ്രവാസി സംരംഭകരുടെ കൂട്ടായ്മയിൽ 'ഹെൽപ് ലൈൻ പ്രവാസി വെൽഫെയർ പദ്ധതി' രണ്ടാം ഘട്ടത്തിലേക്ക്
text_fieldsജിദ്ദ: ശറഫിയ്യയിലെ പ്രവാസി സംരംഭകരുടെ കൂട്ടായ്മയുടെ കീഴിൽ ഹെൽപ് ലൈൻ ഓൺലൈൻ സർവിസസ് ഒരുക്കിയ 'പ്രവാസി വെൽഫെയർ സ്കീം' പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായതായി പദ്ധതിയുടെ ചീഫ് കോഒാഡിനേറ്ററും ഹെൽപ് ലൈൻ ഓൺലൈൻ സർവിസസ് മാനേജറുമായ ശറഫുദ്ദീൻ അബൂബക്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടം സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കും.
ശറഫിയ്യയിലുള്ള സംരംഭകർ ദിവസേന 103 റിയാൽ വീതം നിക്ഷേപിക്കുന്ന രീതിയിലാണ് ആദ്യ പദ്ധതി ഒരുക്കിയിരുന്നത്. ദിവസേന 100 റിയാൽ വീതം പദ്ധതിവിഹിതവും മൂന്ന് റിയാൽ വീതം സർവിസ് ഫീസായുമാണ് സ്വരൂപിച്ചിരുന്നത്. സർവിസ് ഫീസിൽനിന്ന് ഒരുവിഹിതം തൊഴിൽപ്രശ്നങ്ങളിലും മറ്റും കുടുങ്ങിപ്പോയ പ്രവാസികൾക്ക് ആശ്വാസംപകരുന്ന പദ്ധതികൾക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നതായി ശറഫുദ്ദീൻ അബൂബക്കർ അറിയിച്ചു. ഇപ്രകാരം ദിനേന 100 റിയാൽ വീതം അടച്ച 50 പേരിൽനിന്ന് ആഴ്ചയിൽ നറുക്കെടുപ്പിലൂടെ ഒരാൾക്ക് 25,000 റിയാൽ വീതം നൽകുന്ന രീതിയിൽ 250 ദിവസങ്ങൾ നീണ്ടുനിന്നതായിരുന്നു ഒന്നാംഘട്ട പദ്ധതി.
ഒന്നാംഘട്ട പദ്ധതിയിൽ അംഗങ്ങളായവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ബംബർ സമ്മാനമായി മാരുതി വാഗൺ ആർ കാറും സമ്മാനിക്കുന്നുണ്ട്. ഈ കാലയളവിൽ നാട്ടിലേക്ക് മടക്കയാത്രക്ക് ടിക്കറ്റെടുക്കാൻ പ്രയാസപ്പെട്ട 10 പേർക്ക് വിമാന ടിക്കറ്റ് ലഭ്യമാക്കി.
തൊഴിൽ തർക്കങ്ങളിൽപെട്ട നിരവധിപേർക്ക് നിയമസഹായവും തൊഴിൽ കോടതികളിൽ പരിഭാഷാസൗകര്യവും ഓൺലൈൻ കേസുകളിൽ ആവശ്യമായ സാങ്കേതികസഹായവും ലഭ്യമാക്കി.
പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ഞായറാഴ്ച രാത്രി ഒമ്പതിന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജിദ്ദയിലെ ഗ്രീൻലാൻഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. ഒന്നാംഘട്ട പദ്ധതിയിൽ മികവ് പുലർത്തിയ മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം സ്വദേശി കുഴിക്കാട്ടിൽ അബ്ദുൽ ഹഖിനെ ചടങ്ങിൽ ആദരിക്കും.
ബംബർ സമ്മാനമായ മാരുതി വാഗൺ ആർ കാറിെൻറ നറുക്കെടുപ്പും താക്കോൽ കൈമാറ്റവും ചടങ്ങിൽ നടക്കും.
അംഗങ്ങൾ 110 റിയാൽ വീതം നിക്ഷേപിക്കുന്ന രീതിയിലാണ് രണ്ടാംഘട്ട പദ്ധതി ഒരുക്കിയിരിക്കുന്നത്. 300 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പദ്ധതിയിൽ ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ അംഗങ്ങളായവർക്ക് 30,000 റിയാൽ വീതം ലഭിക്കും. പുറമെ ബംബർ സമ്മാനമായി ഒരാൾക്ക് മാരുതി ബ്രസ്സ കാർ നൽകും.
പദ്ധതിയിൽ അംഗങ്ങളായ മുഴുവൻപേർക്കും ഖുർആൻ ചരിത്രഭൂമികളിലൂടെയുള്ള സഞ്ചാരത്തിൽ പങ്കുചേരാൻ സൗജന്യ അവസരമൊരുക്കുമെന്നും ശറഫുദ്ദീൻ അബൂബക്കർ പറഞ്ഞു. ഹെൽപ് ലൈൻ മാനേജിങ് ഡയറക്ടർ ഹസൻ നാസിർ ഹസൻ അൽ അബ്ദലി, ഓഫിസ് മാനേജർ ഫവാസ് പാണ്ടിക്കാട് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.