കേരളത്തിന്റെ വീരപുത്രൻ
text_fieldsകേരളത്തിന്റെ വീരപുത്രൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് വിടപറഞ്ഞത് 1945 നവംബർ 23നാണ്. അന്ന് അദ്ദേഹത്തിന് 47വയസ്സായിരുന്നു. ഈ നവംബർ 23 സാഹിബിന്റെ 79ാം ചരമദിനമാണ്.
ഒരിക്കൽ കൊടുങ്ങല്ലൂരിൽ സാഹിബിന്റെ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞത് ഇന്നും ജ്വലിക്കുന്ന ഓർമകളോടെ ജനഹൃദയങ്ങളിലുള്ള നേതാക്കൾ സാഹിബിനെ പോലെ കേരളത്തിൽ വേറെ ഉണ്ടോ എന്ന് സംശയമാണ് എന്നാണ്.
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലെ തിളക്കമുള്ള നക്ഷത്രമായിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. നിർഭയനായ പോരാളി, മതേതരത്വത്തിനായി നിലകൊണ്ട മതവിശ്വാസി, ആദർശത്തിന്റെ പടവാളായ ‘അൽ അമീൻ’ എന്ന പത്രത്തിന്റെ പത്രാധിപർ, വാഗ്മി, നീണ്ടകാലത്തെ ജയിൽവാസവും പൊലീസ് മർദനവും അതിജീവിച്ച പ്രക്ഷോഭകാരി, അപകടകരമാം വിധം സത്യസന്ധൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
ഇങ്ങനെയും ചിലർ ഈ നാട്ടിൽ ജനങ്ങൾക്കിടയിൽ ജീവിച്ചിരുന്നു എന്നുള്ളത് പുതിയ തലമുറ അറിഞ്ഞിരിക്കേണ്ടതാണ്. മലയാളത്തിെൻറ പ്രിയ എം.ടി. വാസുദേവൻ നായർ അബ്ദുറഹ്മാൻ സാഹിബിനെ കുറിച്ചെഴുതിയത് ഇങ്ങനെയായിരുന്നു: ഞങ്ങൾ എഴുത്തുകാർക്ക് വേറെയും സ്വകാര്യ ആരാധനയുണ്ട് സാഹിബിനോട്.
സാഹിബിന്റെ തണൽ അന്വേഷിച്ചാണ് തലയോലപ്പറമ്പിൽ നിന്ന് ബഷീർ എന്ന ബാലൻ കോഴിക്കോട്ടെത്തിയത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധനാപാത്രം കെ.എ. കൊടുങ്ങല്ലൂരിന്റെ വളർത്തച്ഛനാണ് അബ്ദുറഹ്മാൻ സാഹിബ്. എൻ.പി. മുഹമ്മദിന്റെ ആത്മീയഗുരുവുമാണ് അദ്ദേഹം. മലയാളസാഹിത്യം അങ്ങനെ മുഹമ്മദ് അബ്ദുറഹ്മാനോട് പല നിലക്ക് കടപ്പെട്ടിരിക്കുന്നു.
കൊടുങ്ങല്ലൂരിലെ സമ്പന്നകുടുംബത്തിൽ ജനിച്ച മുഹമ്മദ് അബ്ദുറഹ്മാൻ മരിക്കുമ്പോൾ ഒരു വാച്ചും ഒരു പേനയും കണ്ണടയും കുറച്ച് വസ്ത്രങ്ങളും അത് സൂക്ഷിക്കാനുള്ള തുകൽപെട്ടിയും അല്ലാതെ മറ്റൊരു സ്വത്തും അദ്ദേഹത്തിന്റേതായി ഭൂമിയിൽ ഇല്ലായിരുന്നു. മഹാകവി പി. കുഞ്ഞിരാമൻ നായർ അബ്ദുറഹ്മാൻ സാഹിബിന്റെ മരണത്തിന് തൊട്ടടുത്തദിവസം എഴുതി:
‘കേരളം ഭരിച്ചൊരു
പെരുമാൾ പല്ലക്കായ്
വീരയോദ്ധാവിൻ
ശവം വഹിച്ച ശവപ്പെട്ടി’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.