ദറഇയ പൈതൃകോത്സവത്തിന് കൊടിയേറി; ചരിത്രനഗരത്തിൽ ഇനി ആഘോഷ രാവുകൾ
text_fieldsറിയാദ്: രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക പൈതൃകോത്സവത്തിന് ദറഇയ ചരിത്രനഗരത്തിൽ കൊടിയേറി. ഫെബ്രുവരി അവസാന വാരം വരെ നീളുന്ന ദറഇയ സീസൺ അവസാനിക്കുമ്പോൾ 30 ലക്ഷത്തിലേറെ സന്ദർശകരെയാണ് സീസൺ പ്രതീക്ഷിക്കുന്നതെന്ന് സംഘാടകരായ ദറഇയ കമ്പനി അറിയിച്ചു. സൗദി അറേബ്യ പിറവികൊണ്ട ദറഇയ ദേശത്തിന്റെ പൈതൃകവും രാജ്യത്തിന്റെ ചരിത്രവും സാംസ്കാരിക, ആതിഥേയ രീതികളും പരിചയപ്പെടുത്തുന്ന നിരവധി കലാസാംസ്കാരിക വേദികളുണ്ടാകും ഉത്സവനഗരിയിൽ.
പൂർവകാലം ആനുകാലികത്തോട് സമന്വയിപ്പിച്ചുള്ള പരിപാടികളായിരിക്കും ഏറെയും സീസണിലുണ്ടാകുക. 600 വർഷത്തെ ചരിത്രം പറയുന്ന നഗരിയിൽ സന്ദർശകർക്ക് പുരാതന അറേബ്യയിൽ ജീവിക്കുന്ന അനുഭവമുണ്ടാകും. രാജ്യത്തിന് അകത്തും പുറത്തുമുള്ള കലാകാരന്മാരും കായികതാരങ്ങളും പ്രതിഭകളും പങ്കെടുക്കുന്ന പരിപാടി ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികൾ സൗദിയിലെത്തും. ദറഇയ മേഖലയിലെ പാർക്കുകൾ, താഴ് വാരങ്ങൾ, ബുജൈരി ടെറസ്, യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായ അൽ തുറൈഫ് എന്നീ മേഖലകൾ ഉൾപ്പെടെ ദറഇയയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സീസണിന്റെ വേദികളുണ്ടാകും.
വിവിധ വിഷയങ്ങൾ ഇതിവൃത്തമാക്കിയുള്ള ആർട്ട് പ്രദർശനം സീസണിന്റെ ഭാഗമായി നടക്കും. പാചക പരിപാടികൾ, ലൈവ് മ്യൂസിക്കൽ ഇവൻറ്, തിയറ്റർ പ്രകടനങ്ങൾ തുടങ്ങിയ വ്യത്യസ്ത വിനോദ പരിപാടികൾക്കും സീസൺ വേദിയാകും. ‘നിങ്ങളുടെ സാംസ്കാരിക ജിജ്ഞാസയെ രസിപ്പിക്കുക’ എന്ന പ്രമേയത്തിന് കീഴിൽ 200 വർഷം മുമ്പ് രണ്ടാം സൗദി രാഷ്ട്രം സ്ഥാപിച്ച ഇമാം തുർക്കി ബിൻ അബ്ദുല്ലയുടെ പൈതൃകത്തെ ആദരിച്ചുകൊണ്ട് ദറഇയ സീസൺ ’24-25 എൻഡ്യൂറിങ് റെസിലിയൻസ് എക്സിബിഷനും ദറഇയയിൽ വാതിൽ തുറന്നിട്ടുണ്ട്.
ഫെബ്രുവരി ഒന്ന് മുതൽ 21 വരെ ലയാലി ദറഇയ (ദറഇയ രാത്രികൾ) എന്ന ശീർഷകത്തിൽ പുലർച്ചെ രണ്ടു വരെ രാവിനെ ഉണർത്തുന്ന അനുഭവങ്ങളോടെ ആഘോഷ പരിപാടികളുണ്ടാകും. ഭൂതകാലത്തെ പ്രതിധ്വനിപ്പിക്കും വിധം വിസ്മയിപ്പിക്കുന്ന ആർട്ട് ഇൻസ്റ്റലേഷനുകളിൽ പരമ്പരാഗത സംഗീത പ്രകടനങ്ങളും മറ്റ് കലാ പരിപാടികളും അടങ്ങുന്ന ‘മിൻസാൽ’ എന്ന ശീർഷകത്തിലും വേദിയുണ്ടാകും. അതിഥികൾക്ക് 850 ഓളം സംവേദനാത്മക അനുഭവവുമായി ഇടപഴകാൻ സീസൺ അവസരമൊരുക്കും. പ്രധാനപ്പെട്ട ചരിത്ര വ്യക്തികളുടെ വിവരണങ്ങൾ അടങ്ങിയ ദറഇയ കഥാപ്രസംഗോത്സവം സാഹിത്യത്തെ ആഘോഷിക്കുകയും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു. കൂടാതെ, ദറഇയ പ്രദേശത്തെ ചരിത്രപ്രസിദ്ധമായ അൽ തുറൈഫിലും ബുജൈരി ടെറസിലും സന്ദർശകർ സാംസ്കാരികവും കലാപരവുമായ ആവിഷ്കാരം നിറഞ്ഞ അനുഭവങ്ങൾ സൃഷ്ടിക്കും.
ആധുനിക സംവിധാനങ്ങളോടെ സമ്പുഷ്ടമായ പൈതൃക പശ്ചാത്തലവുമായി പ്രകടന കലകളെ സമന്വയിപ്പിച്ചുള്ള ‘സൂഖ്’ പദ്ധതിയും സീസണിന്റെ ഭാഗമായുണ്ടാകും. രാജ്യത്തെ ഏറ്റവും വലിയ വിനോദോത്സവമായ റിയാദ് സീസൺ പല വേദികളിലായി പുരോഗമിക്കുന്നുണ്ട്.
തലസ്ഥാന നഗരി അക്ഷരാർഥത്തിൽ ആഘോഷത്തിമിർപ്പിലാണ്. ശൈത്യകാലം അറേബ്യയിൽ ഉത്സവകാലം കൂടിയാണ്. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും സാംസ്കാരിക മന്ത്രാലയവും എന്റർടെയിൻമെന്റ് അതോറിറ്റിയും സംഘാടകരായി വ്യത്യസ്ത പരിപാടികൾ അരങ്ങേറുന്നുണ്ട്. ഫെബ്രുവരി അവസാന വാരം വരെ പരിപാടികൾ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.