ഉയർന്ന താപനിലയെ കുറിച്ച് മുന്നറിയിപ്പ്
text_fieldsമക്ക: പുണ്യസ്ഥലങ്ങളിലെ ഉയർന്ന താപനിലയുള്ള പ്രതലങ്ങളിൽ കഴിയുന്നതിലെ അപകടങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം തീർഥാടകർക്ക് മുന്നറിയിപ്പ് നൽകി. മശാഇറിലെ ചില പർവതപ്രദേശങ്ങളിൽ ഉപരിതല താപനില 72 ഡിഗ്രി സെൽഷ്യസിലെത്തിയേക്കുമെന്നും സൂചിപ്പിച്ചു. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കും. ഈ വർഷത്തെ ഹജ്ജ് സീസണിൽ താപനില ഉയർന്നനിലയിലാണ്. ഇത് തീർഥാടകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ കുടകൾ ഉപയോഗിക്കണമെന്നും ദാഹം തോന്നിയില്ലെങ്കിലും ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
കൂടാതെ എല്ലാ ആരോഗ്യ നിർദേശങ്ങളും ഉപദേശങ്ങളും പാലിക്കുക, രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ താപനില കൂടിയ സമയങ്ങളിൽ പുറത്തിറങ്ങുകയോ സൂര്യപ്രകാശം ഏൽക്കുകയോ പ്രതലങ്ങളിൽ തൊടുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. സൺഗ്ലാസ് ഉപയോഗിക്കുക, ശാരീരിക സമ്മർദം ഒഴിവാക്കുക, ഓരോ ചടങ്ങുകൾക്ക് ശേഷവും വിശ്രമിക്കുക, അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക, ഭാരമുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക എന്നിവയാണ് മന്ത്രാലയ നിർദേശങ്ങൾ.
അതേ സമയം, സൂര്യാഘാതത്തെ നേരിടുന്നതിനുള്ള ചില കാര്യങ്ങൾ കിങ് സഊദ് യൂനിവേഴ്സിറ്റിയിലെ മെഡിക്കൽ സിറ്റി പ്രസിദ്ധീകരിച്ചു. ഹജ്ജ് വേളയിൽ ചില തീർഥാടകർക്ക് സൂര്യാഘാതമുണ്ടായേക്കാം. ആ സമയത്ത് ഏറ്റവും പ്രധാനപ്പെട്ടത് അടിയന്തര സേവനങ്ങൾ അഭ്യർഥിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുകയും ചെയ്യലാണ്. പരിക്കേറ്റ വ്യക്തിയെ തണുത്ത സ്ഥലത്തേക്ക് മാറ്റുക, പുറം വസ്ത്രങ്ങൾ നീക്കം ചെയ്യുക, വെള്ളം ഉപയോഗിച്ച് ശരീരം പ്രത്യേകിച്ച് തലയും കഴുത്തും തണുപ്പിക്കുകയും വേണമെന്നും നിർദേശങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.