സൗദിയിലെ സാംസ്കാരിക കേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഹെറിറ്റേജ് കമീഷൻ അതോറിറ്റി ധാരണപത്രത്തിൽ ഒപ്പുെവച്ചു
text_fieldsയാംബു: രാജ്യത്തെ പൈതൃക സൈറ്റുകളിലെയും സംരക്ഷിത മേഖലകളിലെയും സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും ആവശ്യമായിടങ്ങളിലെ പുനരുദ്ധാരണത്തിനും പദ്ധതികൾ ആവിഷ്കരിക്കുന്നു. സൗദി ഹെറിറ്റേജ് കമീഷൻ അതോറിറ്റിയും രാജ്യത്തെ പുതിയ ടൂറിസം നിക്ഷേപ കമ്പനിയായ 'അസ്ഫാർ' ഉം തമ്മിൽ പുതിയ ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ഹെറിറ്റേജ് കമ്മീഷൻ സി.ഇ.ഒ. ജാസർ അൽ ഹർബാഷ്, 'അസ്ഫാർ' സി.ഇ.ഒ. ഫഹദ് ബിൻ മുഷെയ്ത്ത് എന്നിവരാണ് ടൂറിസം മേഖലയിൽ സൗദിയിൽ വമ്പിച്ച വിപ്ലവമുണ്ടാക്കാൻ വഴിവെക്കുന്ന കരാറിൽ കഴിഞ്ഞദിവസം ഒപ്പിട്ടത്. സൗദിയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള നിക്ഷേപ കമ്പനിയുമായി സഹകരിച്ച് രാജ്യത്തെ സാംസ്കാരിക പൈതൃക സൈറ്റുകളുടെ വികസനം പൂർത്തിയാകുന്നതോടെ സൈറ്റുകൾ സന്ദർശിക്കുന്നവരുടെ അനുഭവം വേറിട്ടതാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സൗദി ടൂറിസം മേഖലയിൽ സുസ്ഥിരവും നൂതനവുമായ പരിഷ്കാരങ്ങൾ വരുത്തുകവഴി ആഗോളതലത്തിൽ തന്നെ സൗദി ഈ മേഖലയിൽ വൻ കുതിപ്പാണ് പ്രതീക്ഷിക്കുന്നതെന്ന് ഹെറിറ്റേജ് അതോറിറ്റി വക്താവ് ചൂണ്ടിക്കാട്ടി.
സൗദി അറേബ്യയിലുടനീളമുള്ള പൈതൃക സൈറ്റുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുക, ഇതര സർക്കാർ സന്നദ്ധ വകുപ്പുകളുമായുള്ള സഹകരണം വർധിപ്പിക്കുക, ആകർഷണീയ പദ്ധതികൾ വികസിപ്പിക്കുക, ടൂറിസം മേഖലയിലെ ഡിസൈനുകൾ പരിഷ്കരിക്കുക, ടൂറിസം മേഖലയിലെ സന്ദർശകർക്ക് ഉപകരിക്കുന്ന പുതിയ പ്രവർത്തന പദ്ധതികൾ സ്ഥാപിക്കുക എന്നിവയാണ് കരാർ വഴി ലക്ഷ്യമിടുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുമായി യോജിച്ച് ദേശീയ പൈതൃക, പുരാവസ്തു മേഖല വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയിൽ പരസ്പരമുള്ള പങ്കാളിത്ത ത്തിന്റെ പ്രാധാന്യം ഹെറിറ്റേജ് കമീഷൻ ഊന്നിപ്പറഞ്ഞു. ആഗോള ടൂറിസം മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന ബഹുമുഖ പദ്ധതികൾ 'അസ്ഫാർ' നടപ്പിലാക്കാൻ ശ്രമിക്കുമെന്നും അതിനായി വൻ നിക്ഷേപകരുമായും ബിസിനസ് പങ്കാളികളുമായും ബന്ധപ്പെടുമെന്നും സി.ഇ.ഒ. ഫഹദ് ബിൻ മുഷെയ്ത്ത് വ്യക്തമാക്കി. ടൂറിസം ലാൻഡ്സ്കേപ്പ് കൂടുതൽ സമ്പന്നമാക്കുന്നതിന് സൗദി നഗരങ്ങളിൽ പുതിയ പദ്ധതികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങൾ എന്നിവയിലെ നിക്ഷേപങ്ങളിലൂടെ രാജ്യത്തിന്റെ ടൂറിസം മേഖലയെ രൂപപ്പെടുത്തുന്നതിൽ 'അസ്ഫാർ' നിർണായക പങ്കു വഹിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പൊതു സ്വകാര്യ മേഖലകളുമായി സഹകരിച്ച് ടൂറിസം ഭൂപടത്തിൽ സൗദി നഗരങ്ങളുടെ പ്രാധാന്യം ഉയർത്താനുതകുന്ന വിവിധ പദ്ധതികൾ ആസൂത്രണത്തോടെ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.