പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്ക് തുറന്നു കൊടുക്കുന്നു
text_fieldsയാംബു: സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള എല്ലാ സാംസ്‌കാരിക പൈതൃക സംരക്ഷണ കേന്ദ്രങ്ങളും പൊതു ജനങ്ങൾക്ക് തിങ്കളാഴ്ചമുതൽ തുറന്നുകൊടുക്കുമെന്ന് സൗദി ഹെറിറ്റേജ് കമീഷൻ പ്രഖ്യാപിച്ചു. സന്ദർശകരെ കാത്തിരിക്കുന്ന പ്രധാന പൈതൃക കേന്ദ്രങ്ങളും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ച സമയവും കമീഷൻ വ്യക്തമാക്കി.
വിവിധ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് അറബ് സംസ്‌കാരത്തിന്റെ നാൾവഴികൾ അറിയുവാനും ചരിത്രാവബോധം ലഭിക്കുവാനും സഹായിക്കുമെന്ന് കമീഷൻ വക്താവ് അഭിപ്രായപ്പെട്ടു. തബൂക്കിലെ ദുബയിലെ ചരിത്രപ്രസിദ്ധമായ കിങ് അബ്ദുൽ അസീസ് കോട്ട ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പതിനും വൈകീട്ട് അഞ്ചിനും ഇടയിലും വെള്ളിയാഴ്ച വൈകീട്ട് 3:30 മുതലും തുറക്കും. തബൂക്കിലെ മദാഇൻ ശുഐബ് (മഗാഇർ ശുഐബ്) ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ സന്ദർശകരെ സ്വീകരിക്കും. വെള്ളിയാഴ്ചകളിൽ സന്ദർശന സമയം മൂന്നു മുതൽ വൈകീട്ട് ആറുവരെയാണ്.
ഹാഇൽ മേഖലയിലെ ലോക പൈതൃക സൈറ്റിൽ പെട്ട ജബൽ ഉമ്മ് സിൻമാൻ, ഫൈദിന്റെ പുരാവസ്തു കോട്ട, ആരിഫ് കുന്നിലെ കോട്ട എന്നിവയിലെ സന്ദർശന സമയം ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയും വെള്ളി 3:30 മുതൽ. രാത്രി എട്ടു വരെയുമായിരിക്കും
അൽ ഖസീം മേഖലയിലുള്ള നിരവധി പൈതൃക കേന്ദ്രങ്ങളുടെ സന്ദർശന സമയവും കമീഷൻ വ്യക്തമാക്കി. അൽ ഷാന ടവർ ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് 6 വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ രാത്രിഒമ്പതുവരെയും, ബൈത്ത് അൽ ബസ്സാം, അൽ മസൂകിഫ് മാർക്കറ്റ് എന്നിവ ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം 5 വരെയും വെള്ളിയാഴ്ച വൈകീട്ട് 3:30 മുതൽ രാത്രി 8 വരെയുമായിരിക്കും.
അൽ ഖുറിയാത്തിലെ കാഫ് പാലസ്, സകാക്കയിലെ പുരാവസ്തു മേഖലയിലെ സന്ദർശക കേന്ദ്രം, സബൽ കോട്ട, റജാജീൽ സ്തൂപം ഉൾക്കൊള്ളുന്ന കേന്ദ്രം, ഉമർ ബിൻ ഖത്താബ് മസ്ജിദ് ഉൾക്കൊള്ളുന്ന ദൂമത് അൽ ജന്ദലിലെ പുരാവസ്തു സൈറ്റുകളും അൽ ജൗഫ് മേഖലയിലെ പൈതൃക സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. മാറേഡ് കോട്ടയും, ദുമത് അൽ ജൻദൽ മാർക്കറ്റും ഉൾക്കൊള്ളുന്ന ഇടങ്ങൾ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ ഒമ്പതു മുതൽ 12 വരെയും വൈകീട്ട് 4.30 മുതൽ ഏഴു വരെയും സന്ദർശകരെ സ്വീകരിക്കുന്നു.
ജീസാനിലെ അൽ ദോസരിയ പുരാതന കോട്ട, നജ്റാനിലെ അൽ ഉഖ്‌ദൂദ് പുരാവസ്തു സംരക്ഷണ പ്രദേശം, ചരിത്രപ്രസിദ്ധമായ എമിറേറ്റ് പാലസ്, നജ്‌റാനിലെ ഹമാ കൾച്ചറൽ ഡിസ്ട്രിക്റ്റ്, ഹൗസ് ഓഫ് അലീജിയൻസ്, അൽ അമീരി സ്‌കൂൾ എന്നിവയുൾപ്പെടെ അൽ അഹ്‌സയിലെ പൈതൃക സ്ഥലങ്ങളായി പട്ടികയിൽ ഉൾപ്പെടുന്നു.
ലോക പൈതൃക ഗ്രാമങ്ങളിലൊന്നായി അംഗീകരിച്ച അബഹയിലെ രിജാൽ അൽമ, ജറാഷിലെ പുരാവസ്തു കേന്ദ്രവും അസീറിലെ അൽ നമാസ് ഹെറിറ്റേജ് മന്ദിരവും ഏറെ ശ്രദ്ധേയമാണ്. ഇവിടെ ശനിയാഴ്ച രാവിലെ പത്തു മുതൽ വൈകീട്ട് ആറു വരെയും ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി ആറു വരെയും സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. പഴമയുടെ പെരുമ വിളിച്ചോതുന്ന അൽ ബാഹയിലെ ദീൻ ഐൻ വില്ലേജ് ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെയും വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മുതൽ ആറു വരെയും തുറന്നിരിക്കും.
ശനിയാഴ്ചകളിൽ രാവിലെ പത്തു മുതൽ വൈകുന്നേരം ആറു വരെയുമായിരിക്കും സന്ദർശം അനുവദിക്കുക. അതേസമയം, മദീനയിലെ ഹിജാസ് റെയിൽവേ കേന്ദ്രം ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ പത്തു മുതൽ വൈകീട്ട് ആറു വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് അഞ്ചു മുതൽ ഒമ്പതു വരെയായിരിക്കും സന്ദർശകരെ സ്വീകരിക്കുന്നത്. റിയാദ് മേഖലയിലെ അൽ ഘട്ടിലെ എമിറേറ്റ് പാലസിൽ ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെയും വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മണി മുതൽ രാത്രി എട്ടു മണി വരെയും സന്ദർശകരെ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഷഖ്‌റ ഹെറിറ്റേജ് വില്ലേജും ഉഷൈഗർ ഹെറിറ്റേജ് വില്ലേജും ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് നാലു മുതൽ രാത്രി പത്തു വരെയും തുറന്നിരിക്കും. വെള്ളി, ശനി ഉച്ചക്ക് ഒരു മണി മുതൽ രാത്രി പത്തു മണി വരെയായിരിക്കും സന്ദർശന സമയം. കവികളുടെ പൈതൃക ഗ്രാമത്തിൽ ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ 12 വരെയും വൈകീട്ട് നാലു മണിമുതൽ രാത്രി പത്തു വരെയും വെള്ളി, ശനി ദിവസങ്ങളിൽ നാലു മണി മുതൽ. പത്തു മണി വരെയുമായിരിക്കും പൊതുജനങ്ങൾക്കായി പ്രവേശിക്കാൻ കഴിയുകയെന്നും ഹെറിറ്റേജ് കമീഷൻ അതോറിറ്റി പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.