റിയാദ്-ദമ്മാം റൂട്ടിൽ അതിവേഗ ട്രെയിൻ സാധ്യതപഠനം
text_fieldsറിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിക്കും കിഴക്കൻ പ്രവിശ്യക്കുമിടയിൽ അതിവേഗ റെയിൽവേ ലൈനിനുള്ള സാധ്യതപഠനം നടക്കുന്നതായി ഗതാഗത മന്ത്രാലയം. ഹറമൈൻ റെയിൽവേക്ക് സമാനമായ രീതിയിലുള്ള ട്രെയിൻ സർവിസാണ് പരിഗണിക്കുന്നതെന്നും ഒന്നേകാൽ മണിക്കൂർകൊണ്ട് റിയാദിൽനിന്ന് ദമ്മാമിലെത്തുന്ന വിധമുള്ള സമയക്രമമാണ് ഉദ്ദേശിക്കുന്നതെന്നും ഗതാഗത ഉപമന്ത്രി റുമൈഹ് അൽ-റുമൈഹ് വെളിപ്പെടുത്തി.
സുരക്ഷിത സ്വഭാവത്തിലുള്ള പൊതുഗതാഗതത്തിന്റെ വേഗത വർധിപ്പിക്കുന്നതിനും അതുവഴിയുള്ള സമയലാഭത്തിനും പ്രാധാന്യം നൽകുന്നതായി അദ്ദേഹം പറഞ്ഞു. നിലവിൽ റിയാദിൽനിന്ന് ദമ്മാമിലെത്താൻ നാല് മണിക്കൂർ സമയം വേണം. റോഡ് മാർഗം നാലര മണിക്കൂർ എടുത്തിരുന്ന മക്ക-മദീന യാത്രയുടെ സമയദൈർഘ്യം ഹറമൈൻ സർവിസ് യാഥാർഥ്യമായതോടെ ഒന്നര മണിക്കൂറായി കുറഞ്ഞിരുന്നു.
റെയിൽവേ ഉദ്യോഗങ്ങൾ പുരുഷന്മാരിൽ മാത്രം പരിമിതപ്പെടുത്താതെ വനിതകൾക്ക് മതിയായ പ്രാതിനിധ്യം നൽകുമെന്നും അൽ-റുമൈഹ് വെളിപ്പെടുത്തി. അടുത്ത ജനുവരിയിൽ അതിവേഗ ട്രെയിൻ ഓടിക്കുന്നതിൽ വനിതകൾക്ക് പ്രത്യേക പരിശീലനം ആരംഭിക്കും. സ്ത്രീ ശാക്തീകരണം ത്വരിതപ്പെടുത്തുന്നതിൽ മുൻനിരയിലേക്ക് നീങ്ങുകയാണ് രാജ്യം. ഗതാഗത മേഖലയിലും വനിതകൾക്ക് വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കുന്ന സമീപനമാണ് മന്ത്രാലയത്തിന്റേതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.